Sunday, 22 December 2013

അങ്ങാടിപ്പുറത്ത് !!

അങ്ങാടിപ്പുറത്ത് മഞ്ഞുവീഴുന്നുണ്ടിപ്പോഴും...

ഇന്നലെപ്പെയ്ത മഞ്ഞില്‍ തണുത്തുവിറച്ചുറങ്ങിയ അങ്ങാടിപ്പുറത്തിന് ഊതിയൂതിക്കുടിയ്ക്കാനൊരു കടുംകാപ്പി വേണന്ന് തോന്നുന്നു, ന്തായാലും നിക്ക് വേണം നല്ല ചൂടുള്ളൊരു കടുംകാപ്പി...

നല്ല തണുപ്പ്..!!

-ഫീലിംഗ്:  ഒരു നുണക്കഥയുടെ ഉത്തരമൊളിപ്പിച്ച മഞ്ഞുകട്ടയുരുകുന്നതും കാത്ത് അസ്വസ്ഥനായി...

Friday, 13 December 2013

മഴയിലലിഞ്ഞില്ലാതായിട്ടും തിരികെ കിട്ടിയത്

ഓടിനനഞ്ഞൊരു തുലാവര്‍ഷം ശകാരങ്ങള്‍ക്കിടയില്‍ തുവര്‍ത്തുകയും, കട്ടിയുള്ള പുതപ്പിനുള്ളില്‍ അമ്മയുണ്ടാക്കിത്തന്ന കടുംകാപ്പി ഊതിക്കുടിക്കുന്നതിനിടെ അമ്മയെ കൊഞ്ഞനംകുത്തുകയും ചെയ്യുന്ന ഒരേടത്തിയും അനിയനും നഷ്ടങ്ങളുടെ മച്ചിന്‍പുറത്തെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്...

പിറന്നാളുകള്‍ക്ക് അച്ഛന്‍ പുത്തനുടുപ്പ്‌ വാങ്ങിത്തരുമ്പോള്‍, ഏടത്തി സമ്മാനമായി തന്നിരുന്ന, താനെണ്ണി തീരാത്തത്രയും മഞ്ചാടിക്കുരുക്കളോടായിരുന്നില്ലേ തനിക്ക് പ്രിയം?? അമ്മയും അച്ഛനും തരുന്ന ഒരുരുള ചോറിനൊപ്പം ഏടത്തിയുടെ കൈകളിലെ പായസംകൂട്ടിയ, മധുരമുള്ള ഒരുരുള ചോറിനോടായിരുന്നെനിക്ക് എന്നുമിഷ്ടം...

അമ്പലത്തില്‍നിന്ന് ദീപാരാധന തൊഴുത്, ഇരുട്ടുവീണ വാര്യത്തെ ഇടവഴിയിലൂടെ മടങ്ങുമ്പോഴെന്നെ മുറുകെപ്പിടിക്കുന്ന ഏടത്തിയുടെ കൈകള്‍ക്ക് പേടിയുടെ തണുപ്പായിരുന്നെപ്പോഴും. അന്ന്... ഇടവഴിയിലൂടെ മഞ്ചാടിക്കുരുക്കളും  പെറുക്കിയോടുമ്പോള്‍, എനിക്ക് പിറകെയോടിക്കിതയ്ക്കുന്ന ഏടത്തിയെ കൊണ്ടുപോയതേത് തുലാവര്‍ഷമാണ്?? അറിയില്ലെനിക്ക്...

മഴയിലലിഞ്ഞില്ലാതായ ആ സ്നേഹത്തിന് പകരമായതൊന്നും ഇതുവരെ കിട്ടിയിട്ടില്ല !!

രണ്ടാം ക്ലാസില്‍ കൂടെയുണ്ടായിരുന്ന മനുവിന്‍റെ പുസ്തകങ്ങളൊക്കെയും നിറമുള്ള കടലാസ്സുകൊണ്ട് ഭംഗിയായി പൊതിഞ്ഞുകൊടുക്കുകയും ഭംഗിയുള്ള കൈപ്പടയില്‍ പുസ്തകങ്ങളില്‍ പേരെഴുതുകയും, ഉച്ചഭക്ഷണത്തിന്‍റെ നേരത്ത് ക്ലാസിലേക്കുവന്ന്, അവനെ കൂടെയിരുത്തി ചോറ് വാരിക്കൊടുക്കുകയും ചെയ്യുന്ന മൃദുലേച്ചിയും... അടുക്കളയിലെ പാതുകത്തിലിരുന്ന് ചമ്മന്തിപ്പൊടികൂട്ടി ദോശ കഴിക്കുന്ന ഉണ്ണിയ്ക്ക്, ചൂടോടെ ദോശചുട്ടുകൊടുക്കുന്ന ദേവ്യേച്ചിയുമൊക്കെ എനിക്കില്ലാത്ത ഭാഗ്യങ്ങളാണ്... കണ്ണുകളുടെ വശത്തേക്ക് ഓടിപ്പോകുന്ന കണ്ണീരിന്‍റെ ചൂടുള്ള ഓര്‍മ്മകളാണ്.

വക്കുപൊട്ടിയ വാക്കുകള്‍ക്കൊടുവില്‍, 'കണ്ണാ... നീയിങ്ങനെ സങ്കടപ്പെട്ട് കാണുമ്പൊ, നിയ്ക്കും സങ്കടാവ്ണുണ്ട്ട്ടോ'യെന്ന് പറഞ്ഞപ്പോള്‍... ആ തണുപ്പുള്ള കൈകളെന്നെ മുറുകെപ്പിടിച്ചപ്പോള്‍...  നഷ്ടങ്ങളുടെ ആകെത്തുക കുറയുകയായിരുന്നു. മഴ നഷ്ടപ്പെടുത്തിയതെനിക്ക് തിരികെ കിട്ടുകയായിരുന്നു.

...എന്നിട്ടും, മറവിയുടെ മാറാലയ്ക്കപ്പുറത്തെന്നെ നോക്കി ചിരിക്കുന്ന വാത്സല്യത്തിലേക്ക് നോക്കുമ്പോള്‍, കാഴ്ചയെ മറയ്ക്കുന്നൊരു കണ്ണീരെന്‍റെ മുന്‍പില്‍ വന്നുനില്‍ക്കുന്നതെന്തിനാണ്?? അറിയില്ല... ഉത്തരമില്ലാത്ത ഈ ചോദ്യത്തിനെ ഞാന്‍ മനസ്സിനകത്തേക്ക് അലയാന്‍ വിടുകയാണ്.

(സ്നേഹത്തിന്‍റെ നിറുകില്‍ ബ്ലഡ്‌ ടെസ്റ്റ്‌ നടത്തേണ്ടതില്ലെന്ന തിരിച്ചറിവോടെ, ആ വാത്സല്യാമൃതം ആവോളം നുണയുകയാണ് ഞാന്‍...)

Thursday, 12 December 2013

വേദനയുടെ തീചൂളയില്‍ നിന്നോടൊപ്പം ഞാനും കനലാകുകയാണ് !!

"കത്തിത്തീരാറായ പകലിലേക്ക് ചിറകടിച്ചുയരുന്നുണ്ടൊരു മൗനം.
പുഞ്ചിരികളുടെ പ്രണയാസ്ത്രങ്ങളെന്നിലേക്കെറിഞ്ഞവള്‍ മൗനത്തിന്‍റെ മറനീക്കിയപ്പോള്‍ പ്രണയത്തിലേക്കായിരുന്നത്... അതെ ഞാനിന്ന് പ്രണയത്തിലാണ്."


'നീ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു, അവള്‍ നിന്നെയും...'

ചിതലുകള്‍ തിന്നുതീരാറായ പുസ്തകത്താളിലെ എന്‍റെ കയ്യക്ഷരങ്ങളെന്നെ ഓര്‍മ്മപ്പെടുത്തുകയാണോ? ഓര്‍മ്മിപ്പിക്കുന്നതെന്തിന്? മറവിയുടെ മാറാലയ്ക്കപ്പുറത്തേയ്ക്ക് ആ ഓര്‍മ്മകള്‍ നടന്നുപോയിട്ടുണ്ടോ?? ഒരിക്കലുമില്ലാ... നീയില്ലാത്ത ഒരുനിമിഷം പോലും ഞാന്‍ ജീവിച്ചിട്ടില്ല പെണ്ണേ...

"നിന്നോടുള്ള പ്രണയത്തിലെ, ആ വേദനകളോടാണ് എനിക്കെന്നും പ്രിയം"