എന്നെ പൊതിയുന്ന ആ തണുത്ത പെണ്‍കരങ്ങള്‍, സൂര്യതാപത്തേക്കാള്‍ തീക്ഷ്ണമായ എന്‍റെ ശരീരതാപത്തെ ശീതീകരിക്കുകയാണ്... കണ്ണുകളില്‍ ഈറനായ അധരങ്ങളുടെ മൃദുസ്പര്‍ശം... ചെവിയില്‍ മൃദുവായി കടിക്കുന്നതിനിടെ ചന്ദനത്തെന്നല്‍ പോലെ കാതിനരികില്‍ അവളുടെ ശീല്‍ക്കാരം... എനിക്ക് ചുറ്റും ചന്ദനഗന്ധം പരക്കുന്നു...
പക്ഷേ, ചന്ദനത്തെന്നലിന്‍റെ സുഗന്ധത്തിന് എന്തോ വ്യത്യാസമുള്ളതുപോലെ......
ഒരു നിമിഷം... ഇടമുറിഞ്ഞ സുഖത്തില്‍ ബോധമനസ്സുണര്‍ന്നു. സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്, ചന്ദനത്തെന്നലിനിപ്പോള്‍ ചാണകത്തിന്‍റെ മണം...
ങേ... ചാണകത്തിന്‍റെ മണം...!!
വലിച്ചുതുറന്ന കണ്ണുകള്‍ക്ക് മുന്നില്‍ അമ്മയുടെ നന്ദിനിപ്പശുവിന്‍റെ വലിയ കണ്ണുകളും മുഖവും...!! ഞെട്ടലില്‍ എഴുന്നേല്‍ക്കുന്നതിനൊരു ശ്രമം നടത്തി, ശരീരമാകെ നുറുങ്ങുന്ന വേദന...
ഈശ്വരാ..!! ന്നാലും ഈ പശുവെന്തിന് എന്‍റെ കിടപ്പുമുറിയില്‍ വന്നു? അമ്മ ഇവളെയും ഈ മുറിയില്‍ അക്കോമാഡേറ്റ് ചെയ്തോ?? (അമ്മയുടെ കാര്യാണേയ്... തീരുമാനമൊക്കെ പെട്ടന്നാ...)
കര്‍ത്താവേ.... ഇവളുടേതായിരുന്നോ ഇന്നലെയെന്നെപ്പൊതിഞ്ഞ തണുത്ത കരങ്ങള്‍? അങ്ങനെയെങ്കില്‍ ഇവളിന്നലെ എന്‍റെ ചാരിത്ര്യം............
ചിന്തകളെ കാടുകയറാന്‍ അനുവദിക്കാതെ കനച്ച തല പതുക്കെയൊന്ന് ഉയര്‍ത്തി നോക്കി. ഒരുനിമിഷംകൊണ്ട് പരിസരം തിരിച്ചറിഞ്ഞു, തെക്കേപ്പുറത്തെ തൊഴുത്തിലെ പുല്ലൂട്ടിയില്‍... ഇന്നലെ അടിച്ച കൂതറ റമ്മിന്‍റെ എഫെക്റ്റ്..!!
ഭാഗ്യം..!! പാന്‍റും ഷര്‍ട്ടുമൊക്കെ ദേഹത്ത് അങ്ങനെ തന്നെയുണ്ട്, വെറുതെ നന്ദിനിപശുവിനെ തെറ്റിദ്ധരിച്ചു...
ഒരു മിനുട്ട്, ഞാനെന്നെ ഒന്ന് റിവൈന്‍ഡ് ചെയ്തു...
കൂട്ടുകാരന്‍റെ പ്രണയനൈരാശ്യത്തിന്‍റെ പേരിലുള്ള അനുശോചന സമ്മേളനവും പാര്‍ട്ടിയും കഴിഞ്ഞപ്പോള്‍ ഇന്നലെ ഒരുപാട് വൈകിയിരുന്നു. വീട്ടുകാരെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാകണം ഇവിടെ കിടന്നത്... (എനിക്കല്ലെങ്കിലും കുടിച്ചു ഫിറ്റായാലും ഭയങ്കരസ്നേഹാ...)
എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തൊടിയില്‍നിന്ന് പൈപ്പ് തുറന്നിട്ടപോലൊരു ശബ്ദം. ഞാന്‍ നന്ദിനിപശുവിന്‍റെ പിന്നാമ്പുറത്തേക്ക് പാളിനോക്കി, അവളല്ല... തലയൊന്നുകൂടി ഉയര്‍ത്തി നോക്കിയപ്പോള്‍,തൊഴുത്തിന്‍റെ പിന്നാമ്പുറത്തെ കല്ലിനുമുകളിലൂടെ അനിയന്‍റെ തലകണ്ടപ്പൊള്‍ മനസ്സിലായി, അവനവിടെ അവന്‍റെ പൈപ്പ് തെക്കോട്ട് നീട്ടിപ്പിടിച്ചു നില്‍ക്കുകയാണെന്ന്.
അവന്‍ തിരിച്ചുനടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. ഏട്ടനിവിടെ ഫിറ്റായിവന്നു കിടക്കുന്നത് അവനറിയേണ്ടല്ലോ... (മാന്യത... മാന്യത... എന്ന് നിങ്ങള്‍ കരുതും. അതല്ല കാര്യം, അറിഞ്ഞാല്‍ പിന്നെ ദിവസവും അവനിവിടായിരിക്കും കിടക്കുന്നത്. ഓരോന്ന് കണ്ട് പഠിയ്ക്കാന്‍ കാത്തുനിക്കാ...)
മുറ്റത്തെ പൈപ്പില്‍ മുഖം കഴുകുമ്പോള്‍ 'ഇന്നലെ ഏതു തൊഴുത്തിലാടാ നീ കിടന്നത്?'പുറകില്‍ നിന്നൊരു ചോദ്യം...(അമ്മയുദ്ദേശിച്ചത്, എവിടെയാ കിടന്നത് എന്നാണ്... പക്ഷേ, ചോദ്യങ്ങളൊക്കെ ഇങ്ങനെയാകും. ഭയങ്കര തമാശയാ...) അമ്മ പശുവിനെ കറക്കാനുള്ള പാത്രമെടുത്ത് വരുന്നു. അമ്മ കാണുന്നതിന് മുമ്പേ എഴുന്നേറ്റുപോന്നത് നന്നായി.. ഭാഗ്യം..!!
വാല്: വാലുള്ളൊരു ജന്തുന്‍റെ കാര്യം പറഞ്ഞില്ലേ, ഇനിയെന്തോന്ന് വാല്??
No comments:
Post a Comment