തെങ്ങോലത്തലപ്പുകള്‍ക്കപ്പുറത്തുനിന്ന്, ഭഗവതിക്കണ്ടത്തിന് മുകളിലൂടെ
സൂര്യന്‍ പടിഞ്ഞാറേയ്ക്ക് നടത്തം തുടങ്ങിയപ്പോഴാണ് ഞാന്‍ വീട്ടില്‍
നിന്നിറങ്ങിയത്, ഉറക്കച്ചടവുള്ള തണുത്ത വെയില്‍ വിടര്‍ന്ന് ചിരിയ്ക്കാന്‍
ശ്രമിച്ച് പരാജയപ്പെടുന്നതുപോലെ... ഗായത്രീ മന്ത്രങ്ങള്‍ തണുപ്പുള്ള വെയിലിലും ഉരുകിത്തുടങ്ങിരുന്നു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് മുന്‍പില്‍
പിന്നെയും പിന്നെയും തൊഴുത്, ഇനി നാളെ വരാമെന്ന് മനസ്സുകൊണ്ടുറച്ച്,
പ്രാരാബ്ദങ്ങളോട് പിണങ്ങി... വരമ്പിലമര്‍ത്തിച്ചവിട്ടി, ഒട്ടും താളമില്ലാതെ
നടന്നുവരുന്ന കുട്ട്യേടത്തി നീട്ടിയ
ഇലക്കീറിലെ ചന്ദനത്തിന്റെ തണുപ്പിനെ നെറ്റിയിലേയ്ക്ക് പകര്‍ത്തുമ്പോള്‍,
അവരുടെ ചിരിയില്‍ വാത്സല്യം നുരഞ്ഞിരുന്നു.
"വേഗം നടന്നോളൂ, വണ്ടിയ്ക്ക് നേരായീലോ... വൈക്വോ കുട്ട്യേ നീയ്..??" എനിക്കുവേണ്ടിയും ആദിയെടുക്കുന്ന അവരോട് ചിരിച്ചു.
"ശരി, പിന്നെക്കാണാട്ടോ കുട്ട്യേടത്ത്യേ"യെന്ന് തിടുക്കപ്പെട്ട്, ഞാന്‍
ചിന്തകളുടെ അരികുപറ്റി വേഗം നടന്നു. ചില സ്നേഹത്തിന്റെ മധുരങ്ങള്‍
അങ്ങനെയാണ്, മറവികളില്‍ വെറുതെ നരച്ചുപോകാന്‍ വിധിക്കപ്പെട്ടവയെന്നപോലെ...
നാളെ ഓര്‍ക്കെണ്ടാത്തതെന്നപോലെ...