"ഷഷ്ടിയെ നോക്ക ശരവണഭവന....." തലയിണക്കീഴില്‍ വച്ചിരുന്ന മൊബൈലില്‍ നിത്യശ്രീ പാടുന്നത് കേട്ട് ഞാന്‍ ഫോണ്‍ തപ്പിയെടുത്തു.
'സര്‍വേശ്വരാ.... എട്ടരയായോ....' എട്ടുമണിക്കെഴുന്നേല്‍ക്കുന്നതിനു അലാറം വച്ചിരുന്നതാണ്. ഉറക്കത്തെ വിരട്ടിയോടിച്ച് ഞാന്‍ ബാത്റൂമിന് മുന്നിലേക്കോടി. പണ്ടാരമടങ്ങാനായിട്ട് ലവനതിനകത്ത് കേറി അടയിരിക്കുവാണ്. തെണ്ടി, ഇനി അവനിറങ്ങുന്നതിന് ഒരു മണിക്കൂറെങ്കിലുമാകും.....
അവനെ അത്യാവശ്യം നല്ല രീതിയില്‍ത്തന്നെ പ്രാകിക്കൊണ്ട് തിരികെ കട്ടിലിലേക്ക് മലര്‍ന്നു. ചന്തിയില്‍ ചൂടേല്‍ക്കുന്നതുവരെ കിടന്നുറങ്ങുന്നപതിവ് ചെന്നൈയിലേക്ക് വണ്ടി കയറുമ്പോഴേ ഉപേക്ഷിച്ചതാണ്. അതിരാവിലെ എഴുന്നേല്‍ക്കുമെന്ന് തെറ്റിദ്ധരിക്കരുത്, ഞാനിപ്പോള്‍ കിടക്കുന്നത് ചന്തിയിലേക്ക് നേരിട്ട് ചൂടേല്‍ക്കുന്നിടത്തല്ല ...അതുകൊണ്ടാണ്.
'ഛെ.... ന്നാലും, ഇവരിതെന്ത് പണിയാ കാണിച്ചേ, (....മ്മടെ നിത്യശ്രീയേയ്) അല്ല ...അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്യ. നാലഞ്ചുതവണ പാടിയതാ, ന്നാലും... അവര്‍ക്കൊന്നുറക്കെ പാടാരുന്നില്ലേ..??'
കട്ടിലില്‍ക്കിടന്ന മൊബൈല്‍ മുരണ്ടുണര്‍ന്ന്, ഒരു മെസ്സേജിനെ തന്നിട്ട് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു മെസ്സേജ്- ഹൃദയം നിറച്ചുകൊണ്ടൊരുത്തന്‍ 'കേരളപ്പിറവി ആശംസ' അറിയിച്ചിരിക്കുന്നു.
കേരളപ്പിറവി ദിനം, മലയാളികളായ എല്ലാ തരുണീമണികളും ലലനാമണികളും സെറ്റുസാരിയോ സെറ്റുമുണ്ടോ ഒക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി പോകുന്ന കണ്ണിന് കുളിര്‍മയുള്ള ആ കാഴ്ച കാണാനുള്ള ഭാഗ്യം നഷ്ടമായി. കുളിക്കാതെ ഉറക്കച്ചടവുള്ള മുഖവുമായി കാതിലൊരു ഇയര്‍ഫോണും വച്ച്, ജീന്‍സും ടോപ്പുമൊക്കെയിട്ട് പോകുന്ന തമിഴ് പെണ്‍കൊടികള്‍ തന്നെ ഇന്നും കണ്ണിന് കണിയൊരുക്കും.
കഴിഞ്ഞുപോയൊരു കേരളപ്പിറവിയുടെ അന്ന്, നാട്ടിലായിരുന്നതുകൊണ്ട് ഓഫീസിലേക്കിറങ്ങുമ്പോള്‍ ഞാനും മുണ്ടും ഷര്‍ട്ടുമാക്കി വേഷം. ക്ഷേത്രത്തില്‍ നിന്നുപോകുന്ന പെണ്ണുങ്ങളെയൊന്നിനെ പോലും ഒഴിവാക്കാതെ നോക്കി. അരികിലൂടെ കടന്നുപോയവരില്‍ ചിലരൊക്കെ നല്ലൊരു ചിരിയോ, ആ മുല്ലപ്പൂവിന്‍റെ മണമോ ഒക്കെ തരാന്‍മറന്നില്ല.
ബസ്സ് സ്റ്റോപ്പിലും വെളുപ്പും കസവുമൊക്കെയണിഞ്ഞ് കേരളപ്പിറവിയില്‍ കേരളത്തനിമയോടെ നില്‍ക്കുന്ന ഒരുപാട് സ്ത്രീരത്നങ്ങളും പുരുഷകേസരികളുമുണ്ട്. എന്തൊക്കെയാണെങ്കിലും പെണ്ണിനെ കാണാനേറ്റവും ഭംഗിയുള്ളത് ഈ വേഷത്തില്‍ത്തന്നെയാണ്.
ബസ്സ് വരാനിനിയും നേരം ബാക്കിയാണ്. ആ പെണ്‍സൗന്ദര്യത്തെ ആസ്വദിക്കുന്നതിനിടയിലാണ്, എനിക്കരികില്‍ സെറ്റുസാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെയിട്ട് സുന്ദരികളായ രണ്ട് ചേച്ചിമാരെ ശ്രദ്ധിച്ചത്. അതിലൊരാള്‍, മുല്ലപ്പൂവൊക്കെ വച്ച് കുറച്ചുവെളുത്ത സുന്ദരി. ആ ചേച്ചി കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വെറുതെ അതെന്തെന്നറിയാന്‍ അവരുടെ സംഭാഷണത്തിനിടയില്‍ ഞാനെന്‍റെ ചെവി കൊണ്ടുവച്ചു. അതിങ്ങനെ-
"......ഇല്യടീ, രാവിലെ അടുക്കളേലെ പണികളൊക്കെ കഴിഞ്ഞ്, കുട്ട്യോളെയൊക്കെ പറഞ്ഞയച്ചിട്ട് നിയ്ക്ക് കുളിക്കാനൊന്നും നേരം കിട്ടീല്യ, അങ്ങേരുണ്ടായിട്ടെന്താ കാര്യം ഒന്ന് സഹായിക്ക്യേം കൂടില്യ" ചേച്ചിയുടെ വാക്കുകള്‍കേട്ട് അവരോടെനിക്ക് കുറച്ചു സഹതാപം തോന്നി, അവരുടെ ഭര്‍ത്താവിനെ മനസ്സുകൊണ്ട് കൂമ്പിനിട്ട് രണ്ടിടിയും കൊടുത്തു. "....ന്നിട്ടെന്നെ രാവിലെ അങ്ങേരോട് വഴക്കിടേണ്ടി വന്നു, എന്നിട്ടാ കുറച്ച് മുല്ലപ്പൂ വാങ്ങിച്ചുകൊണ്ടു തന്നെ, ....ന്നെ കണ്ടാല്‍ കുളിച്ചില്യാന്നു തോന്ന്വോടീ..? സ്പ്രയൊക്കെ അടിച്ചിട്ടുണ്ട് നല്ലോണം..." ശരിയാണ്. ചേച്ചിയെ കണ്ടാല്‍ കുളിച്ചിട്ടില്ലെന്നൊന്നും തോന്നില്ലെന്ന് എനിക്കും തോന്നി. വശത്ത് മുടിയിലൊന്നുതലോടി, മുന്താണിയെടുത്ത് താടിയിലെ വിയര്‍പ്പൊന്ന് ഒപ്പിയെടുത്തിട്ട് ചേച്ചി തുടര്‍ന്നു. "...മാര്‍ക്കറ്റിംഗിലെ ഹരി ഇന്നലെ പറഞ്ഞിരുന്നു, മോളൂ, സെറ്റുടുത്ത് മുല്ലപ്പൂ ചൂടിവരണം നാളെയെന്ന്. അവനിന്നലെ രാത്രീം കൂടെ ഓര്‍മ്മിപ്പിക്കാന്‍ മെസ്സേജും അയച്ചിരുന്നു. അതിന്നലെ അങ്ങേര് കാണാതെ മറയ്ക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയൂ ...ന്നിട്ട് ഇന്നലെ അങ്ങേരുറങ്ങിയിട്ട് ഞാനവനെ വിളിച്ചപ്പോള്‍ പറഞ്ഞു, ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ മാത്രം നീ മെസ്സേജ് അയച്ചാല്‍ മതീന്ന്... ചെക്കന് വല്ലാത്ത കുറുമ്പാണ്, എന്തൊക്കെയാ രാത്രി പറയുന്നേന്നോ...." ചേച്ചിയിലെ നാണിക്കുട്ടി പുറത്തേക്ക് ചാടി, നാണപ്പന്‍ ചേട്ടനെ കെട്ടിപ്പിടിച്ചുചിരിച്ചു. ഞാന്‍ നമിച്ചു. ചേച്ചി പിന്നെയും തുടരുകയാണ്......
പക്ഷേ, ഞാന്‍ നിര്‍ത്തുകയാണ് ...ദേ ലവന്‍ ബാത്‌റൂമില്‍ നിന്നിറങ്ങി. ഇനി ഞാനങ്ങോട്ട് കേറട്ടെ...
ശ്രേഷ്ഠമലയാളത്തിന് പ്രാര്‍ത്ഥനയോടെ എന്‍റെയും കേരളപ്പിറവി ദിനാശംസകള്‍.....
No comments:
Post a Comment