Thursday, 17 December 2015

നീയെവിടെയാണ്?

ഏച്ചുകെട്ടലുകളുടെ ഇന്നലേകളിലാണ് ഞാനിപ്പോഴും. ഉറക്കം തെറ്റുന്ന രാത്രികളില്‍, നീ എനിക്കുള്ളില്‍, സുന്ദരിയായൊരു ദേവീ പ്രതിഷ്ഠയാകുകയും, ആരും കാണുകയില്ലെന്ന തോന്നലുകളിലൊക്കെയും നിന്നെ ചുംബനംകൊണ്ട് പൂജിക്കുകയും ചെയ്തുവെന്ന തെറ്റിന്... മൗനം കൊണ്ട് യുദ്ധം ചെയ്യുകയാണിന്നുമെന്നോട് നീ !!

മിണ്ടാട്ടങ്ങളില്ലാതെ എന്റെ നിഴലുകളില്‍ നിന്ന് ഒളിച്ചുപോകുന്ന നീയെവിടെയാണ്?

നിനക്കൊപ്പമില്ലാതായ മഴ

മറന്നുപോയേയ്ക്കാവുന്ന ഓര്‍മ്മകളുടെ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല അതൊന്നും !! ഇന്നുകളിലേക്ക് ഒലിച്ചിറങ്ങുന്ന ഇന്നലെകളുടെ നനഞ്ഞ അടയാളങ്ങളാണതൊക്കെ... നിശബ്ദമായ മഞ്ഞുപെയ്ത്ത്, മഴയുടെ കടന്നുവരവ്, പുലര്‍ച്ചെ കാണുന്ന പേടിപ്പിക്കുന്നൊരു സ്വപ്നം, മഞ്ചാടിക്കിലുക്കത്തോടെ നീയോടിപ്പോയ അച്ചടക്കമില്ലാത്ത ഇടവഴി, പിന്നെയുമുണ്ട് കുറെ......

നീയില്ലാതായപ്പോള്‍ മെലിഞ്ഞുതുടങ്ങിയ പുഴ നിന്നെച്ചോദിച്ച് വീട്ടിലേക്ക് കയറിവന്നത് കഴിഞ്ഞ മഴക്കാലത്താണ്. തണുത്തുവിറങ്ങലിച്ചുപോയ എന്റെ ഉത്തരങ്ങള്‍ വെറും ഞെരക്കങ്ങള്‍ മാത്രമാണെന്ന് തോന്നി... അതിനപ്പുറം നിസ്സംഗത മാത്രമായ മുഖത്തിന് മുന്‍പിലൂടെ, നമ്മുടേതുമാത്രമായ വഴികളുടെ അടയാളപ്പെടുത്തലായി വേനല്‍വറ്റിയ പുഴയില്‍നിന്ന് നീ പെറുക്കിയെടുത്ത വെള്ളാരങ്കല്ലുകളെ തഴുകിനനച്ചുകൊണ്ട് പുഴ ഇറങ്ങിപ്പോയി.

ഇന്ന്, മഴയെ മെലിഞ്ഞുണങ്ങിയ പുഴ തന്റെ നഗ്‌നമായ മാറിലൊളിപ്പിക്കുന്നു.! മുല ചുരത്താത്ത മേഘങ്ങള്‍ പുക മാത്രമാണ്, അവ നിന്റെ മുഖം കടമെടുത്തിരിയ്ക്കുകയാണ്.

എനിക്ക് ചുറ്റിലുമുള്ള നിന്റെ പെയ്ത്ത്..!!

പകലുണക്കിയ വെയില്‍ നിന്നെക്കുറിച്ച് ഉച്ചത്തില്‍പ്പറയുന്നു, വഴിയോരത്തെ ചരല്‍ക്കല്ലുകള്‍പോലും സത്യമെന്ന് മുടന്തുന്നത് ഇന്നലെകളുടെ സ്മൃതികളിലാണ്. നീയില്ലായ്മ, ഉണങ്ങിക്കരിഞ്ഞ സത്യം ! നനച്ചു തണുപ്പിച്ച നീയോര്‍മ്മ !!

എന്നിട്ടും...

നീയെന്നെ വലിച്ചിഴക്കുകയാണ്, നീയുള്ള ഇന്നലെകളിലേക്ക്. രാത്രികള്‍ പുലരാത്ത താഴ്വാരങ്ങളില്‍ നീ പൂക്കുന്ന മരങ്ങളില്‍ കായ്ക്കാത്ത കനികള്‍ക്കായി ഭ്രാന്തമായ ആവേശത്തോടെ നടക്കുന്ന ഞാന്‍... ഭ്രാന്ത് !!

മഴ തിന്നുന്ന വെയിലുകളില്‍ നിന്റെ നിഴലുകള്‍ വിയര്‍ക്കുന്നു. നീ ഉരുകുന്ന മഞ്ഞുതുള്ളികള്‍ ഞാന്‍ വിശപ്പോടെ കുടിക്കുമ്പോള്‍ കുറച്ചകലെയായി, ചിത്രശലഭങ്ങള്‍ ഉടുത്തുകെട്ടിയ നീയെന്നെ നോക്കുന്നു, ചിതറി ഇല്ലാതാകുന്നു !!!!

Sunday, 28 December 2014

കാലിയാകുന്ന ചിന്തകള്‍

വൈകാരികത തുള്ളിയുറഞ്ഞ മദ്യവളപ്പില്‍
സ്വാര്‍ത്ഥതയുടെ പകല്‍കുനിയന്മാര്‍,
ഇറയത്തൊതുങ്ങിയ ഒറ്റവിളക്കുകള്‍
പിന്നേയും നെടുവീര്‍പ്പിടുന്ന മദ്യവിചാരങ്ങള്‍ക്കിടയില്‍
നുണകള്‍ അപഹസിക്കപ്പെടുമ്പോള്‍
വേരറ്റുവീഴുന്ന ചിന്തകള്‍ ശരികളെ തിരയുന്നു.

Saturday, 20 December 2014

ഉമ്മകളെ ഉത്തരങ്ങളാക്കുന്ന കടങ്കഥകള്‍

പരിചയക്കേടുകള്‍ ചിരിയ്ക്കുന്ന വഴികളിലൂടെ നടന്നുപോകുമ്പോള്‍, പരിചയം നടിച്ചെത്തുന്ന ചോദ്യങ്ങളൊക്കെ പരിചിതം; ഉത്തരങ്ങള്‍ നുണനാവിനെ നുണയുകയല്ലായിരുന്നെങ്കില്‍ മിണ്ടലുകള്‍ക്കിരിയ്ക്കാനുള്ള ഏതെങ്കിലും വൃദ്ധമരത്തിന്റെ മടിയിലിരുന്ന് ഒരുപാട് പറച്ചിലുകളുടെ ഇടവേളയില്‍ നീ ചോദിയ്ക്കുന്ന കടങ്കഥയ്ക്കുത്തരം കാതോരത്ത് ഒരൊറ്റ ഉമ്മയായി ഞാന്‍ തന്നേനെ..!!

Thursday, 13 November 2014

ചിലപ്പോഴെങ്കിലും സ്വപ്‌നങ്ങള്‍ വേലിചാടാറുണ്ട്, കൂടെയുള്ള ചിലരിലേയ്ക്ക്...

മരിച്ചുപോയ
എന്റെ ചില സ്വപ്‌നങ്ങള്‍
ചിലരുടെയുള്ളില്‍
ഒളിച്ചിരിയ്ക്കുന്നതുകണ്ട്
ഇപ്പോഴും വല്ലാതെ
പേടിയ്ക്കാറുണ്ട് ഞാന്‍ !!

Tuesday, 11 November 2014

കുട്ട്യേടത്തിയുടെ ആദി

തെങ്ങോലത്തലപ്പുകള്‍ക്കപ്പുറത്തുനിന്ന്, ഭഗവതിക്കണ്ടത്തിന് മുകളിലൂടെ സൂര്യന്‍ പടിഞ്ഞാറേയ്ക്ക് നടത്തം തുടങ്ങിയപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്, ഉറക്കച്ചടവുള്ള തണുത്ത വെയില്‍ വിടര്‍ന്ന് ചിരിയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതുപോലെ... ഗായത്രീ മന്ത്രങ്ങള്‍ തണുപ്പുള്ള വെയിലിലും ഉരുകിത്തുടങ്ങിരുന്നു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് മുന്‍പില്‍ പിന്നെയും പിന്നെയും തൊഴുത്, ഇനി നാളെ വരാമെന്ന് മനസ്സുകൊണ്ടുറച്ച്, പ്രാരാബ്ദങ്ങളോട് പിണങ്ങി... വരമ്പിലമര്‍ത്തിച്ചവിട്ടി, ഒട്ടും താളമില്ലാതെ നടന്നുവരുന്ന കുട്ട്യേടത്തി നീട്ടിയ ഇലക്കീറിലെ ചന്ദനത്തിന്റെ തണുപ്പിനെ നെറ്റിയിലേയ്ക്ക് പകര്‍ത്തുമ്പോള്‍, അവരുടെ ചിരിയില്‍ വാത്സല്യം നുരഞ്ഞിരുന്നു.
"വേഗം നടന്നോളൂ, വണ്ടിയ്ക്ക് നേരായീലോ... വൈക്വോ കുട്ട്യേ നീയ്..??" എനിക്കുവേണ്ടിയും ആദിയെടുക്കുന്ന അവരോട് ചിരിച്ചു.
"ശരി, പിന്നെക്കാണാട്ടോ കുട്ട്യേടത്ത്യേ"യെന്ന് തിടുക്കപ്പെട്ട്, ഞാന്‍ ചിന്തകളുടെ അരികുപറ്റി വേഗം നടന്നു. ചില സ്നേഹത്തിന്റെ മധുരങ്ങള്‍ അങ്ങനെയാണ്, മറവികളില്‍ വെറുതെ നരച്ചുപോകാന്‍ വിധിക്കപ്പെട്ടവയെന്നപോലെ... നാളെ ഓര്‍ക്കെണ്ടാത്തതെന്നപോലെ...

Thursday, 6 November 2014

മഴ ചൊല്ലിയ കവിതയില്‍ ചിലത്

ഏതൊക്കെയോ തോന്നലുകളില്‍ ജീവിതത്തില്‍നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുമ്പോഴൊക്കെ പുറകോട്ട് വിളിച്ചവരെ സ്നേഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ് പതിവ്. സ്നേഹത്തോട് കെറുവിച്ച് അ..ങ്ങ..നെ ഇരിക്കേണ്ടിവരുമ്പോള്‍ ഏകാന്തതയോട് പൊരുത്തപ്പെടാതെ മഴയിലേക്ക് ഇറങ്ങിയോടുന്ന വാക്കുകളോടും കേറുവിക്കേണ്ടിവരും, മഴനൂലുകള്‍ വാരിപ്പുതച്ചു കയറിവന്ന ചിന്തകള്‍ക്ക് കയറിയിരിയ്ക്കാനൊരിടം തിരയുമ്പോള്‍ ഓര്‍മ്മകളെ കുത്തിനിറച്ച മനസ്സ് കൈമലര്‍ത്തും.

ഇടിച്ചുകുത്തിപ്പെയ്യുന്ന മഴ ഒരു കവിത ഉറക്കെ ചൊല്ലുന്നുന്നത് കേള്‍ക്കാം, ഏതൊക്കെയോ കുരിശു മരണങ്ങളില്‍ വീണ്ടും വീണ്ടും മരണപ്പെട്ടവനെക്കുറിച്ച്...

കാതുകളിലേക്ക് പെയ്തുതുടങ്ങിയ ശബ്ദം മനസ്സേറ്റെടുത്തപ്പോള്‍ അസ്വസ്ഥതകളുടെ രാജ്യത്തേക്ക് പ്രയാണം ആരംഭിക്കുകയായി. നനയാന്‍ മറന്നുപോയ ഒറ്റമഴകള്‍ കണ്ണുകളിലേക്ക് നടന്നു വരികയാണ്, നന്ത്യാര്‍വട്ടം... നനഞ്ഞ തുളസിയിലകള്‍... വഴിയോരത്ത് വീണുപോയ ചിരിത്തുണ്ടിനെ വേറെയാരെങ്കിലുമെടുത്താലോയെന്ന് പേടിയ്ക്കുന്ന കണ്ണീര്‍ സമുദ്രങ്ങള്‍..!! തുലാവര്‍ഷത്തിന്റെ കുടക്കീഴിലൊളിക്കുന്ന മുഖത്ത് പറയാനിനിയുമെന്തൊക്കെയൊ കരുവാളിച്ചുകിടന്നു. മഴയുടെ സംഗീതം- നിശ്വാസം. അവളിലേക്ക് പിന്നെയും ആകാശദൂരം.

മഞ്ഞുകണങ്ങളില്‍ വിരിഞ്ഞ മഴവില്ലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ ഓടിക്കിതയ്ക്കുകയാണ്. പുതപ്പുകള്‍ സംസാരിക്കുന്ന രാവിലേകള്‍... തണുപ്പിലേക്ക് മടിയോടെ നടക്കുന്ന പ്രണയത്തിന് കട്ടന്‍ചായയുടെ കടുപ്പവും മധുരവും.

മറവികള്‍ ആത്മഹത്യ ചെയ്യപ്പെടുന്നു. നെല്‍പായയിലേക്ക് ചായുന്ന വൈകുന്നേരങ്ങളില്‍ പ്രണയം പെയ്യുന്ന ഇടവഴികള്‍ ഞങ്ങള്‍ക്കിടയിലേക്ക് നീണ്ടുവരുന്നു, ചുംബനങ്ങളുരുകുന്ന വെയിലില്‍ സദാചാരം മറവികളെ തിരയുന്നു. ചുണ്ടുകള്‍ മുറിഞ്ഞ് ചോരയൊലിപ്പിക്കുന്നത് പ്രണയവേഗങ്ങളില്‍ സൗകര്യപൂര്‍വ്വം മറന്നത്, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായി പോകുമെന്നറിയാതെയാണ്.

ആഴമുള്ളൊരു വിലാപത്തിലേക്കുണര്‍ന്ന പകലിലെ വെയിലിലുരുകുന്ന പ്രണയം, എല്ലാ ശൂന്യതകളും നാളെകളിലേക്ക് ഒരുമിച്ചുവന്നു നിറയുകയായിരുന്നു. അതോ വക്രിച്ച കശുമാവിന്‍ കൊമ്പില്‍ ആത്മഹത്യ ചെയ്തതോ?? ആറടി മണ്ണ് നീങ്ങി, മഴവില്ല് വിരിയിച്ച കണ്ണീര്‍ത്തുള്ളികള്‍ യാത്രാമൊഴി നല്‍കി... കണ്ണീരിന്റെ ഇടവപ്പാതിയെ ബാക്കിയാക്കി...

ഏതോ അരുളപ്പാടില്‍ മഴ തിരിഞ്ഞുനടന്നു തുടങ്ങി, ചൊല്ലിയവസാനിപ്പിച്ച കവിതയെ വഴിയിലുപേക്ഷിച്ചു. കവിതയിലെ അക്ഷരങ്ങള്‍ ചിതറി, പാദസര മണികളെപ്പോലെ കലമ്പി... അറ്റമില്ലാത്ത വേനലില്‍ തണല്‍ തിരയുമ്പോള്‍ ചിന്തകള്‍ വേരുറപ്പിക്കാതെ ചിതതേടി, മരിയ്ക്കാത്ത ഓര്‍മ്മകള്‍ ഹൃദയത്തിലെ കാരാഗ്രഹത്തിലേക്ക് ചുവടുമാറ്റം നടത്തി.

-വിനീത് വിജയ്‌