മനസ്സിലൊരു പ്രണയം മൊട്ടിട്ട സമയം... അത് വിരിയുന്നതിനും കായ്ക്കുന്നതിനും അവളുമായി നിത്യവും ഒരുപാടുനേരം സംസാരിക്കുന്നത് പതിവായിരുന്നു.
കോഴ്സ് പൂര്‍ത്തിയാക്കി, തിരക്കേടില്ലാത്തൊരു ജോലിക്കും കയറി. മൊബൈലിലൂടെയുള്ള ഞങ്ങളുടെ സംസാരത്തിന്റെ നീളവും കൂടി. ഇടതടവില്ലാതെയുള്ള ഞങ്ങളുടെ സംസാരത്തിന് മൊബൈല്‍ കണക്ഷന് പോസ്റ്റ്പെയ്ഡ് ആക്കി.
മനോഹരമായതും പ്രണയസുരഭിലമായതുമായ ദിനങ്ങള്‍..!!
ഞങ്ങളുടെ സംസാരത്തിന് നീളം പിന്നെയുമൊരുപാട് കൂടി, ഭൂമിക്ക് കീഴിലേതും മേലെയുള്ളതുമായതെല്ലാം ഞങ്ങള്‍ പറഞ്ഞു. ചന്ദ്രേട്ടന്റച്ഛന്‍ ഗോവിന്ദന്‍മാമയ്ക്ക് ഭ്രാന്തായതും, രാധാമണ്യേടത്തിയുടെ നന്ദിനി പശു പ്രസവിച്ചതും, സുശീലേടത്തീടെ മോള് ഇരട്ടപ്രസവിച്ചതും... അങ്ങനെയങ്ങനെയങ്ങനെ....
ഞങ്ങളുടെ സംസാരത്തിന് നീളം പിന്നെയുമൊരുപാട് കൂടി, ഭൂമിക്ക് കീഴിലേതും മേലെയുള്ളതുമായതെല്ലാം ഞങ്ങള്‍ പറഞ്ഞു. ചന്ദ്രേട്ടന്റച്ഛന്‍ ഗോവിന്ദന്‍മാമയ്ക്ക് ഭ്രാന്തായതും, രാധാമണ്യേടത്തിയുടെ നന്ദിനി പശു പ്രസവിച്ചതും, സുശീലേടത്തീടെ മോള് ഇരട്ടപ്രസവിച്ചതും... അങ്ങനെയങ്ങനെയങ്ങനെ....
കൂടാതെ... പ്രണയിക്കുന്ന എല്ലാവരെയുംപോലെ ഞങ്ങളും എല്ലാദിവസവും ആയിരത്തഞ്ഞൂറു 'പറ'യും, പറ വച്ചുകഴിഞ്ഞ് ഒരായിരം 'എന്നിട്ടും', എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ'യുമൊക്കെ ശീലമാക്കി. ഇടമുറിയാത്ത സംസാരത്തിലൂടെ, സ്വപ്നകൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നതിനിടയ്ക്ക് വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് കണക്ഷനുള്ള നന്ദി ഞങ്ങളിരുവരും പങ്കിട്ടുനല്കാന് മറന്നില്ല.
അങ്ങനെയുള്ളൊരു ദിവസം...
അവളോട് കൃഷ്ണേട്ടന്റെ മോള് ഒളിച്ചോടിപ്പോയ കാര്യവും പറഞ്ഞ്, പടിഞ്ഞാറേക്ക് പോകുന്ന വെയിലിനെ നോക്കി പാടവരമ്പിലൂടെ പതിയെ നടന്നുവരുന്നതിനിടയ്ക്ക്, വീട്ടിലേക്കുള്ള വരമ്പ് തിരിയുന്നിടത്തുനിന്നേ കണ്ടു, ഉമ്മറകോലായില് നില്ക്കുന്ന അച്ഛനെ... സംസാരം അവസാനിപ്പിച്ച് മൊബൈല്‍ പോക്കറ്റിലേക്കിട്ട് വേഗം നടന്നു.
അവളോട് കൃഷ്ണേട്ടന്റെ മോള് ഒളിച്ചോടിപ്പോയ കാര്യവും പറഞ്ഞ്, പടിഞ്ഞാറേക്ക് പോകുന്ന വെയിലിനെ നോക്കി പാടവരമ്പിലൂടെ പതിയെ നടന്നുവരുന്നതിനിടയ്ക്ക്, വീട്ടിലേക്കുള്ള വരമ്പ് തിരിയുന്നിടത്തുനിന്നേ കണ്ടു, ഉമ്മറകോലായില് നില്ക്കുന്ന അച്ഛനെ... സംസാരം അവസാനിപ്പിച്ച് മൊബൈല്‍ പോക്കറ്റിലേക്കിട്ട് വേഗം നടന്നു.
പടിക്കല്‍നിന്നുതന്നെ കണ്ടു അച്ഛന്റെ കയ്യിലെ ചുവന്ന കവര്‍ !! വോഡഫോണിന്റെ ഡീറ്റൈല്‍ഡ് ബില്ലാണതെന്ന് അച്ഛന്റെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞു. ഞാന്‍ നിശബ്ദനായി അകത്തേക്ക് കയറി. വിസ്താരം ഉറപ്പ്..!!
നിശബ്ദമായ നിമിഷങ്ങളെ ഞാന്‍ വെറുതെ എണ്ണാന്‍ ശ്രമിച്ചു.
"വിന്വോ..." പുറകെ വന്ന അച്ഛന്റെ വിളിയോടെ ആ നിശബ്ദത പുറത്തെ വെയിലിലേക്ക് ഇറങ്ങിപ്പോയി.
"ഇതെന്താടാ..? ആരുടെയാണ് ഈ നമ്പര്‍..?? നീയിങ്ങനെ ഒരുമണിക്കൂറൊക്കെ സംസാരിക്കുന്നതാരോടാ...??" അച്ഛന് ദേഷ്യം കയ്ച്ചുതുപ്പി. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ എന്നെ വലയം ചെയ്ത് പതുക്കെ നിലത്തുവീണു പിടഞ്ഞു.
"എനിക്കൊന്ന് അറിയണല്ലോ, ത്രയ്ക്ക് നേരം ന്റെ കുട്ടി വര്‍ത്താനം പറയണത് ആരോടാന്ന്..." അച്ഛന്റെ കയ്യിലെ മൊബൈല്‍ വെളിച്ചം കാണിച്ച് ഉണര്‍ന്നപ്പോള്‍ ഞാന്‍ പതിയെ പറഞ്ഞു, "വേണ്ടാ..." അച്ഛന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, അച്ഛന്റെ മുന്നിലേക്ക് ഞാന്‍ കുടഞ്ഞിട്ടു.
തുടര്‍ന്നുള്ള എന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ട് അച്ഛന് പറഞ്ഞതിങ്ങനെ, "അച്ഛന്റെ കുട്ടിയ്ക്കതിനുള്ള സമയൊന്നും ആയിട്ടില്ലിപ്പോ... അതിനാകുമ്പൊ അച്ഛനറിയും..."
മേശയില്‍, പഞ്ചസാരത്തരിയെടുത്ത് പോകുന്ന രണ്ടുറുമ്പുകളെ നോക്കി തലയും താഴ്ത്തിനിന്നിരുന്ന എന്നോട്, അച്ഛന്റെ അടുത്ത ഉത്തരവ്, "മേലില്‍ ആ പെണ്ണിനെ നീയ് വിളിച്ചൂന്ന് ഞാനറിയരുത്. പിന്നെ... ഈ പോസ്റ്റ് പെയ്ഡ് കണക്ഷന് കട്ട് ചെയ്തേക്ക്, ആരെയെങ്കിലും വിളിക്കണെങ്കില് നീ റീചാര്‍ജ് ചെയ്ത് വിളിച്ചാ മതി."
അച്ഛനോട് മറുത്തൊന്നും പറയാതെ മുറിയിലെ ഇരുട്ടിലേക്ക് ഞാനെന്നെ പിടിച്ചിരുത്തുമ്പോള്‍, മനസ്സ് വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് കണക്ഷനുള്ള മരണപത്രം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
പ്രണയത്തിന് വിരാമമായില്ല, വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് കണക്ഷന് ഒഴിവാക്കുന്നതിനുള്ളതെല്ലാം ചെയ്തെങ്കിലും വേറൊരു പ്രശ്നം പുറകെ വരുന്നുണ്ടായിരുന്നു, ഇരുപത് ദിവസത്തെ ഫോണ്‍ ബില്‍... (അന്വഷണത്തില്‍ വോഡഫോണില്‍ നിന്ന് പറഞ്ഞു, ഇനി ബില്‍ വരില്ലെന്ന്)
ഇനി വന്നാല്‍...
അതെന്ന് വരുമെന്നറിയില്ല, ഏകദേശം ദിവസമടുത്ത് തുടങ്ങിയപ്പോള്‍ ഒരാശയം തോന്നി, പോസ്റ്റുമാനെ ചെന്നുകണ്ട് കാര്യം പറയാം... ഫോണ്‍ ബില്‍ വീട്ടില്‍ കൊടുക്കരുതെന്നും...
പിറ്റേന്ന്...
രാവിലെ നേരത്തെയെഴുന്നേറ്റ് നടക്കാന്‍ പോകുന്നൊരു പതിവുണ്ട് അച്ഛന്. ചന്തിയില്‍ വെയിലിന്റെ ചൂട് തട്ടുന്നതുവരെ കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ മടിക്കുന്ന ഞാന്‍, അന്ന് അച്ഛനൊപ്പം ആറുമണിക്കെഴുന്നേറ്റു. അമ്മയില്‍നിന്നൊരു കട്ടന്‍കാപ്പിയും വാങ്ങിക്കുടിച്ച്, അച്ഛനിറങ്ങിയതിന് പുറകെ അച്ഛന് കാണാതെ, അമ്മയുടെ ചെവിയിലേക്കൊരു നുണയും തള്ളി ഞാന്‍ ഇറങ്ങി.
മുന്‍പെങ്ങോ പോയൊരു പരിചയത്തില്‍ പോസ്റ്റ്മാന്റെ വീട്ടിലേക്ക് ഞാന്‍ നടന്നു, മഞ്ഞുവീണുകിടക്കുന്ന ചെമ്മണ്‍പാതയിലൂടെ... നാട്ടുവഴിയിലൂടെ... വയലിലൂടെ... തലേന്ന് വല്യമ്മായിയോട് ചോദിച്ചുമനസ്സിലാക്കിയ വഴിയിലൂടെ വേഗത്തില്‍...
മഞ്ഞുപൊതിഞ്ഞുകിടക്കുന്ന പച്ചനെല്‍ച്ചെടികളെ പുതച്ചുകിടക്കുന്ന വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ നനഞ്ഞ പുല്‍നാമ്പുകളെന്റെ കാലിനെ നക്കി. ഉള്ളിലെ സംഘര്‍ഷത്തില്‍ ഉടലെടുത്ത പേടിയുള്ള ചൂടിനെ തണുപ്പിക്കാനെന്നപോലെ.
കിഴക്ക്, വയലിലേക്ക് മുഖമായി പടിപ്പുരയുള്ള ഒരു വീട്. ഇത് തന്നെയാണ്...
തറവാടും അച്ഛനെയുമൊക്കെ നന്നായറിയുന്ന അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു, പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്തത് അച്ഛന് ഇഷ്ടമായില്ലെന്നും, ഒഴിവാക്കണമെന്ന് പറഞ്ഞതും, ഒഴിവാക്കിയതും. ഇനി ബില്‍ വീട്ടില്‍വന്ന് കണ്ടാല്‍ ദേഷ്യമാകും... അതുകൊണ്ട് എന്റെ പേരിലൊരു ബില്‍ വന്നിട്ടുണ്ടെങ്കില്‍ ഇവിടെ വച്ചാല്‍മതി... ഞാന്‍ വന്നുവാങ്ങിച്ചോളാമെന്നും...'
അദ്ദേഹവും ഭാര്യയും മക്കളും നന്നായൊന്ന് ചിരിച്ചു. കളിയാക്കിയുള്ള ആ ചിരിയില്‍, ഉടുത്ത മുണ്ടില്‍മുള്ളിയവന്റേതുപോലുള്ള അവസ്ഥയായിരുന്നു എന്റേത്.
"ഞാനൊന്ന് നോക്കട്ടെ ചെലപ്പൊ വന്നിട്ടുണ്ടാകും..." പോസ്റ്റുമാന് അകത്തേക്ക് കയറി പോയി.
"...ന്നാലും അച്ഛനെത്ര പേട്യോ?" അദ്ദേഹത്തിന്റെ ഭാര്യ ചായ നീട്ടി, ചായയ്ക്ക് കടിയായി ഇങ്ങനെയൊരു ചോദ്യം തരുമ്പോള്‍ മടിക്കാതെ വാങ്ങേണ്ടിവന്നു. തിരികെ കൊടുക്കാനുള്ള ഉത്തരത്തിനായി ചിരിയ്ക്കാന്‍ ശ്രമിച്ച് മുറ്റത്തുവീണുകിടന്നിരുന്ന പവിഴമല്ലിപ്പൂക്കളിലേക്ക് നോക്കി...
ബില്‍ വന്നിട്ടുണ്ടായിരുന്നു (ഇനി ബില്‍ വരില്ലെന്ന് പറഞ്ഞ, വോഡഫോണ്‍ എക്സിക്യുട്ടീവിനെ നാല് നല്ല തെറി പറയാനും ചവിട്ടിക്കൊല്ലാനും തോന്നി). അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് ബില്‍വാങ്ങി തിരികെ വീട്ടിലേക്ക് ഓടുമ്പോള്‍, വൃശ്ചികത്തണുപ്പിലേക്ക് വെയില് വന്നുതുടങ്ങിയിരുന്നു.
നടത്തം കഴിഞ്ഞ് അച്ഛനെത്തിയിരുന്നില്ല...!!
വിയര്‍പ്പിലും ഉഷ്ണത്തിലും നനഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോള്‍ കണ്ടു, വയല്‍വരമ്പിലൂടെ പതിയെ നടന്നുവരുന്ന അച്ഛനെ... മനസ്സിനുള്ളിലേക്ക് ഒരു തണുപ്പും ഒരു കളവും ചേക്കേറുകയായിരുന്നപ്പോള്‍...
നോക്കിക്കോ ഞാനും ഒരീസം ഇതേപോലെ ഒരു പണി ന്റെഎട്ടന് തരുന്നുണ്ട്
ReplyDelete