ഇന്നത്തെ മലയാള മനോരമയില്‍ തങ്ങളുടെ പ്രിയപ്പെട്ട വാക്കുകളുമായി യുവ എഴുത്തുകാര്‍... ലാല്വേട്ടന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ഞാനും എന്റെ പ്രിയവാക്കിന് പുറകെ പോയത്...
ഏകാന്തതയുടെ മുനമ്പിലേക്ക് മനസ്സൊന്ന് പാലായനം ചെയ്യുമ്പോള്‍... അല്ലെങ്കില്‍ ഇരുട്ടില്‍, നിദ്രയ്ക്ക് മുമ്പുള്ള നിശബ്ദതയുടെ ഇടയില്‍, മഴയുടെ ചിലമ്പല്‍പോലെ... ജനലഴികളിലൂടെ വരുന്ന ശീതമുള്ള കാറ്റുപോലെ... കാതിലാരോ മന്ത്രിക്കുന്ന ഒരു വാക്ക്... എന്റെ പ്രിയവാക്ക്, 'മഞ്ചാടി'യെന്ന മൂന്നക്ഷരവാക്ക്...
എന്തുകൊണ്ടാണെനിക്ക് ആ വാക്കിനോട് പ്രിയമേറിയത്? ഒരു കര്‍ക്കിടക മഴയില്‍, ഞാനെന്നോട് തന്നെ ചോദിച്ച ചോദ്യം... മഴയിലേക്കിറങ്ങിപ്പോയി, എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് വെറും കയ്യോടെ കയറിവന്നൊരു ചോദ്യത്തിനെ അടുത്തുപിടിച്ചിരുത്തി, പറഞ്ഞുകൊടുത്തൊരു ഉത്തരമുണ്ട്...
ആദ്യമായ് ഒരിഷ്ടം തോന്നിയ പെണ്‍കുട്ടിക്ക് സമ്മാനമായി കൊടുക്കുന്നതിന്, ഇഷ്ടം ഊതിനിറച്ച് പെറുക്കിയെടുത്തത് പടിഞ്ഞാറേത്തൊടിയ്ക്കരികിലെ ഇടവഴിയില്‍ ചിതറിക്കിടക്കുന്ന മഞ്ചാടിക്കുരുക്കള്‍ ആണ്. പ്രണയം, അതിന്റെ സമസ്തഭാവങ്ങളും ഉള്‍ക്കൊണ്ടനിമിഷത്തില്‍ പ്രണയാര്‍ദ്രമായി അവളെ ആദ്യം വിളിച്ചതും 'മഞ്ചാടിപ്പെണ്ണേ..' എന്നായിരുന്നു. പിന്നെയൊരിക്കല്‍, നഷ്ടപ്പെട്ട പ്രണയത്തെയോര്‍ത്ത് ആരും കാണാതെ കണ്ണീര് പൊഴിക്കുമ്പോള്‍ കാഴ്ചക്കാരായി ഇടവഴിയിലുണ്ടായിരുന്നതും അതേ മഞ്ചാടിക്കുരുക്കളായിരുന്നു.
പഴയതെല്ലാം കൂട്ടിവച്ച്... ഓര്‍മ്മയിലെന്നെന്നേയ്ക്കുമായി ഒരു മഞ്ചാടിക്കാലത്തെ അവശേഷിപ്പിച്ച് പോയതും ആ മഞ്ചാടിക്കുരുക്കള്‍ തന്നെയല്ലേ? അതുകൊണ്ടൊക്കെയായിരിക്കാം, 'മഞ്ചാടി'യെന്ന വാക്കിനോട് എനിക്കിത്രയ്ക്കിഷ്ടം.
മഞ്ചാടി എന്റെയും ഏറെ പ്രിയപ്പെട്ട ഒന്നാണ്...ഇപ്പോഴും പെറുക്കിക്കൂട്ടാറുണ്ട്...:)
ReplyDelete