Sunday, 28 February 2016

ലാല്വേട്ടന്റെ ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍

അര്‍ത്ഥമില്ലാത്ത വാക്കുകളും വരകളുംകൊണ്ട് സാഹിത്യത്തെ വ്യഭിചരിക്കുന്ന, ആനുകാലികങ്ങളില്‍ പൊട്ടും പൊടിയും എഴുതുന്ന ഒരു എഴുത്തുകാരനോടുള്ള ആദരവായിരുന്നില്ല അയാളോട്... ജീവിതത്തിന്റെ അടരുകളടുക്കിവയ്ക്കുമ്പോള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പരകായപ്രവേശം നടത്തുന്ന അയാളുടെ, ഓര്‍മ്മകളുടെ സംരക്ഷണ ലായനികളില്‍ നിറച്ചുവച്ച വരികളില്‍നിന്ന് നനഞ്ഞ മുഖത്തെ കണ്ണീരിന്റെ ഉപ്പുതരികളെ നുള്ളിയെടുക്കാം, സന്തോഷത്തിന്റെ മധുരമുള്ള ചിരികളെ കടം ചോദിക്കാം, വാത്സല്യത്തിന്റെ വയമ്പ് ഇറ്റിച്ചുതന്നേക്കാം... മുത്തശ്ശിക്കഥകളിലേതുപോലെ ഉത്തരങ്ങളെ തിരഞ്ഞുപോകുന്നതിനൊരു കടങ്കഥ ബാക്കിയാക്കി നടന്നുപോകുന്നയാള്‍...

'ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍... അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍, എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടെങ്കില്‍ പോലും അതിലൊരു സ്വാര്‍ത്ഥമായ താത്പര്യമുണ്ട്' എന്ന് ഇടയ്ക്കിടെ പറയാറുള്ളതുകൊണ്ടാകാം എനിക്ക് മുമ്പിലേക്ക് നടന്നുവന്ന അയാളുടെ മുഖത്തെ മനോഹരമായ ചിരിയ്ക്കുപോലും ഒരു സ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ പിന്തുണയുണ്ടെന്ന് തോന്നിയിരുന്നെനിക്ക്. കണ്ണുകളില്‍ കുസൃതിയുടെ തുള്ളികളെ ഞാന്‍ കാണാതെയെപ്പോഴോ ഇറ്റിച്ചു വച്ചിട്ടാണോയെന്നറിയില്ല, ചിരിയ്ക്കുമ്പോള്‍ അതൊളിച്ചുവച്ചിരുന്നില്ല അയാള്‍. കണ്ണടയുടെ ചില്ല് ഗ്ലാസ്സിനപ്പുറത്ത് മങ്ങിയൊതുങ്ങുന്നതായിരുന്നില്ല ആ കുസൃതി.

കൈകളില്‍ മുറുകെപ്പിടിച്ച്, ആ ഹൃദയത്തിലേക്ക് വിളിക്കുന്നതുപോലെ... 'എന്തൊക്കെയുണ്ടെടാ?' ചിരിയ്ക്കാന്‍ ശ്രമിച്ചതേയുള്ളൂ, കൃത്യമായൊരുത്തരമില്ലാതെ...

വാക്കുകളുടെ അകലങ്ങളില്ലാതെ, ഒരു അനിയനായി ചെന്നുകയറിയതാണ് ഞാന്‍... നിഷേധിച്ചില്ലെന്നത് വലിയ സന്തോഷമാണിന്നും.

തണുത്ത ജ്യുസിനു ഇരുവശത്തുമിരിയ്ക്കുമ്പോള്‍ കടമെടുത്തതോ, വഴിയില്‍നിന്ന് വീണുകിട്ടിയതോ അല്ലാത്ത വാക്കുകളെ ഓര്‍മ്മകളില്‍ സംരക്ഷിച്ചുപോരുന്നുണ്ട് അയാളെന്ന് തോന്നി.

ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ 'കണ്ണന്‍മോനെ, രണ്ടീസണ്ടാകും ല്ലേ?' മല്ലുമുണ്ട് പുതച്ച മുത്തശ്ശിയോട് മറുപടിയോ, മറുചോദ്യമോ ഇല്ലാതെ ചിരിച്ചു. ലുങ്കി മടക്കിക്കുത്തി, തലയില്‍ക്കെട്ടുമായി നടന്നുവരുന്നയാളോടും ഹൃദ്യമായി ചിരിച്ചു. ചുണ്ണാമ്പ് ചോദിയ്ക്കുന്ന യക്ഷിയുടെ കഥ പറഞ്ഞുതന്ന മുത്തശ്ശിയാണോ അത്? ഞാന്‍ വായിച്ചുപോയ ഏതോ കഥയില്‍ വന്ന രാമേട്ടനോ, കേശ്വേട്ടനോ ആണോ മറ്റേയാള്‍? ആയിരിക്കാം...

അയാള്‍ക്കൊപ്പമായിരുന്നപ്പോഴൊക്കെയും, എന്നേയും അയാളുടെ ഓര്‍മ്മകളുടെ സംരക്ഷണ ലായനിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ടിരുന്നെന്ന് തോന്നി, പിന്നെയും...

ഇന്ന്, 'ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍' പ്രകാശനം ചെയ്യപ്പെടുമ്പോള്‍ അയാള്‍ നന്മയുടെ മുഖത്തോടെ, പിന്നേയും സ്‌നേഹമുള്ളമുള്ളവനാകുന്നു, സ്വാര്‍ത്ഥനായിത്തന്നെ.... അവിടെയെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹത്തോടെ എല്ലാ ആശംസകളും...

Thursday, 11 February 2016

പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകള്‍

പ്രണയം കുടിച്ചുവറ്റിച്ച പകലിനിപ്പുറം, മഴയുടെ അകത്തളങ്ങളില്‍ നീയോര്‍മ്മകള്‍ തീക്കനലുകളില്‍ പൊള്ളിക്കുന്ന രാത്രിയില്‍ ഞാനോര്‍മ്മപ്പെടുത്തുന്നത്...

'നിന്റെ ഹൃദയത്തിന് എന്റെ ചുണ്ടുകളെ കാണിച്ചുകൊടുക്കുക, ദീര്‍ഘദൂരം
യാത്ര ചെയ്യേണ്ടുന്നൊരു പകലില്‍ ഞാനൊരു ചുംബനംകൊണ്ട് പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകളുണ്ട്...'

Monday, 25 January 2016

തിരിഞ്ഞുനടത്തങ്ങളില്‍

വരണ്ടുണങ്ങിയ രാത്രിയുടെ വേനലൊച്ചകള്‍... വെന്തുണങ്ങിയ മഴപ്പൊട്ടുകളുടെ ദീനരോധനങ്ങള്‍... അതിനുമപ്പുറം അവള്‍, തിളച്ച കവിതയില്‍ ചുവന്നുപോയവള്‍ !! വേനലിന്റെ അശാന്തമൗനത്തെ മുഖത്തേക്ക് ആവാഹിച്ചവളാണ്. ചോദ്യങ്ങളും ഉത്തരങ്ങളും പിടഞ്ഞില്ലാതായ പകലില്‍, വാക്കുകള്‍ പൂക്കുന്ന കാടുകളിലേക്ക് നടന്നുകയറിയ പെണ്‍കുട്ടിയെ അനുകരിക്കാന്‍ ശ്രമിച്ച്, അവള്‍ക്കുള്ളില്‍ സ്വയം അയിത്തം കല്‍പ്പിച്ചവളാണ്.

ഇന്നലെകളെക്കുറിച്ച് പറയുന്നില്ലയാള്‍, ദിനരാത്രങ്ങള്‍ അവയുടെ ഒഴുക്കിലേക്ക് ചായ്ച്ചുകിടത്തുക മാത്രം ചെയ്തുവെന്ന് കൈമലര്‍ത്തി. അസ്തമിക്കുന്ന സൂര്യന്‍ കാവിയുടുത്ത മൗനിയായ സന്യാസിയെപോലെ വെന്തകാലുകളുറപ്പിച്ച് നടന്നുപോകുക മാത്രമാണുണ്ടായത്.

'നഗ്‌നമായപുഴയില്‍നിന്നെടുത്ത
നിലാവിനെ ഞൊറിഞ്ഞുടുത്തവള്‍
ചുണ്ടുകളില്‍ നീലിച്ച ചുംബനത്തോടെ
തെരുവിലൂടെ നടന്നുപോകുന്നു.
എന്റെ കവിതയിലെ പെണ്ണ്..!!
കണ്‍മഷിക്കുത്തുപുള്ളിയില്‍ നിന്ന്
പിന്‍കഴുത്തിലൂടെയൊലിക്കുന്ന പ്രണയത്തില്‍
പൊള്ളിവിയര്‍ത്ത പെണ്ണ് !!'

കവിതകളുടെ വേനല്‍മരത്തിന്റെ വിത്തുമായി അയാള്‍ ഓര്‍മ്മകളുടെ ചിതകളെരിയുന്നിടത്തെത്തുന്നു. മരത്തിന് പേരിടാനാകാതെ നിന്റെ പേരിനെ കടം ചോദിക്കുന്നു. വെയിലൊഴിച്ചു വളര്‍ത്തുമ്പോള്‍ നിന്നെക്കുറിച്ചൊരു കവിതയെഴുതുന്നു, കന്യകയല്ലാത്ത പെണ്ണിനെക്കുറിച്ച്. വെറിപിടിച്ചതുപോലെ അക്ഷരങ്ങള്‍ ചീന്തിയെറിയുന്നു. ചുവന്ന ദാഹം കുടിച്ചിറക്കുന്നു, പുകച്ചുരുളുകള്‍ തുപ്പുന്നു.

വാക്കുകളിറങ്ങിപ്പോയ കവിത !!

വാക്കുകളില്ലാതെ വരണ്ട ചിന്തകള്‍ അയാള്‍ക്കുചുറ്റിലും ചിതല്‍പ്പുറ്റുകളായി രൂപാന്തരപ്പെടുന്നു. ചിതലുകള്‍ അയാളെ തിന്നുന്നതിനെക്കുറിച്ച് അവളോര്‍ക്കുന്നു. അപ്പോള്‍, അനശ്വരമായ ചില അവളോര്‍മ്മകളെച്ചുമന്ന് ഒരാത്മാവ് ദീര്‍ഘദൂര യാത്രായ്ക്കിറങ്ങി. തിരിഞ്ഞുനടത്തങ്ങളെ മാത്രമോര്‍മ്മിച്ച്...

Thursday, 31 December 2015

നീയെന്ന മറുപാതിയിന്നുയിരിലേയ്ക്ക്‌‬

ഇരുട്ടിലെ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ജനാലകള്‍ തുറക്കുന്ന ശബ്ദം... വേനല്‍ പിറുപിറുക്കുന്നു, ഇന്നലെകളെക്കുറിച്ച്... ഇന്നടയുന്നത്, നാളെ ഇന്നലെയാകുന്നൊരു ചിപ്പിയിലേയ്ക്ക് !! ഓര്‍മ്മകള്‍ കൊരുത്ത ചിന്തകള്‍ മണല്‍ത്തരികളില്‍, ഗൂഢലിപികളില്‍ ഒരു കവിതയെക്കോറിയിടുന്നുണ്ട്, വളരെ കയ്യടക്കത്തോടെ നീയില്ലാത്ത എന്റെ പകലുകളെ... ഇരവുകളെ... അകവേവുകളില്‍ മരിച്ച നിന്നെ... എന്നെ...

അസ്തമായമാണ്... ചുവക്കുന്ന പകലില്‍ അകമേ കൊഴുത്തുറഞ്ഞ ഏതോ നിര്‍വികാരതയോടെ നില്‍ക്കുന്ന എനിക്കുള്ളിലേക്ക് മഴക്കാടുകള്‍ക്കൊപ്പം നീ വന്നുനിറയുന്നതുപോലെ...

Friday, 18 December 2015

നീ മാത്രം

മൗനത്തിന്റെ ഇടങ്ങേറില്‍
പൊടുണ്ണിപ്പശകൊണ്ട്
ഒട്ടിച്ചടച്ചുവച്ച ഓര്‍മ്മകളിലൊക്കെയും
നീ മാത്രമാണ് !!

Thursday, 17 December 2015

നീ

'ശരിയ്ക്കും ന്നെ കാണാനെന്ന്യാ ത്രേം ദൂരം വന്നേ??'

വരണ്ടുണങ്ങിയ എന്റെ ചുണ്ടുകളില്‍ പതുങ്ങിയ ഉത്തരത്തിനെ നോക്കി, നാലാമത്തെ തവണയാണിതേ ചോദ്യം അവളുടെ നെറ്റിയില്‍ ചുളിയുന്നത്. ഇടയ്ക്കിടെ ഞങ്ങളെത്തേടി വന്നിരുന്ന വെയില്‍ക്കാറ്റിന്റെ ചാലില്‍ പുണര്‍ന്നുകിടക്കുന്ന ചിന്തകളില്‍നിന്ന് മുഖം വലിച്ചെടുത്ത് ഞാനവളെ നോക്കി. വെയിലിന്റെ ഊഷ്ണമുള്ള ആ കണ്ണുകളിലെ തിരയടങ്ങിയ സമുദ്രങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന എന്നേയും, ഒരു തുടം ചോദ്യങ്ങളേയും ഞാന്‍ കണ്ടു. വെയില്‍ത്തുള്ളികള്‍ പുഴവരച്ച അവളുടെ നെറ്റിയില്‍, നൂറ്റിയൊന്നുമ്മകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. 'കാഴ്ചയില്‍ വിഷം നിറച്ചാണ് നിങ്ങള്‍ നോക്കുന്നതെ'ന്ന് അവള്‍ പറഞ്ഞാലോയെന്ന് പേടിച്ച്.

പറയാന്‍ മറന്നുപോയ ഉത്തരത്തെ തിരയുന്ന ചിന്തകള്‍ക്കിടയില്‍ ഞാന്‍ വെയിലിലുണങ്ങുന്ന മറൈന്‍െ്രെഡവിനെ നോക്കി. സൂര്യനു താഴെ മഴവില്‍പ്പാലത്തിനടുത്തായി, വെയിലിനെത്തണുപ്പിക്കുന്ന അനന്തചുംബനത്തിലേര്‍പ്പെട്ട സ്ത്രീയും പുരുഷനും. മരത്തണലുകളില്‍ പ്രണയത്തിന്റെ ഭാഷയില്‍ മാത്രം സംസാരിക്കുന്നവര്‍... വഴിവാണിഭക്കാര്‍... ജനിച്ചുപോയതിന്റെ ഒരേയൊരു ന്യായീകരണമെന്നോണം ജീവിയ്ക്കാന്‍ കൈനീട്ടുന്നവര്‍... ഘടികാരസൂചിപോലെ ആവര്‍ത്തനങ്ങള്‍.

മൗനത്തിലേയ്ക്ക് വിരമിച്ചതുപോലെ അവള്‍ നിശബ്ദയായി. മഞ്ഞുപോലെ നേര്‍ത്ത, നീല മേഘങ്ങള്‍ക്കൊണ്ട് തുന്നിയ അവളുടെ ദുപ്പട്ട അനുവാദം ചോദിയ്ക്കാതെ ഇടയ്ക്കിടെവന്ന് എന്റെ മുഖത്തെ തൊടുകയും ഏതോ അസ്വസ്ഥതയെ കാരണമാക്കി, മടിയില്‍വച്ചിരുന്ന ബാഗിന്റെ വള്ളികള്‍ അവള്‍ പിന്നേയും പിന്നേയും കൂട്ടിക്കെട്ടുകയും അഴിക്കുകയും ചെയ്തു.

'നിന്റെ ബാഗിന്റെ ഈ പ്രശ്‌നം ഇനീം തീര്‍ന്നില്ലേടീ പെണ്ണേ..??' ബാഗിന്റെ വള്ളികള്‍ ചോദ്യത്തിലേക്ക് കുടഞ്ഞ് അവളെന്നെ നോക്കി, ഒരു ഉമ്മയിലേയ്‌ക്കൊതുങ്ങുന്ന... ആര്‍ക്കും വേണ്ടാത്ത... എനിക്കേറെ വേണ്ടുന്നൊരു പിണക്കം തല്ലിത്തെറിയ്ക്കുന്ന അവളുടെ  മുഖത്തേക്ക് ഞാന്‍ കണ്ണുകളെ നട്ടുവച്ചു. അവളുടെ മേല്‍ചുണ്ടുകളുടെ വശത്തെ ആ കണ്മഷിക്കുത്തുപുള്ളിയിലാകും എന്റെ പകലിലൊക്കെയും രാത്രി ഒളിച്ചിരിക്കുന്നതെന്ന് തോന്നി. മഞ്ചാടിക്കാലത്തിന്റെ പിന്നാമ്പുറങ്ങളിലെന്നോ എന്റെ കൈയ്യില്‍നിന്ന് നുള്ളിയെടുത്തുവച്ചതാണത്. ഒരു നിമിഷം, ആ കണ്ണുകള്‍ക്കുള്ളിലെ എന്നെ ഏതോ പേരറിയാത്ത പക്ഷി കൊത്തിക്കൊണ്ടുപോകുന്നതുപോലെ സങ്കല്‍പ്പിച്ചുനോക്കി. ഹാ... എത്ര മനോഹരം.

'വാ ... വല്ലതും കഴിക്കാം, കാലത്ത് നീയൊന്നും കഴിച്ചില്ലെന്നല്ലേ പറഞ്ഞത്?' ഞാന്‍ എഴുന്നേറ്റു. കാലുകളെ സാവധാനത്തിലാക്കി റെസ്‌റ്റോറന്റിലേക്ക് നടക്കുമ്പോള്‍   ക്രമപ്പെടുത്താത്ത കാഴ്ചകളുടെ ചോദ്യചിഹ്നത്തിലൂടെ സ്വപ്നദേശത്തിലെത്തിപ്പെട്ട മനസ്സായിരുന്നെനിക്കപ്പോള്‍. പകലിന്റെ പുറംകാഴ്ചകളിലേക്ക് അന്ധമായ നോട്ടങ്ങളെ വാരിയെറിഞ്ഞ് പരസ്പരം അന്യരാകുന്നവര്‍, വിയര്‍ത്തുനാറുന്ന നഗരത്തിന്റെ ആര്‍ത്തിയോട്ടങ്ങള്‍ക്കിടയില്‍, ആവിയായി ഉയരുന്ന ചിന്തകളില്‍ തങ്ങളുടേതായ ലോകത്തുമാത്രമാണ്.

ശീതീകരിച്ച മുറിയിലെ നാരങ്ങാവെളിച്ചത്തില്‍ മുഖാമുഖമിരുന്നു. മുഹമ്മദ് റാഫിയുടെ ഗസല്‍ ചിലപ്പോഴെങ്കിലും മുറിഞ്ഞുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്നതിലേയ്ക്ക് കണ്ണുകളടച്ച് ഭക്ഷണത്തിന് കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ അഞ്ചാമത്തെ തവണയും ആശ്ചര്യത്തിന്റെ അകവളവുകളുള്ള വാക്കുകളെ പരത്തിവച്ച് അതേ ചോദ്യം അവളുടെ നെറ്റിയില്‍ ചുളിഞ്ഞു. ക്ഷമയുടെ അതിര്‍വരമ്പ് പൊട്ടിത്തെഴുത്ത അവളുടെ മുഖത്ത് സങ്കടത്തിന്റേയും പിണക്കത്തിന്റേയും ചുവപ്പ് പടര്‍ന്നുതുടങ്ങിയിരുന്നു.

'അല്ല... വേറൊരാവശ്യത്തിന്...' വാക്കുകള്‍ ത്വണ്ടയിലിഴഞ്ഞു. അവള്‍ ഓരോ തവണ ചോദ്യമാവര്‍ത്തിക്കുമ്പോഴും ഉത്തരത്തിനായി കൂട്ടിവച്ച വാക്കുകള്‍ ത്വണ്ടയില്‍ക്കിടന്ന് ശ്വാസംമുട്ടിയെന്നോണം ഞാന്‍ വലിയതായി ചുമച്ചു, കിതച്ചു. വികാരങ്ങളുടെ വേലിയേറ്റത്തിനും ചോദ്യങ്ങള്‍ക്കുമപ്പുറം അവളുടെ മുഖത്തെ ഭാവങ്ങളെ തിരിച്ചറിയാനാവാതെ ഞാന്‍ കണ്ണുകള്‍ താഴ്ത്തിയപ്പോള്‍ അവള്‍ നിശബ്ദതയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നത് ഞാനറിഞ്ഞു.

അവള്‍ ചോദിക്കാതിരുന്ന ചോദ്യങ്ങള്‍... ഞാന്‍ പറയാതിരുന്ന ഉത്തരങ്ങള്‍... ഞാന്‍ ഇന്നലെകളെ തിരുത്തിത്തുടങ്ങി, നീ പാദസരങ്ങളുടെ കിലുക്കങ്ങളില്‍ ഇന്നലെയെ ഓര്‍മ്മപ്പെടുത്തി. നീ തന്നതും തരാത്തതുമായ ഉമ്മകള്‍ എന്നേയും നിന്നേയും തിരയുമ്പോള്‍ നമ്മള്‍ ഇന്നിലേക്കും ഇന്നലെകളിലേക്കും ഓടിക്കിതച്ചു. ഞാന്‍ ഇന്നലെകളെ മഴയില്‍ അലിയിച്ചു കളയാനും വെയിലില്‍ ഉരുക്കി കളയാനും മത്സരിച്ചു. അപ്പോഴൊക്കെയും നീ എനിക്കുള്ളില്‍ വളരുകയായിരുന്നു... 
ചുരം കയറുന്ന ബസ്സുകളില്‍ നിന്നെത്തിരയുന്ന കണ്ണുകള്‍ ഇറുക്കിയടക്കുന്നു, നീ അറിയാതെ... ഞാന്‍ അറിയാതെ... നമ്മുടെ വിരലുകള്‍ അപ്പോഴും കുറച്ചു ടിഷ്യു പേപ്പറുകളുടെ അകലം പാലിച്ചു. എന്തിനെന്നറിയാതെ..!!

നീയെവിടെയാണ്?

ഏച്ചുകെട്ടലുകളുടെ ഇന്നലേകളിലാണ് ഞാനിപ്പോഴും. ഉറക്കം തെറ്റുന്ന രാത്രികളില്‍, നീ എനിക്കുള്ളില്‍, സുന്ദരിയായൊരു ദേവീ പ്രതിഷ്ഠയാകുകയും, ആരും കാണുകയില്ലെന്ന തോന്നലുകളിലൊക്കെയും നിന്നെ ചുംബനംകൊണ്ട് പൂജിക്കുകയും ചെയ്തുവെന്ന തെറ്റിന്... മൗനം കൊണ്ട് യുദ്ധം ചെയ്യുകയാണിന്നുമെന്നോട് നീ !!

മിണ്ടാട്ടങ്ങളില്ലാതെ എന്റെ നിഴലുകളില്‍ നിന്ന് ഒളിച്ചുപോകുന്ന നീയെവിടെയാണ്?