Friday, 1 November 2013

ഇന്ന്, നവംബര്‍ ഒന്ന്.....

"ഷഷ്ടിയെ നോക്ക ശരവണഭവന....." തലയിണക്കീഴില്‍ വച്ചിരുന്ന ‍മൊബൈലില്‍ നിത്യശ്രീ പാടുന്നത് കേട്ട് ഞാന്‍ ഫോണ്‍ തപ്പിയെടുത്തു.

'സര്‍വേശ്വരാ.... എട്ടരയായോ....' എട്ടുമണിക്കെഴുന്നേല്‍ക്കുന്നതിനു അലാറം വച്ചിരുന്നതാണ്. ഉറക്കത്തെ വിരട്ടിയോടിച്ച് ഞാന്‍ ബാത്റൂമിന് മുന്നിലേക്കോടി. പണ്ടാരമടങ്ങാനായിട്ട്‌ ലവനതിനകത്ത് കേറി അടയിരിക്കുവാണ്. തെണ്ടി, ഇനി അവനിറങ്ങുന്നതിന് ഒരു മണിക്കൂറെങ്കിലുമാകും.....

അവനെ അത്യാവശ്യം നല്ല രീതിയില്‍ത്തന്നെ പ്രാകിക്കൊണ്ട് തിരികെ കട്ടിലിലേക്ക് മലര്‍ന്നു. ചന്തിയില്‍ ചൂടേല്‍ക്കുന്നതുവരെ കിടന്നുറങ്ങുന്നപതിവ് ചെന്നൈയിലേക്ക് വണ്ടി കയറുമ്പോഴേ ഉപേക്ഷിച്ചതാണ്. അതിരാവിലെ എഴുന്നേല്‍ക്കുമെന്ന് തെറ്റിദ്ധരിക്കരുത്, ഞാനിപ്പോള്‍ കിടക്കുന്നത് ചന്തിയിലേക്ക് നേരിട്ട് ചൂടേല്‍ക്കുന്നിടത്തല്ല ...അതുകൊണ്ടാണ്.

'ഛെ.... ന്നാലും, ഇവരിതെന്ത് പണിയാ കാണിച്ചേ, (....മ്മടെ നിത്യശ്രീയേയ്) അല്ല ...അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്യ. നാലഞ്ചുതവണ പാടിയതാ, ന്നാലും... അവര്‍ക്കൊന്നുറക്കെ പാടാരുന്നില്ലേ..??'

കട്ടിലില്‍ക്കിടന്ന മൊബൈല്‍ മുരണ്ടുണര്‍ന്ന്, ഒരു മെസ്സേജിനെ തന്നിട്ട് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു മെസ്സേജ്- ഹൃദയം നിറച്ചുകൊണ്ടൊരുത്തന്‍ 'കേരളപ്പിറവി ആശംസ' അറിയിച്ചിരിക്കുന്നു.

കേരളപ്പിറവി ദിനം, മലയാളികളായ എല്ലാ തരുണീമണികളും ലലനാമണികളും സെറ്റുസാരിയോ സെറ്റുമുണ്ടോ ഒക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി പോകുന്ന കണ്ണിന് കുളിര്‍മയുള്ള ആ കാഴ്ച കാണാനുള്ള ഭാഗ്യം നഷ്ടമായി. കുളിക്കാതെ ഉറക്കച്ചടവുള്ള മുഖവുമായി കാതിലൊരു ഇയര്‍ഫോണും വച്ച്, ജീന്‍സും ടോപ്പുമൊക്കെയിട്ട് പോകുന്ന തമിഴ് പെണ്‍കൊടികള്‍ തന്നെ ഇന്നും കണ്ണിന് കണിയൊരുക്കും.

കഴിഞ്ഞുപോയൊരു കേരളപ്പിറവിയുടെ അന്ന്, നാട്ടിലായിരുന്നതുകൊണ്ട് ഓഫീസിലേക്കിറങ്ങുമ്പോള്‍ ഞാനും മുണ്ടും ഷര്‍ട്ടുമാക്കി വേഷം. ക്ഷേത്രത്തില്‍ നിന്നുപോകുന്ന പെണ്ണുങ്ങളെയൊന്നിനെ പോലും ഒഴിവാക്കാതെ നോക്കി. അരികിലൂടെ കടന്നുപോയവരില്‍ ചിലരൊക്കെ നല്ലൊരു ചിരിയോ, ആ മുല്ലപ്പൂവിന്‍റെ മണമോ ഒക്കെ തരാന്‍മറന്നില്ല.

ബസ്സ്‌ സ്റ്റോപ്പിലും വെളുപ്പും കസവുമൊക്കെയണിഞ്ഞ് കേരളപ്പിറവിയില്‍ കേരളത്തനിമയോടെ നില്‍ക്കുന്ന ഒരുപാട് സ്ത്രീരത്നങ്ങളും പുരുഷകേസരികളുമുണ്ട്. എന്തൊക്കെയാണെങ്കിലും പെണ്ണിനെ കാണാനേറ്റവും ഭംഗിയുള്ളത് ഈ വേഷത്തില്‍ത്തന്നെയാണ്.

ബസ്സ്‌ വരാനിനിയും നേരം ബാക്കിയാണ്. ആ പെണ്‍സൗന്ദര്യത്തെ ആസ്വദിക്കുന്നതിനിടയിലാണ്, എനിക്കരികില്‍ സെറ്റുസാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെയിട്ട് സുന്ദരികളായ രണ്ട് ചേച്ചിമാരെ ശ്രദ്ധിച്ചത്. അതിലൊരാള്‍, മുല്ലപ്പൂവൊക്കെ വച്ച് കുറച്ചുവെളുത്ത സുന്ദരി. ആ ചേച്ചി കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വെറുതെ അതെന്തെന്നറിയാന്‍ അവരുടെ സംഭാഷണത്തിനിടയില്‍ ഞാനെന്‍റെ ചെവി കൊണ്ടുവച്ചു. അതിങ്ങനെ-

"......ഇല്യടീ, രാവിലെ അടുക്കളേലെ പണികളൊക്കെ കഴിഞ്ഞ്, കുട്ട്യോളെയൊക്കെ പറഞ്ഞയച്ചിട്ട് നിയ്ക്ക് കുളിക്കാനൊന്നും നേരം കിട്ടീല്യ, അങ്ങേരുണ്ടായിട്ടെന്താ കാര്യം ഒന്ന് സഹായിക്ക്യേം കൂടില്യ" ചേച്ചിയുടെ വാക്കുകള്‍കേട്ട് അവരോടെനിക്ക് കുറച്ചു സഹതാപം തോന്നി, അവരുടെ ഭര്‍ത്താവിനെ മനസ്സുകൊണ്ട് കൂമ്പിനിട്ട് രണ്ടിടിയും കൊടുത്തു. "....ന്നിട്ടെന്നെ രാവിലെ അങ്ങേരോട് വഴക്കിടേണ്ടി വന്നു, എന്നിട്ടാ കുറച്ച് മുല്ലപ്പൂ വാങ്ങിച്ചുകൊണ്ടു തന്നെ, ....ന്നെ കണ്ടാല്‍ കുളിച്ചില്യാന്നു തോന്ന്വോടീ..? സ്പ്രയൊക്കെ അടിച്ചിട്ടുണ്ട് നല്ലോണം..." ശരിയാണ്. ചേച്ചിയെ കണ്ടാല്‍ കുളിച്ചിട്ടില്ലെന്നൊന്നും തോന്നില്ലെന്ന് എനിക്കും തോന്നി. വശത്ത് മുടിയിലൊന്നുതലോടി, മുന്താണിയെടുത്ത് താടിയിലെ വിയര്‍പ്പൊന്ന് ഒപ്പിയെടുത്തിട്ട് ചേച്ചി തുടര്‍ന്നു. "...മാര്‍ക്കറ്റിംഗിലെ ഹരി ഇന്നലെ പറഞ്ഞിരുന്നു, മോളൂ, സെറ്റുടുത്ത് മുല്ലപ്പൂ ചൂടിവരണം നാളെയെന്ന്. അവനിന്നലെ രാത്രീം കൂടെ ഓര്‍മ്മിപ്പിക്കാന്‍ മെസ്സേജും അയച്ചിരുന്നു. അതിന്നലെ അങ്ങേര് കാണാതെ മറയ്ക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയൂ ...ന്നിട്ട് ഇന്നലെ അങ്ങേരുറങ്ങിയിട്ട് ഞാനവനെ വിളിച്ചപ്പോള്‍ പറഞ്ഞു, ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ മാത്രം നീ മെസ്സേജ് അയച്ചാല്‍ മതീന്ന്... ചെക്കന് വല്ലാത്ത കുറുമ്പാണ്, എന്തൊക്കെയാ രാത്രി പറയുന്നേന്നോ...." ചേച്ചിയിലെ നാണിക്കുട്ടി പുറത്തേക്ക് ചാടി, നാണപ്പന്‍ ചേട്ടനെ കെട്ടിപ്പിടിച്ചുചിരിച്ചു. ഞാന്‍ നമിച്ചു. ചേച്ചി പിന്നെയും തുടരുകയാണ്......

പക്ഷേ, ഞാന്‍ നിര്‍ത്തുകയാണ് ...ദേ ലവന്‍ ബാത്‌റൂമില്‍ നിന്നിറങ്ങി. ഇനി ഞാനങ്ങോട്ട് കേറട്ടെ...

ശ്രേഷ്ഠമലയാളത്തിന് പ്രാര്‍ത്ഥനയോടെ എന്‍റെയും കേരളപ്പിറവി ദിനാശംസകള്‍.....

Sunday, 27 October 2013

ഒരു ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ആത്മഹത്യ ചെയ്യുമ്പോള്‍..!!

തറവാടിന്‍റെ സ്റ്റാറ്റസ് ഒള്ളതും കളഞ്ഞെന്ന ഖ്യാതിയും പേറിനടക്കുന്നവനാണെങ്കിലും, ഫേസ്ബുക്കിലെ എന്‍റെ സ്റ്റാറ്റസുകളെന്നും, സ്റ്റാറ്റസുള്ളത് തന്നെയായിരുന്നു. പക്ഷേ...

എന്നും ചാണകക്കുട്ടയില്‍ ലൈക്കുകളും കമന്‍റുകളും വാരിക്കൂട്ടി വീട്ടിലേക്ക് പോയിരുന്ന ഞാനിന്ന് ഫേസ്ബുക്കിലൊരു സ്റ്റാറ്റസ് ഇട്ടപ്പോള്‍, നാല് ലൈക്കുകളും കമന്‍റായി ഭാര്യയുടെ സ്മൈലിയും. 'അതിനൊരു സ്റ്റാറ്റസും ഇല്ലെടാ...' എന്ന് നെഞ്ചിലേക്ക് ആഴത്തിലൊരു മുറിവിനെ വെട്ടിക്കീറിയിട്ട് നടന്നുപോയ കൂട്ടുകാരുടെ മുന്‍പില്‍ ഞാന്‍ വെറുമൊരു ചങ്കുവായി... 

സ്റ്റാറ്റസുകളുടെ കുട്ടയില്‍, വീണ ലൈക്കുകളും കമന്‍റുകളുംകൊണ്ട് വയറുനിറയില്ലെന്ന് ബോധ്യമാക്കിത്തന്നത് പലചരക്കുകടക്കാരന്‍ ശങ്കരേട്ടനാണ്, പറ്റുപുസ്തകത്തിലെ പേജുകള്‍ തീരുകയും എന്‍റെ പോക്കറ്റില്‍നിന്നും അങ്ങേരുടെ പെട്ടിയിലേക്കുള്ള കാശിന്‍റെ ഒഴുക്ക് ആരോ ചിറകെട്ടി തടഞ്ഞതുപോലെ നില്‍ക്കുകയും ചെയ്തപ്പോള്‍ അങ്ങേരെന്നെ കാര്യമായൊന്ന് കമന്‍റിയത്, തെക്കേവീട്ടിലെ രമണ്യേടത്തിയുടെ മോള് കേട്ടതും, അവളെനിക്കൊരു പുച്ഛത്തിന്‍റെ സ്മൈലി മെസ്സേജ് ഇട്ടിട്ട് നടന്നുപോയതും എനിക്ക് വല്ലാതങ്ങ് കുറച്ചിലായി. പിന്നെ... പച്ചക്കറിക്കടയിലെ മൊയ്തീനിക്കയ്ക്ക് അരക്കിലോ സവാളയ്ക്ക്, ഞാനെണ്ണിക്കൊടുത്ത ലൈക്കുകളെ തിരികെ മുഖത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍, പെരിന്തല്‍മണ്ണയില്‍നിന്ന് ചീമുട്ടയേറ് വാങ്ങിയ സന്തോഷ്‌ പണ്ഡിറ്റിനെപോലെ ഞാനത് ചിരിച്ചുനേരിട്ടു.

പാല്‍ക്കാരി അമ്മിണിയുടെ, ഫോട്ടോ(കണ്ടാ പയ്യ് കഞ്ഞിവെള്ളം കുടിക്കത്തില്ല, അമ്മാതിരി ഫോട്ടോസ്)യ്ക്കെല്ലാം 'ആവ്സം ഡിയര്‍, ബ്യുട്ടിഫുള്‍, നൈസ്' എന്നൊക്കെ കമന്‍റുകയും അവളുടെ കൂതറ സ്റ്റാറ്റസുകള്‍ക്കൊക്കെ വാരിക്കോരി ലൈക്ക് കൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് അവള്‍ പാലിന് കാശ് ചോദിക്കാത്തത്. പേപ്പറുകാരന്‍ ചെക്കനും അതന്നെ അവസ്ഥ... തലതെറിച്ചവന്‍, ഇന്നാള് പൊറത്തൂന്ന് കണ്ടപ്പൊ, 'ഹായ് ബ്രോ'ന്ന്. അടുത്തൂടെ പോയ ആരോ വളിവിട്ട ശബ്ദാണെന്നാ ആദ്യം കരുതിയെ... തിരിഞ്ഞുനോക്കിയപ്പോ ലവനാണ്, അവന്‍റെ പുതിയ പ്രൊഫൈല്‍ ഫോട്ടോയ്ക്കൊന്ന് ലൈക്കിയേക്കണേന്ന്. എന്തുചെയ്യാം കാശുകൊടുക്കാനുണ്ടായിപ്പോയില്ലേ ചവറിനെല്ലാം നിരത്തി ലൈക്കി.

പുതിയ അപ്ഡേറ്റുകളുണ്ടായിട്ടും, മൂലയില്‍ ഒതുങ്ങിപ്പോയ പ്രൊഫൈല്‍പോലെയായിരുന്നു വീട്ടിലെ അവസ്ഥ... കാന്‍സല്‍ ചെയ്തിട്ടും 'റിക്വസ്റ്റ്' പോയതുകൊണ്ട് സംഭവിച്ച അവളുടെ വീര്‍ത്തുവരുന്ന വയറും, ആവശ്യമില്ലാതെ ലൈക്കിയ പേജുകള്‍പോലെ വയറൊട്ടിയ കുഞ്ഞുങ്ങള്‍, വീട്ടിലെ കഷ്ടപ്പാടിനെക്കുറിച്ച് ഇടയ്ക്കിടെ ഓരോ 'പോക്ക്'കൊണ്ട് ഓര്‍മ്മിപ്പിക്കുന്ന അമ്മയും. പ്രൊഫൈല്‍ ഡീ-ആക്ടിവേറ്റ് ചെയ്ത് ദിവസങ്ങളെണ്ണുന്ന അച്ഛന്‍.

ഫേസ്ബുക്കിലേക്ക് ഇനിയില്ലെന്ന തീരുമാനത്തോടെ, അവസാനത്തെ സ്റ്റാറ്റസ് എഴുതുമ്പോള്‍ നെഞ്ചുവല്ലാതെ വേദനിച്ചു, അതിന്ന് ഗണേശന്‍റെ കല്യാണത്തിന് കഴിച്ച ചിക്കന്‍ കറിയിലെ എരിവിന്‍റേതാണെന്ന് സമാധാനിച്ചു. കണ്ണുകള്‍ ചൂടുള്ള കണ്ണീരിനെ തുറന്നുവിട്ടതുകൊണ്ടാകും കീബോര്‍ഡിലെ അക്ഷരങ്ങള്‍ ചുടുവെള്ളത്തില്‍ കുളിച്ചു, അത് അപ്പുറത്ത് അവളരിയുന്ന സവാള കാരണമായിരിക്കാമെന്ന് സമാധാനിച്ച് ഞാനക്ഷരങ്ങളെ സ്റ്റാറ്റസ് ബോക്സിലേക്ക് വാരിയെറിഞ്ഞു...

എഴുതിത്തീര്‍ത്തുകഴിഞ്ഞ് ഒരു ശീര്‍ഷകവും കൊടുത്തു, 'എന്‍റെ പ്രൊഫൈല്‍ ആത്മഹത്യ ചെയ്യുകയാണ്...' കണ്ണുകളെ അമര്‍ത്തിത്തുടച്ചു, വാളിലെ അക്ഷരങ്ങളെ നോക്കി കണ്ണടച്ചു, ഒരുമിനുട്ട്...

'മുപ്പത് ലൈക്കുകള്‍... പതിനെട്ട് കമന്‍റുകള്‍....' ഇതാണ് സ്റ്റാറ്റസ് ഉള്ള സ്റ്റാറ്റസ്... അവസാനത്തെ സ്റ്റാറ്റസ്, ഇനി പോകാം

Thursday, 24 October 2013

'മഞ്ചാടി'യെന്ന പ്രിയവാക്ക്...

ഇന്നത്തെ മലയാള മനോരമയില്‍ തങ്ങളുടെ പ്രിയപ്പെട്ട വാക്കുകളുമായി യുവ എഴുത്തുകാര്‍... ലാല്വേട്ടന്‍റെ പോസ്റ്റ്‌ കണ്ടപ്പോഴാണ് ഞാനും എന്‍റെ പ്രിയവാക്കിന് പുറകെ പോയത്...

ഏകാന്തതയുടെ മുനമ്പിലേക്ക് മനസ്സൊന്ന് പാലായനം ചെയ്യുമ്പോള്‍... അല്ലെങ്കില്‍ ഇരുട്ടില്‍, നിദ്രയ്ക്ക് മുമ്പുള്ള നിശബ്ദതയുടെ ഇടയില്‍, മഴയുടെ ചിലമ്പല്‍പോലെ... ജനലഴികളിലൂടെ വരുന്ന ശീതമുള്ള കാറ്റുപോലെ... കാതിലാരോ മന്ത്രിക്കുന്ന ഒരു വാക്ക്...  എന്‍റെ പ്രിയവാക്ക്, 'മഞ്ചാടി'യെന്ന മൂന്നക്ഷരവാക്ക്...

എന്തുകൊണ്ടാണെനിക്ക്‌ ആ വാക്കിനോട് പ്രിയമേറിയത്? ഒരു കര്‍ക്കിടക മഴയില്‍, ഞാനെന്നോട്‌ തന്നെ ചോദിച്ച ചോദ്യം... മഴയിലേക്കിറങ്ങിപ്പോയി, എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് വെറും കയ്യോടെ കയറിവന്നൊരു ചോദ്യത്തിനെ അടുത്തുപിടിച്ചിരുത്തി, പറഞ്ഞുകൊടുത്തൊരു ഉത്തരമുണ്ട്...

ആദ്യമായ് ഒരിഷ്ടം തോന്നിയ പെണ്‍കുട്ടിക്ക് സമ്മാനമായി കൊടുക്കുന്നതിന്, ഇഷ്ടം ഊതിനിറച്ച് പെറുക്കിയെടുത്തത് പടിഞ്ഞാറേത്തൊടിയ്ക്കരികിലെ ഇടവഴിയില്‍ ചിതറിക്കിടക്കുന്ന മഞ്ചാടിക്കുരുക്കള്‍ ആണ്. പ്രണയം, അതിന്‍റെ സമസ്തഭാവങ്ങളും ഉള്‍ക്കൊണ്ടനിമിഷത്തില്‍ പ്രണയാര്‍ദ്രമായി അവളെ ആദ്യം വിളിച്ചതും 'മഞ്ചാടിപ്പെണ്ണേ..' എന്നായിരുന്നു. പിന്നെയൊരിക്കല്‍, നഷ്ടപ്പെട്ട പ്രണയത്തെയോര്‍ത്ത് ആരും കാണാതെ കണ്ണീര്‍ പൊഴിക്കുമ്പോള്‍ കാഴ്ചക്കാരായി ഇടവഴിയിലുണ്ടായിരുന്നതും അതേ മഞ്ചാടിക്കുരുക്കളായിരുന്നു.

പഴയതെല്ലാം കൂട്ടിവച്ച്... ഓര്‍മ്മയിലെന്നെന്നേയ്ക്കുമായി ഒരു മഞ്ചാടിക്കാലത്തെ അവശേഷിപ്പിച്ച് പോയതും ആ മഞ്ചാടിക്കുരുക്കള്‍ തന്നെയല്ലേ? അതുകൊണ്ടൊക്കെയായിരിക്കാം, 'മഞ്ചാടി'യെന്ന വാക്കിനോട് എനിക്കിത്രയ്ക്കിഷ്ടം.

അല്ല... ശരിക്കും ഇവരിതെന്തോന്നാ ഈ സംസാരിക്കുന്നെ..??

ഈ നട്ടപ്പാതിര്യായിട്ടും ഇവനെന്തുവാടാ ഇത്രേം കെടന്ന് സംസാരിക്കുന്നെ..??

അതറിഞ്ഞൂടെ..??

ആദ്യമൊരു ആയിരത്ത്യഞ്ഞൂറ് 'പറ...'
പറ വച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരായിരം 'എന്നിട്ട്...'
എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ...'

പിന്നെ..?

പിന്നെ നിന്‍റെ മറ്റേ.... ഇനി നിനക്കറിയണമെങ്കില്‍ നീ പോയി പ്രേമിക്കടാ...

Monday, 14 October 2013

വിദ്യാരംഭം

ഇന്ന്‌ വിദ്യാരംഭം... അന്ന്, ഇതുപോലൊരു വിജയദശമി ദിനത്തില്‍...

മഴയുടെ വരവറിയിക്കാനെന്നതുപോലെ ആകാശത്ത് ഇടിഞ്ഞുതൂങ്ങിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍. തലേന്നത്തെ മഴയില്‍കുതിര്‍ന്ന മണ്ണിലൂടെ കുഞ്ഞുകാലുകള്‍ പിച്ചവയ്ക്കുന്നു. ഭക്തിസാന്ദ്രമായ ക്ഷേത്രമുറ്റത്ത് അമ്മയുടെയോ അച്ഛന്‍റെയോ ഒക്കത്തിരിക്കുന്ന കുരുന്നുകള്‍, ആദ്യാക്ഷരത്തിന്‍റെ തിരുമധുരം നുകരാനെത്തിയവര്‍. അവരുടെ കൂട്ടത്തില്‍ ഞാനും..!!

അമ്മയുടെയും കൂടെയുള്ള മറ്റുബന്ധുക്കളുടെയും നടുവില്‍, നിലവിളക്കിന് പിറകില്‍ എന്നെ അച്ഛന്‍റെ മടിയിലിരുത്തി, നാവില്‍ സരസ്വതിമന്ത്രം പൊന്നുകൊണ്ടെഴുതി, പിന്നെ ....അരിയില്‍ 'ഓം ഹരിശ്രീ ഗണപതായെ നമ:' അച്ഛന്‍ കൈ പിടിച്ചെഴുതിച്ചതുമെല്ലാം ഓര്‍മ്മയിലില്ലെങ്കിലും പറഞ്ഞുകേട്ടൊരറിവുണ്ട്.

ഞങ്ങള്‍ വീട്ടില്‍ തിരികെയെത്തുമ്പോള്‍ മേഘങ്ങള്‍ മഴയായി പൊഴിഞ്ഞുതുടങ്ങിയിരുന്നു.

അച്ഛന്‍ കൈ പിടിച്ചെഴുതിച്ച ആ ആദ്യാക്ഷരങ്ങള്‍ ഇന്ന് രാവിലെ മനസ്സുകൊണ്ടെഴുതുമ്പോള്‍, അന്നത്തേതുപോലെ പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘങ്ങള്‍... ഇന്നലെത്തെ മഴയില്‍ നനഞ്ഞ മണ്ണിന്, പുതിയഗന്ധം...

അക്ഷരമധുരം നാവില്‍ നുകരുക... അഞ്ജത മാറ്റി അറിവുകള്‍ തേടുക... നിനക്കായ് കാത്തിരിക്കുന്നു നാളേകളില്‍, അച്ഛനും അമ്മയും വഴികാട്ടികള്‍ മാത്രം. അക്ഷരവെളിച്ചത്തില്‍ ജീവിതം തേടുമ്പോള്‍ വിദ്യയാം സരസ്വതി കൂട്ടിനുണ്ടാവും...

എന്‍റേയും വിജയദശമി ആശംസകള്‍...!!

Thursday, 10 October 2013

എന്‍റെ പ്രണയത്തിലേക്ക് വന്ന വോഡഫോണ്‍ ബില്‍ !!

മനസ്സിലൊരു പ്രണയം മൊട്ടിട്ട സമയം... അത് വിരിയുന്നതിനും കായ്ക്കുന്നതിനും അവളുമായി നിത്യവും ഒരുപാടുനേരം സംസാരിക്കുന്നത് പതിവായിരുന്നു.

കോഴ്സ് പൂര്‍ത്തിയാക്കി, തിരക്കേടില്ലാത്തൊരു ജോലിക്കും കയറി. മൊബൈലിലൂടെയുള്ള ഞങ്ങളുടെ സംസാരത്തിന്‍റെ നീളവും കൂടി. ഇടതടവില്ലാതെയുള്ള ഞങ്ങളുടെ സംസാരത്തിന് മൊബൈല്‍ കണക്ഷന്‍ പോസ്റ്റ്‌പെയ്ഡ് ആക്കി.

മനോഹരമായതും പ്രണയസുരഭിലമായതുമായ ദിനങ്ങള്‍..!!

ഞങ്ങളുടെ സംസാരത്തിന് നീളം പിന്നെയുമൊരുപാട് കൂടി, ഭൂമിക്ക് കീഴിലേതും മേലെയുള്ളതുമായതെല്ലാം ഞങ്ങള്‍ പറഞ്ഞു. ചന്ദ്രേട്ടന്‍റച്ഛന്‍ ഗോവിന്ദന്‍മാമയ്ക്ക് ഭ്രാന്തായതും, രാധാമണ്യേടത്തിയുടെ നന്ദിനി പശു പ്രസവിച്ചതും, സുശീലേടത്തീടെ മോള് ഇരട്ടപ്രസവിച്ചതും... അങ്ങനെയങ്ങനെയങ്ങനെ....

കൂടാതെ... പ്രണയിക്കുന്ന എല്ലാവരെയുംപോലെ ഞങ്ങളും എല്ലാദിവസവും ആയിരത്തഞ്ഞൂറു 'പറ'യും, പറ വച്ചുകഴിഞ്ഞ് ഒരായിരം 'എന്നിട്ടും', എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ'യുമൊക്കെ ശീലമാക്കി. ഇടമുറിയാത്ത സംസാരത്തിലൂടെ, സ്വപ്നകൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നതിനിടയ്ക്ക് വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനുള്ള നന്ദി ഞങ്ങളിരുവരും പങ്കിട്ടുനല്‍കാന്‍ മറന്നില്ല.

അങ്ങനെയുള്ളൊരു ദിവസം...

അവളോട്‌ കൃഷ്ണേട്ടന്‍റെ മോള് ഒളിച്ചോടിപ്പോയ കാര്യവും പറഞ്ഞ്, പടിഞ്ഞാറേക്ക് പോകുന്ന വെയിലിനെ നോക്കി പാടവരമ്പിലൂടെ പതിയെ നടന്നുവരുന്നതിനിടയ്ക്ക്, വീട്ടിലേക്കുള്ള വരമ്പ് തിരിയുന്നിടത്തുനിന്നേ കണ്ടു, ഉമ്മറകോലായില്‍ നില്‍ക്കുന്ന അച്ഛനെ... സംസാരം അവസാനിപ്പിച്ച് മൊബൈല്‍ പോക്കറ്റിലേക്കിട്ട് വേഗം നടന്നു.

പടിക്കല്‍നിന്നുതന്നെ കണ്ടു അച്ഛന്‍റെ കയ്യിലെ ചുവന്ന കവര്‍ !! വോഡഫോണിന്‍റെ ഡീറ്റൈല്‍ഡ് ബില്ലാണതെന്ന് അച്ഛന്‍റെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞു. ഞാന്‍ നിശബ്ദനായി അകത്തേക്ക് കയറി. വിസ്താരം ഉറപ്പ്..!!

നിശബ്ദമായ നിമിഷങ്ങളെ ഞാന്‍ വെറുതെ എണ്ണാന്‍ ശ്രമിച്ചു.

"വിന്വോ..." പുറകെ വന്ന അച്ഛന്‍റെ വിളിയോടെ ആ നിശബ്ദത പുറത്തെ വെയിലിലേക്ക് ഇറങ്ങിപ്പോയി.

"ഇതെന്താടാ..? ആരുടെയാണ് ഈ നമ്പര്‍..?? നീയിങ്ങനെ ഒരുമണിക്കൂറൊക്കെ സംസാരിക്കുന്നതാരോടാ...??" അച്ഛന്‍ ദേഷ്യം കയ്ച്ചുതുപ്പി. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ എന്നെ വലയം ചെയ്ത് പതുക്കെ നിലത്തുവീണു പിടഞ്ഞു.

"എനിക്കൊന്ന് അറിയണല്ലോ, ത്രയ്ക്ക് നേരം ന്‍റെ കുട്ടി വര്‍ത്താനം പറയണത് ആരോടാന്ന്..." അച്ഛന്‍റെ കയ്യിലെ മൊബൈല്‍ വെളിച്ചം കാണിച്ച് ഉണര്‍ന്നപ്പോള്‍ ഞാന്‍ പതിയെ പറഞ്ഞു, "വേണ്ടാ..." അച്ഛന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, അച്ഛന്‍റെ മുന്നിലേക്ക് ഞാന്‍ കുടഞ്ഞിട്ടു.

തുടര്‍ന്നുള്ള എന്‍റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞതിങ്ങനെ, "അച്ഛന്‍റെ കുട്ടിയ്ക്കതിനുള്ള സമയൊന്നും ആയിട്ടില്ലിപ്പോ... അതിനാകുമ്പൊ അച്ഛനറിയും..."

മേശയില്‍, പഞ്ചസാരത്തരിയെടുത്ത് പോകുന്ന രണ്ടുറുമ്പുകളെ നോക്കി തലയും താഴ്ത്തിനിന്നിരുന്ന എന്നോട്, അച്ഛന്‍റെ അടുത്ത ഉത്തരവ്, "മേലില്‍ ആ പെണ്ണിനെ നീയ് വിളിച്ചൂന്ന് ഞാനറിയരുത്. പിന്നെ... ഈ പോസ്റ്റ്‌ പെയ്ഡ് കണക്ഷന്‍ കട്ട് ചെയ്തേക്ക്, ആരെയെങ്കിലും വിളിക്കണെങ്കില് നീ റീചാര്‍ജ് ചെയ്ത് വിളിച്ചാ മതി."

അച്ഛനോട് മറുത്തൊന്നും പറയാതെ മുറിയിലെ ഇരുട്ടിലേക്ക് ഞാനെന്നെ പിടിച്ചിരുത്തുമ്പോള്‍, മനസ്സ് വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനുള്ള മരണപത്രം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

പ്രണയത്തിന് വിരാമമായില്ല, വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ ഒഴിവാക്കുന്നതിനുള്ളതെല്ലാം ചെയ്തെങ്കിലും വേറൊരു പ്രശ്നം പുറകെ വരുന്നുണ്ടായിരുന്നു, ഇരുപത് ദിവസത്തെ ഫോണ്‍ ബില്‍... (അന്വഷണത്തില്‍ വോഡഫോണില്‍ നിന്ന് പറഞ്ഞു, ഇനി ബില്‍ വരില്ലെന്ന്)

ഇനി വന്നാല്‍...

അതെന്ന് വരുമെന്നറിയില്ല, ഏകദേശം ദിവസമടുത്ത് തുടങ്ങിയപ്പോള്‍ ഒരാശയം തോന്നി, പോസ്റ്റുമാനെ ചെന്നുകണ്ട് കാര്യം പറയാം... ഫോണ്‍ ബില്‍ വീട്ടില്‍ കൊടുക്കരുതെന്നും...

പിറ്റേന്ന്...

രാവിലെ നേരത്തെയെഴുന്നേറ്റ് നടക്കാന്‍ പോകുന്നൊരു പതിവുണ്ട് അച്ഛന്. ചന്തിയില്‍ വെയിലിന്‍റെ ചൂട് തട്ടുന്നതുവരെ കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ മടിക്കുന്ന ഞാന്‍, അന്ന് അച്ഛനൊപ്പം ആറുമണിക്കെഴുന്നേറ്റു. അമ്മയില്‍നിന്നൊരു കട്ടന്‍കാപ്പിയും വാങ്ങിക്കുടിച്ച്, അച്ഛനിറങ്ങിയതിന് പുറകെ അച്ഛന്‍ കാണാതെ, അമ്മയുടെ ചെവിയിലേക്കൊരു നുണയും തള്ളി ഞാന്‍ ഇറങ്ങി.

മുന്‍പെങ്ങോ പോയൊരു പരിചയത്തില്‍ പോസ്റ്റ്‌മാന്‍റെ വീട്ടിലേക്ക് ഞാന്‍ നടന്നു, മഞ്ഞുവീണുകിടക്കുന്ന ചെമ്മണ്‍പാതയിലൂടെ... നാട്ടുവഴിയിലൂടെ... വയലിലൂടെ... തലേന്ന് വല്യമ്മായിയോട് ചോദിച്ചുമനസ്സിലാക്കിയ വഴിയിലൂടെ വേഗത്തില്‍...

മഞ്ഞുപൊതിഞ്ഞുകിടക്കുന്ന പച്ചനെല്‍ച്ചെടികളെ പുതച്ചുകിടക്കുന്ന വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ നനഞ്ഞ പുല്‍നാമ്പുകളെന്‍റെ കാലിനെ നക്കി. ഉള്ളിലെ സംഘര്‍ഷത്തില്‍ ഉടലെടുത്ത പേടിയുള്ള ചൂടിനെ തണുപ്പിക്കാനെന്നപോലെ.

കിഴക്ക്, വയലിലേക്ക് മുഖമായി പടിപ്പുരയുള്ള ഒരു വീട്. ഇത് തന്നെയാണ്...

തറവാടും അച്ഛനെയുമൊക്കെ നന്നായറിയുന്ന അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു, പോസ്റ്റ്‌ പെയ്ഡ് കണക്ഷനെടുത്തത് അച്ഛന് ഇഷ്ടമായില്ലെന്നും, ഒഴിവാക്കണമെന്ന് പറഞ്ഞതും, ഒഴിവാക്കിയതും. ഇനി ബില്‍ വീട്ടില്‍വന്ന് കണ്ടാല്‍ ദേഷ്യമാകും... അതുകൊണ്ട് എന്‍റെ പേരിലൊരു ബില്‍ വന്നിട്ടുണ്ടെങ്കില്‍ ഇവിടെ വച്ചാല്‍മതി... ഞാന്‍ വന്നുവാങ്ങിച്ചോളാമെന്നും...'

അദ്ദേഹവും ഭാര്യയും മക്കളും നന്നായൊന്ന് ചിരിച്ചു. കളിയാക്കിയുള്ള ആ ചിരിയില്‍, ഉടുത്ത മുണ്ടില്‍മുള്ളിയവന്‍റേതുപോലുള്ള അവസ്ഥയായിരുന്നു എന്‍റേത്.

"ഞാനൊന്ന് നോക്കട്ടെ ചെലപ്പൊ വന്നിട്ടുണ്ടാകും..." പോസ്റ്റുമാന്‍ അകത്തേക്ക് കയറി പോയി.

"...ന്നാലും അച്ഛനെത്ര പേട്യോ?" അദ്ദേഹത്തിന്‍റെ ഭാര്യ ചായ നീട്ടി, ചായയ്ക്ക് കടിയായി ഇങ്ങനെയൊരു ചോദ്യം തരുമ്പോള്‍ മടിക്കാതെ വാങ്ങേണ്ടിവന്നു. തിരികെ കൊടുക്കാനുള്ള ഉത്തരത്തിനായി ചിരിയ്ക്കാന്‍ ശ്രമിച്ച് മുറ്റത്തുവീണുകിടന്നിരുന്ന പവിഴമല്ലിപ്പൂക്കളിലേക്ക് നോക്കി...

ബില്‍ വന്നിട്ടുണ്ടായിരുന്നു (ഇനി ബില്‍ വരില്ലെന്ന് പറഞ്ഞ, വോഡഫോണ്‍ എക്സിക്യുട്ടീവിനെ നാല് നല്ല തെറി പറയാനും ചവിട്ടിക്കൊല്ലാനും തോന്നി). അദ്ദേഹത്തിന്‍റെ കയ്യില്‍നിന്ന് ബില്‍വാങ്ങി തിരികെ വീട്ടിലേക്ക് ഓടുമ്പോള്‍, വൃശ്ചികത്തണുപ്പിലേക്ക് വെയില്‍ വന്നുതുടങ്ങിയിരുന്നു.

നടത്തം കഴിഞ്ഞ് അച്ഛനെത്തിയിരുന്നില്ല...!!

വിയര്‍പ്പിലും ഉഷ്ണത്തിലും നനഞ്ഞ് വീടിന്‍റെ ഉമ്മറത്തേക്ക് കയറുമ്പോള്‍ കണ്ടു, വയല്‍വരമ്പിലൂടെ പതിയെ നടന്നുവരുന്ന അച്ഛനെ... മനസ്സിനുള്ളിലേക്ക് ഒരു തണുപ്പും ഒരു കളവും ചേക്കേറുകയായിരുന്നപ്പോള്‍...

Wednesday, 31 July 2013

വെറുതെ ഞാനൊരു പ്രണയലേഖനം എഴുതിനോക്കിയതാ...

അമ്മൂ.........

നീയെത്ര മാറിയിന്ന്, നിന്നിലെ ആ പഴയ അമ്മുവിനെ തിരയുകയാണ് ഞാനിപ്പോള്‍. വാചാലമായിരുന്ന നിന്‍റെ വാക്കുകള്‍ ഇന്ന് നിശബ്ദമായിരിയ്ക്കുന്നു.

നിനക്ക് ഞാനിന്ന് അന്യനായി, കൂട്ടിമുട്ടിയാല്‍ ഒന്നോ രണ്ടോ വാക്കുകള്‍... യാത്ര പറയാതെ നീ തിരിഞ്ഞു നടക്കുമ്പോള്‍, എനിക്കുള്ളില്‍ ശേഷിക്കുന്നത് ആട്ടം കഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായ മനസ്സിന്‍റെ തുടികൊട്ടല്‍ മാത്രം.....

ചിരിയ്ക്കുന്ന മൊട്ടത്തലയന്‍റെ മുഖത്തോടെ എന്‍റെ മുഖപുസ്തകത്തിലെ സല്ലാപ ജാലകം തുറന്നു കഴിഞ്ഞാല്‍ മണിക്കൂറുകളോളം, കുറുമ്പുകള്‍... നൊമ്പരങ്ങള്‍... സ്വപ്‌നങ്ങള്‍... പറയാനേറെയൊന്നും ഇല്ലായിരുന്നെങ്കിലും നമ്മുടെ നിത്യവുമുള്ള ആ കാഴ്ചകള്‍ എന്‍റെ ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഇടം തേടുകയായിരുന്നു ...നിന്‍റെ ആ വാചാലതയില്‍ ഉള്ളിലെ നീറുന്ന നോവുകളെ ഞാന്‍ മറക്കുകയായിരുന്നു.

ചിലപ്പോഴെല്ലാം എനിക്ക് മുന്‍പിലെ സല്ലാപ ജാലകത്തില്‍ ചിരിക്കുന്ന മൊട്ടത്തലയന്‍റെ മുഖത്തോടെ നീ വരുന്നതിനായി കാത്തിരിയ്ക്കും. നിന്‍റെ അക്ഷരക്കൂട്ടുകളെ മനസ്സിലിട്ടു താലോലിക്കും... വെറുതെ, ചിന്തകള്‍ ഓര്‍മ്മകളിലേയ്ക്ക് ഓടിയടുക്കുമ്പോള്‍ ആ ഓര്‍മ്മകളെയെല്ലാം കൂട്ടിക്കെട്ടി സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ പണിയും.....

മുന്‍പ് കുറുമ്പോടെ നീ പറയുമായിരുന്നില്ലേ, നിനക്ക് വെക്കേഷന്‍ തുടങ്ങിയാല്‍, പിന്നെ വര്‍ക്ക്‌ ചെയ്യാനൊന്നും നീ സമ്മതിക്കില്യാ... ശല്യം ചെയ്യാന്‍ എപ്പഴും നീയുണ്ടാകുമെന്ന്...!! എന്നിട്ടെവിടെ നീ ശല്യം ചെയ്യാന്‍..??

ഇനിയെങ്കിലും നിന്നോട് പറയണമത്, മുഖപുസ്തകത്തിലെ വെറുമൊരു കൂട്ടുകാരിയെന്നതിലപ്പുറം പ്രിയപ്പെട്ട ആരോ ആയിരുന്നെനിക്ക് നീ... ആര് എന്ന് നീ തിരിച്ചുചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ. എടീ പുല്ലേ, നിന്നെയെനിക്ക് ഒരുപാടിഷ്ടാണെന്ന്.. കെട്ടിക്കോട്ടേന്ന്...

നിന്‍റെ സ്വന്തം.....