അമ്മൂ.........
നീയെത്ര മാറിയിന്ന്, നിന്നിലെ ആ പഴയ അമ്മുവിനെ തിരയുകയാണ് ഞാനിപ്പോള്‍. വാചാലമായിരുന്ന നിന്‍റെ വാക്കുകള്‍ ഇന്ന് നിശബ്ദമായിരിയ്ക്കുന്നു.
നിനക്ക് ഞാനിന്ന് അന്യനായി, കൂട്ടിമുട്ടിയാല്‍ ഒന്നോ രണ്ടോ വാക്കുകള്‍... യാത്ര പറയാതെ നീ തിരിഞ്ഞു നടക്കുമ്പോള്‍, എനിക്കുള്ളില്‍ ശേഷിക്കുന്നത് ആട്ടം കഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായ മനസ്സിന്‍റെ തുടികൊട്ടല്‍ മാത്രം.....
ചിരിയ്ക്കുന്ന മൊട്ടത്തലയന്‍റെ മുഖത്തോടെ എന്‍റെ മുഖപുസ്തകത്തിലെ സല്ലാപ ജാലകം തുറന്നു കഴിഞ്ഞാല്‍ മണിക്കൂറുകളോളം, കുറുമ്പുകള്‍... നൊമ്പരങ്ങള്‍... സ്വപ്‌നങ്ങള്‍... പറയാനേറെയൊന്നും ഇല്ലായിരുന്നെങ്കിലും നമ്മുടെ നിത്യവുമുള്ള ആ കാഴ്ചകള്‍ എന്‍റെ ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഇടം തേടുകയായിരുന്നു ...നിന്‍റെ ആ വാചാലതയില്‍ ഉള്ളിലെ നീറുന്ന നോവുകളെ ഞാന്‍ മറക്കുകയായിരുന്നു.
ചിലപ്പോഴെല്ലാം എനിക്ക് മുന്‍പിലെ സല്ലാപ ജാലകത്തില്‍ ചിരിക്കുന്ന മൊട്ടത്തലയന്‍റെ മുഖത്തോടെ നീ വരുന്നതിനായി കാത്തിരിയ്ക്കും. നിന്‍റെ അക്ഷരക്കൂട്ടുകളെ മനസ്സിലിട്ടു താലോലിക്കും... വെറുതെ, ചിന്തകള്‍ ഓര്‍മ്മകളിലേയ്ക്ക് ഓടിയടുക്കുമ്പോള്‍ ആ ഓര്‍മ്മകളെയെല്ലാം കൂട്ടിക്കെട്ടി സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ പണിയും.....
മുന്‍പ് കുറുമ്പോടെ നീ പറയുമായിരുന്നില്ലേ, നിനക്ക് വെക്കേഷന്‍ തുടങ്ങിയാല്‍, പിന്നെ വര്‍ക്ക് ചെയ്യാനൊന്നും നീ സമ്മതിക്കില്യാ... ശല്യം ചെയ്യാന്‍ എപ്പഴും നീയുണ്ടാകുമെന്ന്...!! എന്നിട്ടെവിടെ നീ ശല്യം ചെയ്യാന്‍..??
ഇനിയെങ്കിലും നിന്നോട് പറയണമത്, മുഖപുസ്തകത്തിലെ വെറുമൊരു കൂട്ടുകാരിയെന്നതിലപ്പുറം പ്രിയപ്പെട്ട ആരോ ആയിരുന്നെനിക്ക് നീ... ആര് എന്ന് നീ തിരിച്ചുചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ. എടീ പുല്ലേ, നിന്നെയെനിക്ക് ഒരുപാടിഷ്ടാണെന്ന്.. കെട്ടിക്കോട്ടേന്ന്...
നിന്‍റെ സ്വന്തം.....
No comments:
Post a Comment