Friday, 8 March 2013

വിരലുകളിലുടെ ഞാനറിഞ്ഞ ആ സ്വാദ് !!

ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ എന്തൊക്കെയോ കുറവുകള്‍... പോരായ്മകള്‍...

പ്ലേറ്റില്‍ വിരലുകള്‍ കോറി, അങ്ങനെ ഇരിക്കുമ്പോള്‍ ചിന്തകള്‍ ചിറകടിച്ചുപറന്നത് ബാല്യത്തിലേക്ക്... ഞാന്‍ എന്‍റെ ഇന്നലെകളിലേക്ക് നടന്നുകയറി, കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ രുചിഭേദങ്ങള്‍ നാവിലേക്ക് ഓടിക്കയറി. അമ്മയുടെ സാമ്പാര്‍, തോരന്‍, മെഴുക്കുവരട്ടി, എല്ലാം വ്യത്യസ്തമായിരുന്നു. അമ്മയുടെതായ ഒരു രുചിയായിരുന്നു എല്ലാത്തിനും. അമ്മയുടെ പാചകം എനിക്കെന്നും മികച്ചതായിരുന്നു.

ആ ഭക്ഷണത്തിന്‍റെ രുചി ആവോളം ആസ്വദിച്ച ആ നാളുകള്‍...!!

എന്‍റെ സ്കൂളിലെ ആദ്യവര്‍ഷങ്ങള്‍... എന്നും എനിക്കുള്ള ഉച്ചഭക്ഷണവുമായി അമ്മയെത്തും.

മണിയടിക്കുന്നതുവരെ അമ്മ ഗേറ്റിനടുത്തുള്ള മരത്തണലില്‍ എനിക്കുള്ള ഭക്ഷണവുമായി കാത്തുനില്‍ക്കും. ഒരു ദിവസംപോലും അമ്മ വൈകിയതായി എന്‍റെ ഓര്‍മ്മയില്‍ ഇല്ല. മഴയാണെങ്കിലും, വെയിലാണെങ്കിലും... അമ്മക്ക് വയ്യാതിരുന്നപ്പോള്‍പോലും ഈ പതിവില്‍ യാതൊരു മാറ്റവും ഇല്ലായിരുന്നു.

വിശപ്പ്‌ തോന്നിത്തുടങ്ങിയാല്‍ ഞാന്‍ ഇടയ്ക്കിടെ വാതില്‍ക്കല്‍ വന്ന് അമ്മ വന്നോയെന്നു ഗേറ്റിനടുത്തേക്ക് നോക്കും, അമ്മയെ അവിടെ കാണുന്നതുവരെ... അമ്മയ്ക്കും അറിയാമത്.

ഞാന്‍ അമ്മയെ കാണുമ്പോള്‍ ചിരിക്കും, തിരിച്ച് അമ്മയും. അമ്മയുടെ ഭംഗിയുള്ള ദൈര്‍ഘ്യമേറിയ ആ ചിരിനോക്കി ഞാന്‍ ഏതാനും നിമിഷം നില്‍ക്കും, പിന്നെ എന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങും. അപ്പോള്‍ ഞങ്ങളുടെ ഉണ്ണിമായ ടീച്ചര്‍ എന്നോട് ചോദിക്കും,

'അമ്മ വന്നോ...?'

ഞാന്‍ ചിരിയോടെ തലയാട്ടും. ടീച്ചറും ചിരിക്കും... തുടര്‍ന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള നീളമുള്ള മണിനാദം കേള്‍ക്കാനുള്ള കാത്തിരിപ്പ്.....

'...ര്‍ണീം ...ര്‍ണീം ...ര്‍ണീം' മണിയടിക്കുമ്പോള്‍ അമ്മ ക്ലാസ്റൂമിലേക്ക്‌ വരും, പിന്നെ...

അമ്മയെന്നെ അടുത്തിരുത്തി, ചോറും കറിയും ഉപ്പേരിയും ചേര്‍ത്ത് കൊച്ച് കൊച്ച് ഉരുളകളായി എനിക്ക് വായില്‍വച്ച് തരുമായിരുന്നു. വായില്‍ നിറയെ ചോറുമായി ഞാന്‍ അമ്മയെ നോക്കും. മുഖത്തേക്ക് പാറിയ മുടിയിഴകള്‍ ഇടതുകയ്യാല്‍ മാടിയൊതുക്കി, എന്നെ നോക്കി അമ്മ ഒന്നു ചിരിക്കും.. പിന്നെ പറയും 'വേഗം കഴിക്കടാ...' കഥ പറഞ്ഞ്, സ്നേഹത്തോടെ ചിരിച്ച്...

പക്ഷെ, ഒരിക്കല്‍.....

പതിവുപോലെ ക്ലാസ്സിലിരുന്നു ഞാന്‍ മരത്തണലില്‍ നില്‍ക്കുന്ന അമ്മയെ കണ്ടു, നോക്കി ചിരിച്ചു. അന്ന് അമ്മയുടെ ചിരിക്കെന്തോ എന്നുമുള്ള ഭംഗി ഉണ്ടായിരുന്നില്ല, എങ്കിലും അമ്മ ചിരിക്കുന്നതും നോക്കി ഞാന്‍ നിന്നു.

ഞാന്‍ നോക്കി നില്‍ക്കെ അമ്മ കുഴഞ്ഞുവീണു.

ക്ലാസ്സില്‍ നിന്നും 'അമ്മേ...' എന്നുറക്കെ വിളിച്ച് ഞാന്‍ അമ്മയുടെ അടുത്തേക്കോടി, ഇറങ്ങിയോടിയ എന്‍റെ പുറകെ ടീച്ചറും. ഞാന്‍ അമ്മയുടെ അടുത്തെത്തുമ്പോഴേക്കും ആരൊക്കെയോ താങ്ങി എഴുന്നേല്‍പ്പിച്ചിരുന്നു അമ്മയെ...

പിന്നെ സ്റ്റാഫ് റൂമിലേക്ക്, എന്‍റെ ടീച്ചര്‍ എന്നെയും സ്റ്റാഫ് റൂമിലേക്ക്‌ കൂട്ടി.

അമ്മക്കടുത്ത് ഞാനിരുന്നു. ആ അവശതയിലും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു.

ചോറ്റുപാത്രം തുറക്കുമ്പോള്‍ ആ മണം ആവോളം നുകര്‍ന്നു ഞാന്‍. അമ്മ പതിവുപോലെ ചെറിയ ഉരുളകള്‍ വായില്‍ വച്ചുതന്നു. എന്‍റെ അമ്മയുടെ കയ്യില്‍ നിന്നും കിട്ടുന്ന ഭക്ഷണത്തിന്‍റെ രുചിഭേദങ്ങള്‍ അറിഞ്ഞ്, വെറുതെ ആ മുഖത്ത് നോക്കി. കഥ പറയാതെ, സ്നേഹത്തോടെ ചിരിച്ച്... എന്നെ സ്നേഹത്തോടെ കഴിപ്പിക്കുന്ന അമ്മയുടെ ക്ഷീണിച്ച മുഖം ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു.

ആരൊക്കെയോ വിളിച്ച ഓട്ടോയില്‍ അമ്മ തിരിച്ച് പോകുമ്പോള്‍ വെറുതെ നോക്കി നിന്നു ഞാന്‍.

എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത കടുത്ത പനിയായിരുന്നു അമ്മക്കെന്നു ഞാന്‍ പിന്നീടറിഞ്ഞു. ആ അസുഖത്തിലും എനിക്ക് ഭക്ഷണവുമായി വന്ന എന്‍റെ അമ്മ. ആ സ്നേഹത്തിനെ പലപ്പോഴും ഞാന്‍ അറിഞ്ഞിട്ടുണ്ട്.

ഇന്നും ഞാന്‍ അറിയുന്നു, മറ്റെവിടെയും എനിക്കനുഭവിക്കാന്‍ കഴിയാത്ത ആ വിരലുകളിലുടെ ഞാനറിഞ്ഞ ആ സ്വാദ് എനിക്കെന്നും ഇഷ്ടമാണ്. അത് മാത്രമാണെന്നും ഇഷ്ടം.

1 comment:

  1. അമ്മമാരുടെ സ്നേഹത്തോളം ആര്‍ക്കും ആരെയും സ്നേഹിക്കാനാവുമെന്നു തോന്നുന്നില്ല...:)

    ReplyDelete