ഓടിനനഞ്ഞൊരു തുലാവര്‍ഷം ശകാരങ്ങള്ക്കിടയില് തുവര്‍ത്തുകയും, കട്ടിയുള്ള പുതപ്പിനുള്ളില്‍ അമ്മയുണ്ടാക്കിത്തന്ന കടുംകാപ്പി ഊതിക്കുടിക്കുന്നതിനിടെ അമ്മയെ കൊഞ്ഞനംകുത്തുകയും ചെയ്യുന്ന ഒരേടത്തിയും അനിയനും നഷ്ടങ്ങളുടെ മച്ചിന്‍പുറത്തെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്...
പിറന്നാളുകള്‍ക്ക് അച്ഛന് പുത്തനുടുപ്പ് വാങ്ങിത്തരുമ്പോള്‍, ഏടത്തി സമ്മാനമായി തന്നിരുന്ന, താനെണ്ണി തീരാത്തത്രയും മഞ്ചാടിക്കുരുക്കളോടായിരുന്നില്ലേ തനിക്ക് പ്രിയം?? അമ്മയും അച്ഛനും തരുന്ന ഒരുരുള ചോറിനൊപ്പം ഏടത്തിയുടെ കൈകളിലെ പായസംകൂട്ടിയ, മധുരമുള്ള ഒരുരുള ചോറിനോടായിരുന്നെനിക്ക് എന്നുമിഷ്ടം...
അമ്പലത്തില്‍നിന്ന് ദീപാരാധന തൊഴുത്, ഇരുട്ടുവീണ വാര്യത്തെ ഇടവഴിയിലൂടെ മടങ്ങുമ്പോഴെന്നെ മുറുകെപ്പിടിക്കുന്ന ഏടത്തിയുടെ കൈകള്‍ക്ക് പേടിയുടെ തണുപ്പായിരുന്നെപ്പോഴും. അന്ന്... ഇടവഴിയിലൂടെ മഞ്ചാടിക്കുരുക്കളും പെറുക്കിയോടുമ്പോള്‍, എനിക്ക് പിറകെയോടിക്കിതയ്ക്കുന്ന ഏടത്തിയെ കൊണ്ടുപോയതേത് തുലാവര്‍ഷമാണ്?? അറിയില്ലെനിക്ക്...
മഴയിലലിഞ്ഞില്ലാതായ ആ സ്നേഹത്തിന് പകരമായതൊന്നും ഇതുവരെ കിട്ടിയിട്ടില്ല !!
രണ്ടാം ക്ലാസില്‍ കൂടെയുണ്ടായിരുന്ന മനുവിന്റെ പുസ്തകങ്ങളൊക്കെയും നിറമുള്ള കടലാസ്സുകൊണ്ട് ഭംഗിയായി പൊതിഞ്ഞുകൊടുക്കുകയും ഭംഗിയുള്ള കൈപ്പടയില്‍ പുസ്തകങ്ങളില്‍ പേരെഴുതുകയും, ഉച്ചഭക്ഷണത്തിന്റെ നേരത്ത് ക്ലാസിലേക്കുവന്ന്, അവനെ കൂടെയിരുത്തി ചോറ് വാരിക്കൊടുക്കുകയും ചെയ്യുന്ന മൃദുലേച്ചിയും... അടുക്കളയിലെ പാതുകത്തിലിരുന്ന് ചമ്മന്തിപ്പൊടികൂട്ടി ദോശ കഴിക്കുന്ന ഉണ്ണിയ്ക്ക്, ചൂടോടെ ദോശചുട്ടുകൊടുക്കുന്ന ദേവ്യേച്ചിയുമൊക്കെ എനിക്കില്ലാത്ത ഭാഗ്യങ്ങളാണ്... കണ്ണുകളുടെ വശത്തേക്ക് ഓടിപ്പോകുന്ന കണ്ണീരിന്റെ ചൂടുള്ള ഓര്‍മ്മകളാണ്.
വക്കുപൊട്ടിയ വാക്കുകള്‍ക്കൊടുവില്‍, 'കണ്ണാ... നീയിങ്ങനെ സങ്കടപ്പെട്ട് കാണുമ്പൊ, നിയ്ക്കും സങ്കടാവ്ണുണ്ട്ട്ടോ'യെന്ന് പറഞ്ഞപ്പോള്‍... ആ തണുപ്പുള്ള കൈകളെന്നെ മുറുകെപ്പിടിച്ചപ്പോള്‍... നഷ്ടങ്ങളുടെ ആകെത്തുക കുറയുകയായിരുന്നു. മഴ നഷ്ടപ്പെടുത്തിയതെനിക്ക് തിരികെ കിട്ടുകയായിരുന്നു.
...എന്നിട്ടും, മറവിയുടെ മാറാലയ്ക്കപ്പുറത്തെന്നെ നോക്കി ചിരിക്കുന്ന വാത്സല്യത്തിലേക്ക് നോക്കുമ്പോള്‍, കാഴ്ചയെ മറയ്ക്കുന്നൊരു കണ്ണീരെന്റെ മുന്പില് വന്നുനില്‍ക്കുന്നതെന്തിനാണ്?? അറിയില്ല... ഉത്തരമില്ലാത്ത ഈ ചോദ്യത്തിനെ ഞാന്‍ മനസ്സിനകത്തേക്ക് അലയാന്‍ വിടുകയാണ്.
(സ്നേഹത്തിന്റെ നിറുകില്‍ ബ്ലഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന തിരിച്ചറിവോടെ, ആ വാത്സല്യാമൃതം ആവോളം നുണയുകയാണ് ഞാന്‍...)
"മഴയിലലിഞ്ഞില്ലാതായ ആ സ്നേഹത്തിന് പകരമായതൊന്നും ഇതുവരെ കിട്ടിയിട്ടില്ല !!"
ReplyDeleteചില ആളുകളെ പകരംവയ്ക്കാന്‍ ലോകത്തെവിടെയും ആരും ഉണ്ടാവില്ല! :(