മുഖപുസ്തകത്തിലെ കൂട്ടുകാരുടെ സ്റ്റാറ്റസുകളും ചിത്രങ്ങളും, ലൈക്കുകയും ഷെയറുകയും കമന്‍റുകയുമായി നേരംകൊല്ലുന്നതിനിടെ... അതിന് കിട്ടിയ ലൈക്കുകളും കമന്‍റുകളും കണ്ട അസൂയയില്‍ നിന്നാണ് എനിക്കൊരു വെളിപാടുണ്ടായത്, എനിക്കും സ്റ്റാറ്റസുകള്‍ എഴുതണം...
പക്ഷേ, വെറുമൊരു സ്റ്റാറ്റസ് പോരാ... കുറെ ലൈക്കുകളും കമന്‍റ്സുമൊക്കെ കിട്ടുന്ന സ്റ്റാറ്റസുള്ള സ്റ്റാറ്റസുകള്‍... പക്ഷേ, എങ്ങനെ, എന്ത് എഴുതും??
അങ്ങനെ മുഖപുസ്തകത്തില്‍ ഒരു സ്റ്റാറ്റസ് ഇടണമെന്ന ആഗ്രഹം കലശലായപ്പോഴാണ് ഞാനൊരു ആനയെ വാങ്ങാമെന്ന് കരുതിയത്...
കാര്യം മനസ്സിലായില്ലല്ലേ..??
ഒരു ആനയെ വാങ്ങിക്കഴിഞ്ഞാല്‍ അതിനെ മേയാന്‍ കൊണ്ടുപോയതും എഴുന്നള്ളിപ്പിന് കൊണ്ടുപോയതുമെല്ലാം എനിക്ക് സ്റ്റാറ്റസ് ആയി ഇടാമല്ലോ..?? അത്യാവശ്യം തോന്നുമ്പോള്‍ ആന പിണ്ടമിട്ടതും പിണ്ടമുണ്ടതും കുളിപ്പിച്ചതുമൊക്കെ ആകാലോ... ന്തേ..?? പിന്നെ, ഇടയ്ക്ക് ആനയുടെ കൂടെനിന്നും ആനപ്പുറത്തുകയറിയും കൊമ്പില്‍തൂങ്ങിയും വിവിധ പോസുകളില്‍ ഫോട്ടോയെടുത്ത് പോസ്റ്റാം... ഹാ... ചിന്തകളങ്ങനെ കാട് കയറി, ഇടയ്ക്ക് തൊടിയിലേക്കും തൊടിയുടെ അപ്പുറത്തുള്ള കുന്നിലേക്കും ചിന്തകള്‍ കയറിപ്പോകാന്‍ തുടങ്ങിയപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്...
അങ്ങേതലയ്ക്കല്‍ പ്രിയകൂട്ടുകാരന്‍... (അവന്‍ ചിലപ്പോള്‍ ഈ സ്റ്റാറ്റസ് വായിക്കും, അതുകൊണ്ടാണ് കഴുവേറീടെ പേരിന് മുമ്പ് 'പ്രിയ'യെ കൂട്ടിയത്)
"ടാ... ഞാനൊരു സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് എഫ്ബിയില്‍... ഒരു കവിതയെഴുതിയതാ... നീ നോക്കി ഒന്ന് ലൈക്കിയേക്കണേയ്..." ദൈവമേ... കവിതയോ..?? അതും ഈ കഴുവേറിയോ...?? ഒരുനിമിഷം... ചെവിയില്‍നിന്നാണെന്ന് തോന്നുന്നു, ഒരു കിളിയങ്ങ് പറന്നുപോയി...
വേഗം അവന്‍റെ സ്റ്റാറ്റസ് നോക്കി, പറ്റുപുസ്തകത്തില്‍ അമ്മ എഴുതുന്നപോലെ, അരി, പഞ്ചസാര, കടുക്, ലക്സ്, കോള്‍ഗേറ്റ് എന്നൊക്കെ കാണാനുണ്ട്... അതിന് പത്തിരുന്നൂറ് ലൈക്കുകള്‍... പത്തമ്പത് കമന്‍റുകള്‍... പത്തിരുപത് ഷെയറുകളും...
ദൈവമേ, ഇതാണോ കവിത?? അപ്പൊ, ഏത് അലവലാതിക്കും കവിതയെഴുതാമോ?? ഈ ചോദ്യങ്ങളൊക്കെ എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടിച്ചു. അവന് കവിതയെഴുതാമെങ്കില്‍ എനിക്കും എഴുതിക്കൂടെ..?? എഴുതാം.... ഞാനും എഴുതും കവിത... അങ്ങനെയെങ്കില്‍ ആനയെ വാങ്ങുകയും വേണ്ടാ...
ഞാനും സ്റ്റാറ്റസ് ബോക്സില്‍ എഴുതിത്തുടങ്ങി, ഒരു കവിത...
അച്ചാര്‍, പപ്പടം, പുളിയിഞ്ചി, കായ വറുത്തത്..........................................
വാല്: ആനയെ വാങ്ങിയില്ലല്ലോ? അതുകൊണ്ട് വാലില്ല
No comments:
Post a Comment