ഓര്‍മ്മകളെ വീണ്ടും വരയ്ക്കുമ്പോള്‍, കുട്ടിത്തത്തിന്‍റെ അച്ചടക്കമില്ലാത്ത നാട്ടുവഴികളിലൂടെ മഞ്ചാടിക്കുരുക്കള്‍ പെറുക്കിയോടുന്ന അവളുടെ പാദസരങ്ങളുടെ നനവില്‍ തട്ടിയാകണം ഉറക്കമുണര്‍ന്നത്. വെയില്‍ കത്തിത്തീര്‍ന്ന പകലില്‍ രാത്രി വളര്‍ന്നുതുടങ്ങിയിരുന്നു. ബസ്സിലെ തിരക്ക് കുറഞ്ഞിരിക്കുന്നു. മിക്കവരും ഉറക്കത്തിലേക്ക് വഴുതിയപ്പോള്‍, ചിലര്‍ തങ്ങളുടേതായ അസ്വസ്ഥതകളുടെ കൈ താടിക്ക് കുത്തി പുറത്തെ ഇരുട്ടിലേക്ക് മിഴിച്ചു. മറ്റുചിലര്‍ മൊബൈലിലെന്തൊക്കെയോ തിരഞ്ഞു.
ഞാന്‍ ബസ്സിന് പുറത്തേക്ക് കണ്ണുവച്ചു. മരങ്ങള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ കാഴ്ചയിലേക്ക് ക്രമംതെറ്റിക്കയറിയപ്പോള്‍ പുറത്തെ ഇരുട്ട് ചിലപ്പോഴൊക്കെ വെളിച്ചം കണ്ട് ഞെട്ടിയുണര്‍ന്നു. നിരത്തിലെ ഫ്ലൂറസെന്‍റ് ബോര്‍ഡുകള്‍ വഴിപറയാനും സ്ഥലപ്പേരു പറയാനുംഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍, നിരത്തുവക്കിലെ തട്ടുകടയിലെദോശയൊന്ന് മറിഞ്ഞുകിടന്ന് വേവാന്‍ തുടങ്ങി. ചൂട് കുറഞ്ഞ ഇഡ്ഡലി ദോശയെ നോക്കികെറുവിക്കുന്നുണ്ടോ? രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പറഞ്ഞ വായ കട്ടന്‍ ചായയുടെ ചൂടില്‍ പൊള്ളി... പരസ്യ ബോര്‍ഡില്‍ ശോഭന പറയാനാകാത്തയേതോ ഭാവത്തില്‍ വഴിയാത്രക്കാരെ നോക്കിയപ്പോള്‍, കല്യാണ്‍ സാരീസിന്‍റെ പച്ച സാരിയുടുത്ത ശ്രേയ വശ്യമായി ചിരിച്ചു.
ബസ് ഇരമ്പിക്കയറുന്ന ശബ്ദം കേട്ട്, ഉറങ്ങുകയായിരുന്ന ബസ് സ്റ്റാന്‍റ് ഞെട്ടിപ്പിടഞ്ഞുണര്‍ന്നു. മുഖത്തെ, ഉറക്കംതുടച്ചുകളഞ്ഞുകൊണ്ട് ചിലര്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. വീണ്ടും ബസ് നിരങ്ങി നീങ്ങിത്തുടങ്ങുമ്പോള്‍ ചിലരെല്ലാം ചന്തിയുരച്ച് ഇരിപ്പൊന്നുകൂടെ ഉറപ്പിച്ചു... ഞാനും...
അങ്ങാടിപ്പുറത്ത്, അടഞ്ഞുകിടക്കുന്ന കടയുടെ മുന്‍പില്‍ ബസ് നില്‍ക്കുമ്പോള്‍ രാത്രിക്ക് പ്രായമേറെയായതുപോലെ. ഉണ്ണ്യേട്ടന്‍റെ കടയില്‍നിന്ന് പകല്‍വെയിലില്‍ വിളറിയ വെറ്റിലയുടെ ഞെട്ടികളഞ്ഞ് നൂറ് തേക്കുമ്പോള്‍ അയാള്‍ പറഞ്ഞു, ''നിങ്ങടെ ആ ഭാഗത്തൊരു മരണണ്ടല്ലോ...''
"ആരാത്??" അടയ്ക്ക പല്ലുകള്‍ക്കിടയില്‍ പിടഞ്ഞതുകൊണ്ടോ, നെഞ്ചില്‍ ശൈത്യം ഉറഞ്ഞുകൂടിയതു കൊണ്ടോ ചോദ്യം വല്ലാതെ വിറച്ചതുപോലെ തോന്നി. അറിയില്ലെന്ന മറുപടിയെ ഉണ്ണ്യേട്ടന്‍ സര്‍ബത്ത് ഗ്ലാസ് കഴുകി നീട്ടിയൊഴിച്ചവെള്ളത്തിനൊപ്പം റോഡിലേക്കൊഴിച്ചപ്പോള്‍ പിന്നെയൊന്നും മിണ്ടാനില്ലാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ഉറക്കംതൂങ്ങി കത്തുന്ന ബള്‍ബുകള്‍ താഴെയിട്ട മഞ്ഞവെളിച്ചത്തെ ചവിട്ടി നടക്കുമ്പോള്‍, വഴിയരികിലെയേതോ വീട്ടിലെ ടീവിയില്‍നിന്ന്, കുളിസോപ്പിന്‍റെ പരസ്യ വാചകങ്ങള്‍ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.
ചിന്തകളിലെ ഇടവഴിയിലെവിടെയോ ആ പാദസരങ്ങള്‍ പിന്നെയും കിലുങ്ങി ചിരിക്കുകയും മഞ്ചാടിക്കുരുക്കള്‍ നെഞ്ചിനകത്ത് പെയ്യുകയും ചെയ്തു. ഓര്‍മ്മകളിലെന്തൊക്കെയൊ തിരയുന്ന ചിന്തകളെ മനസ്സിനകത്തേക്ക് അലയാന്‍വിട്ടു.
ഇരുട്ടിലേക്ക് നോക്കിനില്‍ക്കുന്ന കല്ലുപാലം ഒരു പ്രഹേളികയെപോലെ... താഴെ വെള്ളത്തില്‍ ട്യൂബ് ലൈറ്റുകളുടെ പ്രതിബിംബങ്ങള്‍വീണ്, പായല്‍പിടിച്ച് പച്ചനിറമായ വെള്ളം വെളുത്തുകണ്ടു. രാത്രിയുറങ്ങുന്ന വയലിന് ചീവീടുകളുടെ ഒച്ച താളമിട്ടപ്പോള്‍, പാടവരമ്പിനരികില്‍ ഒരു തവള ഇടവപ്പാതിക്കായിക്കരഞ്ഞു. കൊയ്ത്തും മെതിയും കഴിഞ്ഞ്, നിലം പകല്‍ വിണ്ടുകീറിത്തുടങ്ങിയ വയലിന് നടുവിലൂടെ നടക്കുമ്പോള്‍ ദൂരെയെവിടെയോ ഒരു നായ ഓരിയിടുകയും സാവിത്രി ടീച്ചറുടെ വീട്ടില്‍നിന്ന് ഇറങ്ങിവരുന്ന വെളിച്ചത്തെ വല്യവരമ്പിനെ തൊടീക്കാതെ മതിലരികിലെ നേന്ത്രവാഴക്കൈ തടഞ്ഞു നിര്‍ത്തുകയും ചെയ്തു.
ഇരുട്ടിന്‍റെ കരിമ്പടം പുതച്ചുറങ്ങുന് വീടുകളുടെ ഇടയിലൂടെ നടന്നു. രാത്രികള്‍ നുണ പറഞ്ഞുതുടങ്ങിയിരിക്കാം അപ്പോള്‍... അപ്പുണ്ണി പണിക്കരുടെ വീടിന് മുന്‍പില്‍, ഇരുട്ടുനനഞ്ഞ പാടത്ത് അച്ഛന്‍റെ കൈയ്യിലെ ചങ്ങലയില്‍, പരിചയമില്ലാത്ത ഏതോ ശബ്ദത്തിനോട് ആദിയൊന്ന് കുരച്ചത് കേട്ടാണ് അങ്ങോട്ട് നോക്കിയത്.
"അച്ഛാ..." വരവറിയിക്കാനെന്നോണം വെറുതെ വിളിച്ചു. അച്ഛന്‍ അമര്‍ത്തിയൊന്നു മൂളി. തോടിന് കുറുകെയുള്ള പാലത്തിലേക്ക് പതുക്കെ കയറുമ്പോഴേ കണ്ടു ഉമ്മറത്ത് അമ്മമ്മയുടേയും അമ്മയുടേയുംനിഴലനക്കങ്ങള്‍. ഗേറ്റിന്‍റെ ശബ്ദം കേട്ട് പറഞ്ഞുപകുതിയായ പരദൂഷണത്തെ വഴിയിലിറക്കിവിട്ട് അമ്മ പറഞ്ഞു, "ങ്ആ, വിന്വെത്തി..."
ഉറങ്ങാന്‍ വൈകിയതിന്‍റെ ക്ഷീണത്തെ മുഖത്തുനിന്ന് തുടച്ചുകളഞ്ഞിട്ട് അമ്മമ്മ ചോദിച്ചു, "ന്തേന്നമ്മടെ കുട്ടിക്ക് വൈക്യേ?" മനസിനകത്ത് ഒതുക്കിവച്ചിരുന്ന ഏതോ സങ്കടത്തിനെ കാരണമാക്കി അമ്മമ്മ കണ്ണുനിറച്ചു
"ന്തേ, അമ്മാ..??" അമ്മമ്മയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ആ ശരീരം വല്ലാതെ തണുത്തിരുന്നു. രാത്രിയുടെ നിഴലുകള്‍ മരണം വിളിച്ചറിയിച്ചുകൊണ്ട് കയറിവരുന്നപോലെ തണുത്തകാറ്റ് വീശി, മുഖം നനഞ്ഞു. തുലാവര്‍ഷം ബാക്കിയാക്കിയ ഒരു മഴ ആകാശത്ത് മേഘങ്ങള്‍ നിരത്തുന്നുണ്ടോ..??
"വാര്യെത്തെ ആ പെണ്ണ്... വണ്ടിക്ക് ചാടീന്ന്..." തിണ്ണയില്‍വച്ച ബാഗെടുക്കുമ്പോള്‍ അമ്മയുടെ ചിലമ്പിച്ച ശബ്ദം ഇരുട്ടിലേക്കെന്നപോലെ ഇറങ്ങിപ്പോകുകയും തുലാവര്‍ഷം നെഞ്ചിനകത്ത് വലിയൊരു ശബ്ദത്തോടെ ഇടിമുഴക്കുകയും ചെയ്തു.
വാര്യത്തെ ഉണ്ണിമായ !! നെഞ്ചിനകത്ത് പാദസരങ്ങളുടെ മുത്തുകള്‍ അടര്‍ന്നുവീണു. മഞ്ചാടിക്കുരുക്കള്‍ ചിതറിത്തെറിച്ച ഇടവഴികളില്‍ രക്തം കട്ടപിടിച്ചതുപോലെ... വേട്ട മൃഗത്തിന്‍റെ വന്യതയോടെ രാത്രിയുടെ തണുപ്പ് എന്നിലേക്ക് നഖങ്ങളാഴ്ത്തി. നിറയുന്ന കണ്ണുകളിലേക്ക് ഇരുട്ട് കയറിവന്ന് എനിക്ക് അന്ധനെന്ന് പേരിട്ടുതന്നു. റെയില്‍വേ ട്രാക്കില്‍ പേരിടാത്തൊരു പ്രണയം ചോരയില്‍ തെറിക്കുന്നു, കൂടെ പാദസരത്തിന്‍റെ മണികളും.
ഈ ലക്കം ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്
http://www.gulmoharmagazine.com/gulmoharonline/kadhakal/iniyum-kilungi

No comments:
Post a Comment