Wednesday, 26 June 2013

ഒരു സ്റ്റാറ്റസും ആനയും പിന്നെ കവിതയും...

മുഖപുസ്തകത്തിലെ കൂട്ടുകാരുടെ സ്റ്റാറ്റസുകളും ചിത്രങ്ങളും, ലൈക്കുകയും ഷെയറുകയും കമന്‍റുകയുമായി നേരംകൊല്ലുന്നതിനിടെ... അതിന് കിട്ടിയ ലൈക്കുകളും കമന്‍റുകളും കണ്ട അസൂയയില്‍ നിന്നാണ് എനിക്കൊരു വെളിപാടുണ്ടായത്, എനിക്കും സ്റ്റാറ്റസുകള്‍ എഴുതണം...

പക്ഷേ, വെറുമൊരു സ്റ്റാറ്റസ് പോരാ... കുറെ ലൈക്കുകളും കമന്‍റ്സുമൊക്കെ കിട്ടുന്ന സ്റ്റാറ്റസുള്ള സ്റ്റാറ്റസുകള്‍... പക്ഷേ, എങ്ങനെ, എന്ത് എഴുതും??

അങ്ങനെ മുഖപുസ്തകത്തില്‍ ഒരു സ്റ്റാറ്റസ് ഇടണമെന്ന ആഗ്രഹം കലശലായപ്പോഴാണ് ഞാനൊരു ആനയെ വാങ്ങാമെന്ന് കരുതിയത്‌...

കാര്യം മനസ്സിലായില്ലല്ലേ..??

ഒരു ആനയെ വാങ്ങിക്കഴിഞ്ഞാല്‍ അതിനെ മേയാന്‍ കൊണ്ടുപോയതും എഴുന്നള്ളിപ്പിന് കൊണ്ടുപോയതുമെല്ലാം എനിക്ക് സ്റ്റാറ്റസ് ആയി ഇടാമല്ലോ..?? അത്യാവശ്യം തോന്നുമ്പോള്‍ ആന പിണ്ടമിട്ടതും പിണ്ടമുണ്ടതും കുളിപ്പിച്ചതുമൊക്കെ ആകാലോ... ന്തേ..?? പിന്നെ, ഇടയ്ക്ക് ആനയുടെ കൂടെനിന്നും ആനപ്പുറത്തുകയറിയും കൊമ്പില്‍തൂങ്ങിയും വിവിധ പോസുകളില്‍ ഫോട്ടോയെടുത്ത് പോസ്റ്റാം... ഹാ... ചിന്തകളങ്ങനെ കാട് കയറി, ഇടയ്ക്ക് തൊടിയിലേക്കും തൊടിയുടെ അപ്പുറത്തുള്ള കുന്നിലേക്കും ചിന്തകള്‍ കയറിപ്പോകാന്‍ തുടങ്ങിയപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്...

അങ്ങേതലയ്ക്കല്‍ പ്രിയകൂട്ടുകാരന്‍... (അവന്‍ ചിലപ്പോള്‍ ഈ സ്റ്റാറ്റസ് വായിക്കും, അതുകൊണ്ടാണ് കഴുവേറീടെ പേരിന് മുമ്പ് 'പ്രിയ'യെ കൂട്ടിയത്)

"ടാ... ഞാനൊരു സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് എഫ്ബിയില്‍... ഒരു കവിതയെഴുതിയതാ... നീ നോക്കി ഒന്ന് ലൈക്കിയേക്കണേയ്..." ദൈവമേ... കവിതയോ..?? അതും ഈ കഴുവേറിയോ...?? ഒരുനിമിഷം... ചെവിയില്‍നിന്നാണെന്ന് തോന്നുന്നു, ഒരു കിളിയങ്ങ് പറന്നുപോയി...

വേഗം അവന്‍റെ സ്റ്റാറ്റസ് നോക്കി, പറ്റുപുസ്തകത്തില്‍ അമ്മ എഴുതുന്നപോലെ, അരി, പഞ്ചസാര, കടുക്, ലക്സ്, കോള്‍ഗേറ്റ് എന്നൊക്കെ കാണാനുണ്ട്... അതിന് പത്തിരുന്നൂറ് ലൈക്കുകള്‍... പത്തമ്പത് കമന്‍റുകള്‍... പത്തിരുപത് ഷെയറുകളും...

ദൈവമേ, ഇതാണോ കവിത?? അപ്പൊ, ഏത് അലവലാതിക്കും കവിതയെഴുതാമോ?? ഈ ചോദ്യങ്ങളൊക്കെ എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടിച്ചു. അവന് കവിതയെഴുതാമെങ്കില്‍ എനിക്കും എഴുതിക്കൂടെ..?? എഴുതാം.... ഞാനും എഴുതും കവിത... അങ്ങനെയെങ്കില്‍ ആനയെ വാങ്ങുകയും വേണ്ടാ...

ഞാനും സ്റ്റാറ്റസ് ബോക്സില്‍ എഴുതിത്തുടങ്ങി, ഒരു കവിത...

അച്ചാര്‍, പപ്പടം, പുളിയിഞ്ചി, കായ വറുത്തത്..........................................

വാല്: ആനയെ വാങ്ങിയില്ലല്ലോ? അതുകൊണ്ട് വാലില്ല

Saturday, 22 June 2013

ഓരോ ലൈക്ക് വരുന്ന വഴിയേ...

മുഖപുസ്തകത്തില്‍, പെണ്ണ് ചാണകകൊട്ടയില്‍ ചുമന്ന് കൊണ്ടുപോകുന്ന ലൈക്കുകള്‍...

അതവര്‍ക്ക് കിട്ടുന്നത്... ഇരുപത്തിനാല് മണിക്കൂറില്‍ ഇരുപത് മണിക്കൂറും മുഖപുസ്തകത്തില്‍ പ്രണയം മുളപ്പിക്കുകയും പെണ്ണുങ്ങളോട് മാത്രം ചാറ്റിങ്ങുമൊക്കെയായി നടക്കുന്ന ഒരുവന്‍റെ വാക്കുകളിലൂടെയും ഭാവങ്ങളിലൂടെയും...

"ദേ, മീനു പുത്യേ പ്രൊഫൈല്‍ പിക്ചറിട്ടല്ലോ... പണ്ടാരടങ്ങാനായിട്ട്, ഇവളെയാ ഇത്രേം നാള് സ്വീറ്റീന്ന് വിളിച്ചേ?? പയ്യ് കാടിവെള്ളം കുടിക്കത്തില്ലല്ലോ ഈ മോന്ത കണ്ടാല്... അമ്മാതിരി മോന്തയാ, വെറുതെയല്ല കഴുവേര്‍ടെ മോള് അനുഷ്കേടേം കാജലിന്‍റേം ഫോട്ടോ വച്ചിരുന്നെ... ന്തായാലും ലൈക്കിയേക്കാം..." ഫോട്ടോ കണ്ടപ്പോഴേ അവന്‍ ലൈക്‌ ബട്ടണ്‍ തിരയാന്‍ തുടങ്ങീട്ടുണ്ടാകും. പിന്നെ കമന്‍റ് ബോക്സില്‍ 'ബ്യൂട്ടിഫുള്‍' കൂടെ....

"ഡാ...." അടുത്തിരിക്കുന്നവരെ തോണ്ടിയിട്ട്, "ഹിമയുടെ സ്റ്റാറ്റസ് കണ്ടോ? അവള് ഒബ്രോണ്‍ മാളില്‍ പോകുവാണെന്ന്... ജെട്ടിവാങ്ങാനായിരിക്കും, അല്ലാണ്ടെന്ത് അവള്‍ക്കവിടെ..??" എന്തായാലും ലൈക്കി അവനത്, പിന്നെയൊരു കമന്‍റ് "വോവ്... ഹാപ്പി ഷോപിംഗ് ഡിയര്‍..."

"ടാ.... ഇത് കണ്ടോടാ, ദേവുവിന്‍റെ പോസ്റ്റ്‌... ഏതാണ്ടൊക്കെ മലയാളത്തിലെഴുതീട്ടുണ്ട്... കവിതയാണെന്നാ തോന്നുന്നേ... വായിക്കാനെന്‍റെ പട്ടിവരും, ലൈക്കാന്‍ ഞാന്‍ വരും..." എന്ന് പറഞ്ഞ് അവനതും ലൈക്കും... വായിച്ചില്ലെങ്കിലും അടിയിലൊരു കമന്‍റിന് ഇവിടെയും സ്കോപ് ഉണ്ട്. "ആവ്സം ഡിയര്‍..."

വാല്: എല്ലാ പെണ്ണെഴുത്തിനും അവളുടെ ചിത്രങ്ങള്‍ക്കും കിട്ടുന്ന ലൈക്കുകള്‍ ഇങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല... ചിലതെങ്കിലും അങ്ങനെയല്ലാത്തതുണ്ട്...

(എനിക്ക് ലൈക്ക് കിട്ടാത്തതിന്‍റെ ചൊറിച്ചിലാണെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍, എനിക്ക് പുല്ലാണത്...)

feeling- ഒരു ലോഡ് പുച്ഛം ഇവന്‍മാരുടെ മോന്തയിലേക്ക്

Saturday, 15 June 2013

ഒരു നാള്‍ ഉണ്ണിയേശുവായി...

എന്നെ പൊതിയുന്ന ആ തണുത്ത പെണ്‍കരങ്ങള്‍, സൂര്യതാപത്തേക്കാള്‍ തീക്ഷ്ണമായ എന്‍റെ ശരീരതാപത്തെ ശീതീകരിക്കുകയാണ്... കണ്ണുകളില്‍ ഈറനായ അധരങ്ങളുടെ മൃദുസ്പര്‍ശം... ചെവിയില്‍ മൃദുവായി കടിക്കുന്നതിനിടെ ചന്ദനത്തെന്നല്‍ പോലെ കാതിനരികില്‍ അവളുടെ ശീല്‍ക്കാരം... എനിക്ക് ചുറ്റും ചന്ദനഗന്ധം പരക്കുന്നു...

പക്ഷേ, ചന്ദനത്തെന്നലിന്‍റെ സുഗന്ധത്തിന് എന്തോ വ്യത്യാസമുള്ളതുപോലെ......

ഒരു നിമിഷം... ഇടമുറിഞ്ഞ സുഖത്തില്‍ ബോധമനസ്സുണര്‍ന്നു. സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്, ചന്ദനത്തെന്നലിനിപ്പോള്‍ ചാണകത്തിന്‍റെ മണം...

ങേ... ചാണകത്തിന്‍റെ മണം...!!

വലിച്ചുതുറന്ന കണ്ണുകള്‍ക്ക് മുന്നില്‍ അമ്മയുടെ നന്ദിനിപ്പശുവിന്‍റെ വലിയ കണ്ണുകളും മുഖവും...!! ഞെട്ടലില്‍ എഴുന്നേല്‍ക്കുന്നതിനൊരു ശ്രമം നടത്തി, ശരീരമാകെ നുറുങ്ങുന്ന വേദന...

ഈശ്വരാ..!! ന്നാലും ഈ പശുവെന്തിന് എന്‍റെ കിടപ്പുമുറിയില്‍ വന്നു? അമ്മ ഇവളെയും ഈ മുറിയില്‍ അക്കോമാഡേറ്റ് ചെയ്തോ?? (അമ്മയുടെ കാര്യാണേയ്... തീരുമാനമൊക്കെ പെട്ടന്നാ...)

കര്‍ത്താവേ.... ഇവളുടേതായിരുന്നോ ഇന്നലെയെന്നെപ്പൊതിഞ്ഞ തണുത്ത കരങ്ങള്‍? അങ്ങനെയെങ്കില്‍ ഇവളിന്നലെ എന്‍റെ ചാരിത്ര്യം............

ചിന്തകളെ കാടുകയറാന്‍ അനുവദിക്കാതെ കനച്ച തല പതുക്കെയൊന്ന് ഉയര്‍ത്തി നോക്കി. ഒരുനിമിഷംകൊണ്ട് പരിസരം തിരിച്ചറിഞ്ഞു, തെക്കേപ്പുറത്തെ തൊഴുത്തിലെ പുല്ലൂട്ടിയില്‍... ഇന്നലെ അടിച്ച കൂതറ റമ്മിന്‍റെ എഫെക്റ്റ്..!!

ഭാഗ്യം..!! പാന്‍റും ഷര്‍ട്ടുമൊക്കെ ദേഹത്ത് അങ്ങനെ തന്നെയുണ്ട്, വെറുതെ നന്ദിനിപശുവിനെ തെറ്റിദ്ധരിച്ചു...

ഒരു മിനുട്ട്, ഞാനെന്നെ ഒന്ന് റിവൈന്‍ഡ് ചെയ്തു...
കൂട്ടുകാരന്‍റെ പ്രണയനൈരാശ്യത്തിന്‍റെ പേരിലുള്ള അനുശോചന സമ്മേളനവും പാര്‍ട്ടിയും കഴിഞ്ഞപ്പോള്‍ ഇന്നലെ ഒരുപാട് വൈകിയിരുന്നു. വീട്ടുകാരെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാകണം ഇവിടെ കിടന്നത്... (എനിക്കല്ലെങ്കിലും കുടിച്ചു ഫിറ്റായാലും ഭയങ്കരസ്നേഹാ...)

എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തൊടിയില്‍നിന്ന് പൈപ്പ് തുറന്നിട്ടപോലൊരു ശബ്ദം. ഞാന്‍ നന്ദിനിപശുവിന്‍റെ പിന്നാമ്പുറത്തേക്ക് പാളിനോക്കി, അവളല്ല... തലയൊന്നുകൂടി ഉയര്‍ത്തി നോക്കിയപ്പോള്‍,തൊഴുത്തിന്‍റെ പിന്നാമ്പുറത്തെ കല്ലിനുമുകളിലൂടെ അനിയന്‍റെ തലകണ്ടപ്പൊള്‍ മനസ്സിലായി, അവനവിടെ അവന്‍റെ പൈപ്പ് തെക്കോട്ട്‌ നീട്ടിപ്പിടിച്ചു നില്‍ക്കുകയാണെന്ന്.

അവന്‍ തിരിച്ചുനടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. ഏട്ടനിവിടെ ഫിറ്റായിവന്നു കിടക്കുന്നത് അവനറിയേണ്ടല്ലോ... (മാന്യത... മാന്യത... എന്ന് നിങ്ങള്‍ കരുതും. അതല്ല കാര്യം, അറിഞ്ഞാല്‍ പിന്നെ ദിവസവും അവനിവിടായിരിക്കും കിടക്കുന്നത്. ഓരോന്ന് കണ്ട് പഠിയ്ക്കാന്‍ കാത്തുനിക്കാ...)

മുറ്റത്തെ പൈപ്പില്‍ മുഖം കഴുകുമ്പോള്‍ 'ഇന്നലെ ഏതു തൊഴുത്തിലാടാ നീ കിടന്നത്?'പുറകില്‍ നിന്നൊരു ചോദ്യം...(അമ്മയുദ്ദേശിച്ചത്, എവിടെയാ കിടന്നത് എന്നാണ്... പക്ഷേ, ചോദ്യങ്ങളൊക്കെ ഇങ്ങനെയാകും. ഭയങ്കര തമാശയാ...) അമ്മ പശുവിനെ കറക്കാനുള്ള പാത്രമെടുത്ത്‌ വരുന്നു. അമ്മ കാണുന്നതിന് മുമ്പേ എഴുന്നേറ്റുപോന്നത് നന്നായി.. ഭാഗ്യം..!!

വാല്: വാലുള്ളൊരു ജന്തുന്‍റെ കാര്യം പറഞ്ഞില്ലേ, ഇനിയെന്തോന്ന് വാല്??

Saturday, 1 June 2013

വാട്ടിയ ഇലയില്‍ പൊതിഞ്ഞെടുത്ത അമ്മ മണം !!

"വാട്ടിയ ഇലയില്‍
പൊതിഞ്ഞെടുത്ത
അമ്മ മണം"

സ്മിതിന്‍ സുന്ദര്‍, എന്നൊരു സുഹൃത്തിന്‍റെ കുറുംകവിതയിലെ ഈ വരികള്‍ എന്‍റെയുള്ളിലേക്ക് ആ പൊതിച്ചോറിന്‍റെ ഗന്ധത്തെ വീണ്ടുമെത്തിയ്ക്കുകയായിരുന്നു...

അംഗങ്ങളേറെയുണ്ടെങ്കിലും കിഴക്ക് വെള്ളകീറുന്നതിന് മുന്‍പേയെഴുന്നേല്‍ക്കുന്ന അമ്മയ്ക്ക് പിടിപ്പത് പണിയുണ്ടാകുമെപ്പോഴും ആ വല്യേ തറവാട്ടിലെ അടുക്കളയില്‍. ആ വല്യേ അടുക്കളയിലെ കരിയും പുകയും തട്ടിയാണോ അമ്മയുടെ നിറമിത്രയ്ക്ക് കുറഞ്ഞുപോയതെന്ന് ഞാനാലോചിക്കാറുണ്ട് ഇടയ്ക്ക്...

അടുക്കളയിലെ പണികള്‍ക്കിടയ്ക്ക് രാവിലെ എന്നെയും അനിയനെയും സ്കൂളിലേക്ക് പറഞ്ഞയയ്ക്കാന്‍ തിരക്ക് പിടിക്കുന്ന അമ്മ.

തണുത്ത ആ രാവിലെകളില്‍ കുളിയ്ക്കാന്‍ മടിച്ച്, കൈകൂപ്പി വെള്ളത്തിലേക്ക് നോക്കിനില്‍ക്കുന്ന അനിയനെ കുളിപ്പിക്കുകയെന്നത് അമ്മയ്ക്കെന്നും ശ്രമകരമായ ജോലിതന്നെയാണ്. കുളിയൊക്കെ കഴിഞ്ഞ് കോലായില്‍ നില്‍ക്കുന്ന ഞാന്‍, അമ്മ അവനെ കുളിപ്പിക്കുന്നതും നോക്കി നില്‍ക്കും.

അവനെ കുളിപ്പിച്ചെടുത്ത് കൊണ്ടുവരുന്ന അമ്മ, അവന്‍റെ മുഖത്തും വയറിലുമൊക്കെ ഉമ്മവയ്ക്കും. ആ ഉമ്മകളില്‍ തിമര്‍ത്തുചിരിയ്ക്കുന്ന അവനെയും നോക്കി, ഇത്തിരി അസൂയയോടെ നില്‍ക്കുന്നയെന്‍റെയടുത്ത് അവനെ നിര്‍ത്തീട്ട് അമ്മ പറയും,
"നേരാവണ്ണം തല തോര്‍ത്തില്യാ, പനി പിടിപ്പിച്ച് വയ്ക്കും നീയ്..." ഇതുപറഞ്ഞ് ഒന്നുകൂടിയെനിക്കമ്മ തുവര്‍ത്തിത്തരും. രാസനാദിപൊടിയില്‍ നിന്നിത്തിരി എടുത്ത് തലയില്‍ തിരുമ്മിത്തരും.

എനിക്ക് യൂണിഫോമെടുത്ത് തന്ന്, അപ്പുവിനെ യൂണിഫോം ഇടുവിച്ചുകൊടുത്ത് അമ്മ അടുക്കളയിലേക്കോടും. ആ ഓട്ടത്തിനിടയില്‍ വിളിച്ചുപറയും, "വിനൂ... അപ്പൂന്‍റെ മുടിയൊന്ന് ചീവിക്കൊടുക്ക് ട്ടോ..."

ചിലപ്പോള്‍ ഞാനും അമ്മയുടെ പുറകെ അടുക്കളയിലേക്ക് പോകും. അമ്മയുടെ ചെയ്തികളും നോക്കി നില്‍ക്കും. അടുപ്പില്‍ തിളയ്ക്കുന്ന ചോറിത്തിരി തവിയില്‍ കോരിയെടുത്ത്, കൈകൊണ്ടൊന്നു ഞെരടി അതിന്‍റെ പാകമൊന്ന് നോക്കുന്നതും, അപ്പുറത്തെയടുപ്പിലെ മെഴുക്കുവരട്ടിയില്‍ തവികൊണ്ടിളക്കുന്നതുമൊക്കെ...

പിന്നെ, കറിക്കത്തിയുമായി വടക്കേത്തൊടിയിലേക്ക് ഓടുന്നത് കാണാം... ചിലപ്പോഴൊക്കെ കൂടെ ഞാനും വടക്കേ മുറ്റത്തേയ്ക്കിറങ്ങും.

"ഇനിയാ ഷര്‍ട്ടിലൊക്കെ മണ്ണും ചളിയും ആക്കാനായിട്ട് എങ്ങടാ നീയ്?? കേറി പോടാ അങ്ങട്..."

അച്ഛനും ചെറിയച്ഛനുമൊക്കെ വച്ചുപിടിപ്പിച്ച ആ വാഴകളുടെ ഇടയില്‍ അമ്മ അപ്രത്യക്ഷയാകും, പിന്നെ കൈയ്യില്‍ വാഴയിലയുമായി തിരികെ അടുക്കളയിലേക്കും ഓടും... വെട്ടിയെടുത്ത വാഴയില അടുപ്പിലെ കനലിന് മുകളില്‍വച്ച് വാട്ടിയെടുത്ത്, അതിലേക്ക് ചോറ് കുടഞ്ഞിടുന്നതും നോക്കി നിന്നിട്ടുണ്ട് പലപ്പോഴും...

ഉച്ചയ്ക്ക് കൂട്ടുകാരുടെ കൂടെയിരുന്ന് ആ പൊതിച്ചോറെടുത്ത് തുറക്കുമ്പോള്‍ മനസ്സില്‍ അമ്മയുടെ മുഖമായിരിക്കും... പൊതിഞ്ഞെടുത്ത ചോറ് ബാഗിലേക്കുവച്ച്, ആ ബാഗെടുത്ത്‌ തോളിലിട്ടുതരുമ്പോള്‍ ആ മുഖവും മുഖത്തുള്ള ചിരിയും, അതിലെ ആത്മസംതൃപ്തിയുമെല്ലാം ഒരു നിമിഷംകൊണ്ട് ഓടിയെത്തും കണ്‍മുന്നിലേക്ക്‌...............

അമ്മയുടെ ആ പൊതിച്ചോറ് ഓരോ തവണ കഴിക്കുമ്പോഴും ആ ഇലയ്ക്കും ചോറിനുമെല്ലാം അമ്മയുടെ മണമായിരുന്നു... ഇപ്പോള്‍ ഈ വരികളെ വായിച്ചപ്പോഴും നാസികത്തുമ്പിലൂടെ ആ ഗന്ധം, എന്‍റെ അമ്മയുടെ ഗന്ധം....

നന്ദി സ്മിതിന്‍ !!