Saturday, 1 June 2013

വാട്ടിയ ഇലയില്‍ പൊതിഞ്ഞെടുത്ത അമ്മ മണം !!

"വാട്ടിയ ഇലയില്‍
പൊതിഞ്ഞെടുത്ത
അമ്മ മണം"

സ്മിതിന്‍ സുന്ദര്‍, എന്നൊരു സുഹൃത്തിന്‍റെ കുറുംകവിതയിലെ ഈ വരികള്‍ എന്‍റെയുള്ളിലേക്ക് ആ പൊതിച്ചോറിന്‍റെ ഗന്ധത്തെ വീണ്ടുമെത്തിയ്ക്കുകയായിരുന്നു...

അംഗങ്ങളേറെയുണ്ടെങ്കിലും കിഴക്ക് വെള്ളകീറുന്നതിന് മുന്‍പേയെഴുന്നേല്‍ക്കുന്ന അമ്മയ്ക്ക് പിടിപ്പത് പണിയുണ്ടാകുമെപ്പോഴും ആ വല്യേ തറവാട്ടിലെ അടുക്കളയില്‍. ആ വല്യേ അടുക്കളയിലെ കരിയും പുകയും തട്ടിയാണോ അമ്മയുടെ നിറമിത്രയ്ക്ക് കുറഞ്ഞുപോയതെന്ന് ഞാനാലോചിക്കാറുണ്ട് ഇടയ്ക്ക്...

അടുക്കളയിലെ പണികള്‍ക്കിടയ്ക്ക് രാവിലെ എന്നെയും അനിയനെയും സ്കൂളിലേക്ക് പറഞ്ഞയയ്ക്കാന്‍ തിരക്ക് പിടിക്കുന്ന അമ്മ.

തണുത്ത ആ രാവിലെകളില്‍ കുളിയ്ക്കാന്‍ മടിച്ച്, കൈകൂപ്പി വെള്ളത്തിലേക്ക് നോക്കിനില്‍ക്കുന്ന അനിയനെ കുളിപ്പിക്കുകയെന്നത് അമ്മയ്ക്കെന്നും ശ്രമകരമായ ജോലിതന്നെയാണ്. കുളിയൊക്കെ കഴിഞ്ഞ് കോലായില്‍ നില്‍ക്കുന്ന ഞാന്‍, അമ്മ അവനെ കുളിപ്പിക്കുന്നതും നോക്കി നില്‍ക്കും.

അവനെ കുളിപ്പിച്ചെടുത്ത് കൊണ്ടുവരുന്ന അമ്മ, അവന്‍റെ മുഖത്തും വയറിലുമൊക്കെ ഉമ്മവയ്ക്കും. ആ ഉമ്മകളില്‍ തിമര്‍ത്തുചിരിയ്ക്കുന്ന അവനെയും നോക്കി, ഇത്തിരി അസൂയയോടെ നില്‍ക്കുന്നയെന്‍റെയടുത്ത് അവനെ നിര്‍ത്തീട്ട് അമ്മ പറയും,
"നേരാവണ്ണം തല തോര്‍ത്തില്യാ, പനി പിടിപ്പിച്ച് വയ്ക്കും നീയ്..." ഇതുപറഞ്ഞ് ഒന്നുകൂടിയെനിക്കമ്മ തുവര്‍ത്തിത്തരും. രാസനാദിപൊടിയില്‍ നിന്നിത്തിരി എടുത്ത് തലയില്‍ തിരുമ്മിത്തരും.

എനിക്ക് യൂണിഫോമെടുത്ത് തന്ന്, അപ്പുവിനെ യൂണിഫോം ഇടുവിച്ചുകൊടുത്ത് അമ്മ അടുക്കളയിലേക്കോടും. ആ ഓട്ടത്തിനിടയില്‍ വിളിച്ചുപറയും, "വിനൂ... അപ്പൂന്‍റെ മുടിയൊന്ന് ചീവിക്കൊടുക്ക് ട്ടോ..."

ചിലപ്പോള്‍ ഞാനും അമ്മയുടെ പുറകെ അടുക്കളയിലേക്ക് പോകും. അമ്മയുടെ ചെയ്തികളും നോക്കി നില്‍ക്കും. അടുപ്പില്‍ തിളയ്ക്കുന്ന ചോറിത്തിരി തവിയില്‍ കോരിയെടുത്ത്, കൈകൊണ്ടൊന്നു ഞെരടി അതിന്‍റെ പാകമൊന്ന് നോക്കുന്നതും, അപ്പുറത്തെയടുപ്പിലെ മെഴുക്കുവരട്ടിയില്‍ തവികൊണ്ടിളക്കുന്നതുമൊക്കെ...

പിന്നെ, കറിക്കത്തിയുമായി വടക്കേത്തൊടിയിലേക്ക് ഓടുന്നത് കാണാം... ചിലപ്പോഴൊക്കെ കൂടെ ഞാനും വടക്കേ മുറ്റത്തേയ്ക്കിറങ്ങും.

"ഇനിയാ ഷര്‍ട്ടിലൊക്കെ മണ്ണും ചളിയും ആക്കാനായിട്ട് എങ്ങടാ നീയ്?? കേറി പോടാ അങ്ങട്..."

അച്ഛനും ചെറിയച്ഛനുമൊക്കെ വച്ചുപിടിപ്പിച്ച ആ വാഴകളുടെ ഇടയില്‍ അമ്മ അപ്രത്യക്ഷയാകും, പിന്നെ കൈയ്യില്‍ വാഴയിലയുമായി തിരികെ അടുക്കളയിലേക്കും ഓടും... വെട്ടിയെടുത്ത വാഴയില അടുപ്പിലെ കനലിന് മുകളില്‍വച്ച് വാട്ടിയെടുത്ത്, അതിലേക്ക് ചോറ് കുടഞ്ഞിടുന്നതും നോക്കി നിന്നിട്ടുണ്ട് പലപ്പോഴും...

ഉച്ചയ്ക്ക് കൂട്ടുകാരുടെ കൂടെയിരുന്ന് ആ പൊതിച്ചോറെടുത്ത് തുറക്കുമ്പോള്‍ മനസ്സില്‍ അമ്മയുടെ മുഖമായിരിക്കും... പൊതിഞ്ഞെടുത്ത ചോറ് ബാഗിലേക്കുവച്ച്, ആ ബാഗെടുത്ത്‌ തോളിലിട്ടുതരുമ്പോള്‍ ആ മുഖവും മുഖത്തുള്ള ചിരിയും, അതിലെ ആത്മസംതൃപ്തിയുമെല്ലാം ഒരു നിമിഷംകൊണ്ട് ഓടിയെത്തും കണ്‍മുന്നിലേക്ക്‌...............

അമ്മയുടെ ആ പൊതിച്ചോറ് ഓരോ തവണ കഴിക്കുമ്പോഴും ആ ഇലയ്ക്കും ചോറിനുമെല്ലാം അമ്മയുടെ മണമായിരുന്നു... ഇപ്പോള്‍ ഈ വരികളെ വായിച്ചപ്പോഴും നാസികത്തുമ്പിലൂടെ ആ ഗന്ധം, എന്‍റെ അമ്മയുടെ ഗന്ധം....

നന്ദി സ്മിതിന്‍ !!

2 comments:

  1. എന്റെയും അമ്മയുടെ സുഗന്ധം .. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചോറിന്റെ ഗന്ധം.. ഇപ്പൊ , ഞാനും അതെ സുഗന്ധമുള്ള അമ്മ. ഭാവിയില്‍ എന്റെ മക്കള്‍ ഇങ്ങനെയൊരു സുഗന്ധത്തെ ഓര്‍ത്ത് പറയുമായിരിയ്ക്കുമോ? അറിയില്ല... ഹൃദയ സുഗന്ധമുള്ള വരികള്‍...

    ReplyDelete
  2. വാക്കുകളില്ല, പറയാൻ.... അത്ര മനോഹരം.നാട്ടിൽ പോയി പൊതിച്ചോറ് കഴിച്ചു വന്നു...

    ReplyDelete