Sunday, 28 December 2014

കാലിയാകുന്ന ചിന്തകള്‍

വൈകാരികത തുള്ളിയുറഞ്ഞ മദ്യവളപ്പില്‍
സ്വാര്‍ത്ഥതയുടെ പകല്‍കുനിയന്മാര്‍,
ഇറയത്തൊതുങ്ങിയ ഒറ്റവിളക്കുകള്‍
പിന്നേയും നെടുവീര്‍പ്പിടുന്ന മദ്യവിചാരങ്ങള്‍ക്കിടയില്‍
നുണകള്‍ അപഹസിക്കപ്പെടുമ്പോള്‍
വേരറ്റുവീഴുന്ന ചിന്തകള്‍ ശരികളെ തിരയുന്നു.

Saturday, 20 December 2014

ഉമ്മകളെ ഉത്തരങ്ങളാക്കുന്ന കടങ്കഥകള്‍

പരിചയക്കേടുകള്‍ ചിരിയ്ക്കുന്ന വഴികളിലൂടെ നടന്നുപോകുമ്പോള്‍, പരിചയം നടിച്ചെത്തുന്ന ചോദ്യങ്ങളൊക്കെ പരിചിതം; ഉത്തരങ്ങള്‍ നുണനാവിനെ നുണയുകയല്ലായിരുന്നെങ്കില്‍ മിണ്ടലുകള്‍ക്കിരിയ്ക്കാനുള്ള ഏതെങ്കിലും വൃദ്ധമരത്തിന്റെ മടിയിലിരുന്ന് ഒരുപാട് പറച്ചിലുകളുടെ ഇടവേളയില്‍ നീ ചോദിയ്ക്കുന്ന കടങ്കഥയ്ക്കുത്തരം കാതോരത്ത് ഒരൊറ്റ ഉമ്മയായി ഞാന്‍ തന്നേനെ..!!

Thursday, 13 November 2014

ചിലപ്പോഴെങ്കിലും സ്വപ്‌നങ്ങള്‍ വേലിചാടാറുണ്ട്, കൂടെയുള്ള ചിലരിലേയ്ക്ക്...

മരിച്ചുപോയ
എന്റെ ചില സ്വപ്‌നങ്ങള്‍
ചിലരുടെയുള്ളില്‍
ഒളിച്ചിരിയ്ക്കുന്നതുകണ്ട്
ഇപ്പോഴും വല്ലാതെ
പേടിയ്ക്കാറുണ്ട് ഞാന്‍ !!

Tuesday, 11 November 2014

കുട്ട്യേടത്തിയുടെ ആദി

തെങ്ങോലത്തലപ്പുകള്‍ക്കപ്പുറത്തുനിന്ന്, ഭഗവതിക്കണ്ടത്തിന് മുകളിലൂടെ സൂര്യന്‍ പടിഞ്ഞാറേയ്ക്ക് നടത്തം തുടങ്ങിയപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്, ഉറക്കച്ചടവുള്ള തണുത്ത വെയില്‍ വിടര്‍ന്ന് ചിരിയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതുപോലെ... ഗായത്രീ മന്ത്രങ്ങള്‍ തണുപ്പുള്ള വെയിലിലും ഉരുകിത്തുടങ്ങിരുന്നു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് മുന്‍പില്‍ പിന്നെയും പിന്നെയും തൊഴുത്, ഇനി നാളെ വരാമെന്ന് മനസ്സുകൊണ്ടുറച്ച്, പ്രാരാബ്ദങ്ങളോട് പിണങ്ങി... വരമ്പിലമര്‍ത്തിച്ചവിട്ടി, ഒട്ടും താളമില്ലാതെ നടന്നുവരുന്ന കുട്ട്യേടത്തി നീട്ടിയ ഇലക്കീറിലെ ചന്ദനത്തിന്റെ തണുപ്പിനെ നെറ്റിയിലേയ്ക്ക് പകര്‍ത്തുമ്പോള്‍, അവരുടെ ചിരിയില്‍ വാത്സല്യം നുരഞ്ഞിരുന്നു.
"വേഗം നടന്നോളൂ, വണ്ടിയ്ക്ക് നേരായീലോ... വൈക്വോ കുട്ട്യേ നീയ്..??" എനിക്കുവേണ്ടിയും ആദിയെടുക്കുന്ന അവരോട് ചിരിച്ചു.
"ശരി, പിന്നെക്കാണാട്ടോ കുട്ട്യേടത്ത്യേ"യെന്ന് തിടുക്കപ്പെട്ട്, ഞാന്‍ ചിന്തകളുടെ അരികുപറ്റി വേഗം നടന്നു. ചില സ്നേഹത്തിന്റെ മധുരങ്ങള്‍ അങ്ങനെയാണ്, മറവികളില്‍ വെറുതെ നരച്ചുപോകാന്‍ വിധിക്കപ്പെട്ടവയെന്നപോലെ... നാളെ ഓര്‍ക്കെണ്ടാത്തതെന്നപോലെ...

Thursday, 6 November 2014

മഴ ചൊല്ലിയ കവിതയില്‍ ചിലത്

ഏതൊക്കെയോ തോന്നലുകളില്‍ ജീവിതത്തില്‍നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുമ്പോഴൊക്കെ പുറകോട്ട് വിളിച്ചവരെ സ്നേഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ് പതിവ്. സ്നേഹത്തോട് കെറുവിച്ച് അ..ങ്ങ..നെ ഇരിക്കേണ്ടിവരുമ്പോള്‍ ഏകാന്തതയോട് പൊരുത്തപ്പെടാതെ മഴയിലേക്ക് ഇറങ്ങിയോടുന്ന വാക്കുകളോടും കേറുവിക്കേണ്ടിവരും, മഴനൂലുകള്‍ വാരിപ്പുതച്ചു കയറിവന്ന ചിന്തകള്‍ക്ക് കയറിയിരിയ്ക്കാനൊരിടം തിരയുമ്പോള്‍ ഓര്‍മ്മകളെ കുത്തിനിറച്ച മനസ്സ് കൈമലര്‍ത്തും.

ഇടിച്ചുകുത്തിപ്പെയ്യുന്ന മഴ ഒരു കവിത ഉറക്കെ ചൊല്ലുന്നുന്നത് കേള്‍ക്കാം, ഏതൊക്കെയോ കുരിശു മരണങ്ങളില്‍ വീണ്ടും വീണ്ടും മരണപ്പെട്ടവനെക്കുറിച്ച്...

കാതുകളിലേക്ക് പെയ്തുതുടങ്ങിയ ശബ്ദം മനസ്സേറ്റെടുത്തപ്പോള്‍ അസ്വസ്ഥതകളുടെ രാജ്യത്തേക്ക് പ്രയാണം ആരംഭിക്കുകയായി. നനയാന്‍ മറന്നുപോയ ഒറ്റമഴകള്‍ കണ്ണുകളിലേക്ക് നടന്നു വരികയാണ്, നന്ത്യാര്‍വട്ടം... നനഞ്ഞ തുളസിയിലകള്‍... വഴിയോരത്ത് വീണുപോയ ചിരിത്തുണ്ടിനെ വേറെയാരെങ്കിലുമെടുത്താലോയെന്ന് പേടിയ്ക്കുന്ന കണ്ണീര്‍ സമുദ്രങ്ങള്‍..!! തുലാവര്‍ഷത്തിന്റെ കുടക്കീഴിലൊളിക്കുന്ന മുഖത്ത് പറയാനിനിയുമെന്തൊക്കെയൊ കരുവാളിച്ചുകിടന്നു. മഴയുടെ സംഗീതം- നിശ്വാസം. അവളിലേക്ക് പിന്നെയും ആകാശദൂരം.

മഞ്ഞുകണങ്ങളില്‍ വിരിഞ്ഞ മഴവില്ലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ ഓടിക്കിതയ്ക്കുകയാണ്. പുതപ്പുകള്‍ സംസാരിക്കുന്ന രാവിലേകള്‍... തണുപ്പിലേക്ക് മടിയോടെ നടക്കുന്ന പ്രണയത്തിന് കട്ടന്‍ചായയുടെ കടുപ്പവും മധുരവും.

മറവികള്‍ ആത്മഹത്യ ചെയ്യപ്പെടുന്നു. നെല്‍പായയിലേക്ക് ചായുന്ന വൈകുന്നേരങ്ങളില്‍ പ്രണയം പെയ്യുന്ന ഇടവഴികള്‍ ഞങ്ങള്‍ക്കിടയിലേക്ക് നീണ്ടുവരുന്നു, ചുംബനങ്ങളുരുകുന്ന വെയിലില്‍ സദാചാരം മറവികളെ തിരയുന്നു. ചുണ്ടുകള്‍ മുറിഞ്ഞ് ചോരയൊലിപ്പിക്കുന്നത് പ്രണയവേഗങ്ങളില്‍ സൗകര്യപൂര്‍വ്വം മറന്നത്, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായി പോകുമെന്നറിയാതെയാണ്.

ആഴമുള്ളൊരു വിലാപത്തിലേക്കുണര്‍ന്ന പകലിലെ വെയിലിലുരുകുന്ന പ്രണയം, എല്ലാ ശൂന്യതകളും നാളെകളിലേക്ക് ഒരുമിച്ചുവന്നു നിറയുകയായിരുന്നു. അതോ വക്രിച്ച കശുമാവിന്‍ കൊമ്പില്‍ ആത്മഹത്യ ചെയ്തതോ?? ആറടി മണ്ണ് നീങ്ങി, മഴവില്ല് വിരിയിച്ച കണ്ണീര്‍ത്തുള്ളികള്‍ യാത്രാമൊഴി നല്‍കി... കണ്ണീരിന്റെ ഇടവപ്പാതിയെ ബാക്കിയാക്കി...

ഏതോ അരുളപ്പാടില്‍ മഴ തിരിഞ്ഞുനടന്നു തുടങ്ങി, ചൊല്ലിയവസാനിപ്പിച്ച കവിതയെ വഴിയിലുപേക്ഷിച്ചു. കവിതയിലെ അക്ഷരങ്ങള്‍ ചിതറി, പാദസര മണികളെപ്പോലെ കലമ്പി... അറ്റമില്ലാത്ത വേനലില്‍ തണല്‍ തിരയുമ്പോള്‍ ചിന്തകള്‍ വേരുറപ്പിക്കാതെ ചിതതേടി, മരിയ്ക്കാത്ത ഓര്‍മ്മകള്‍ ഹൃദയത്തിലെ കാരാഗ്രഹത്തിലേക്ക് ചുവടുമാറ്റം നടത്തി.

-വിനീത് വിജയ്‌

Wednesday, 6 August 2014

അച്ഛന്‍റെ ചായക്കൂട്ടുകളില്‍ തിരുമാന്ധാംകുന്നിലമ്മ

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛൻ ഓയില്‍ പെയിന്‍റില്‍ വരച്ച ഈ ചിത്രം, പലരും ഇഷ്ടപ്പെട്ട് ചോദിച്ചിട്ടും അവർക്കാർക്കും കൊടുക്കാൻ അമ്മ സമ്മതിക്കാത്തതുകൊണ്ട് ഇന്നും ഞങ്ങളുടെ സ്വീകരണമുറിയിലെ ചുവരില്‍ നിറമൊട്ടും മങ്ങാതെയുണ്ട്. ഫൈന്‍ ആര്‍ട്സ് പഠിക്കണമെന്ന് ആഗ്രഹിച്ചതല്ലാതെ, ആ കോളേജിന് മുന്‍പില്‍പോലും പോയിനിന്നിട്ടുണ്ടാകില്ല അച്ഛന്‍. എന്നിട്ടും അച്ഛൻ ചായക്കൂട്ടുകളെ അങ്ങാടിപ്പുറത്തുകാര്‍ക്ക് അച്ഛന്‍ ആര്‍ട്ടിസ്റ്റ് വിജ്യേട്ടനാണ്.

പാലാഴിയില്‍ വീട്ടിലൂടെ നടക്കാനിറങ്ങിയ വൈകുന്നേരക്കാറ്റിന് എപ്പോഴും ചായക്കൂട്ടുകളുടെ മണമായിരുന്നു. വെളുത്ത വെയിലിനും കറുത്ത രാത്രിയ്ക്കും പാലാഴിയിലെ മുറ്റത്തുകൂടെ നടന്നുപോകുമ്പോള്‍ നിറം മാറുമോയെന്ന് പേടി തട്ടിയിട്ടുണ്ടാകണം.

നേരം പുലര്‍ന്നാല്‍ ബോര്‍ഡുകളുടേയും ബാനറുകളുടേയും ഇടയില്‍, നിറമുള്ള അക്ഷരങ്ങളുടെയും ചായക്കൂട്ടുകളുടേയും ലോകത്തായിരുന്നു അച്ഛന്‍. ഞങ്ങളോടുള്ളതിനേക്കാൾ സ്നേഹം അച്ഛന് ചായകൂട്ടുകളോടാണോയെന്ന് തോന്നാറുണ്ടായിരുന്നെനിക്ക്. പല നിറത്തിലുള്ള ബോര്‍ഡുകളെ തട്ടിത്തടഞ്ഞ് നടന്നിരുന്ന വീട്ടിലിപ്പോള്‍ ഇതൊന്നുമില്ലാതായിട്ട് രണ്ടുവര്‍ഷം. ഫ്ലക്സ് ബോര്‍ഡുകള്‍ നാടിനെ കീഴടക്കിയപ്പോള്‍ അച്ഛനും ചായക്കൂട്ടുകളെ ഉപേക്ഷിച്ചുതുടങ്ങി...

ഇന്ന് അച്ഛന്‍ വരയ്ക്കാറില്ല, നിറക്കൂട്ടുകളെ മറന്നുതുടങ്ങിയിട്ടുണ്ടാകാം ചിലപ്പോള്‍...
feeling- വിജ്യേട്ടാ... ഇങ്ങളെന്‍റെ അച്ചനായതല്ലേ, എനിക്ക് കിട്ട്യേ ഏറ്റോം വല്യേ ഭാഗ്യം??

Thursday, 1 May 2014

ഇനിയും കിലുങ്ങിച്ചിരിക്കാത്ത പാദസരങ്ങള്‍

ഓര്‍മ്മകളെ വീണ്ടും വരയ്ക്കുമ്പോള്‍, കുട്ടിത്തത്തിന്‍റെ അച്ചടക്കമില്ലാത്ത നാട്ടുവഴികളിലൂടെ മഞ്ചാടിക്കുരുക്കള്‍ പെറുക്കിയോടുന്ന അവളുടെ പാദസരങ്ങളുടെ നനവില്‍ തട്ടിയാകണം ഉറക്കമുണര്‍ന്നത്. വെയില്‍ കത്തിത്തീര്‍ന്ന പകലില്‍ രാത്രി വളര്‍ന്നുതുടങ്ങിയിരുന്നു. ബസ്സിലെ തിരക്ക് കുറഞ്ഞിരിക്കുന്നു. മിക്കവരും ഉറക്കത്തിലേക്ക് വഴുതിയപ്പോള്‍, ചിലര്‍ തങ്ങളുടേതായ അസ്വസ്ഥതകളുടെ കൈ താടിക്ക് കുത്തി പുറത്തെ ഇരുട്ടിലേക്ക് മിഴിച്ചു. മറ്റുചിലര്‍ മൊബൈലിലെന്തൊക്കെയോ തിരഞ്ഞു.

ഞാന്‍ ബസ്സിന് പുറത്തേക്ക് കണ്ണുവച്ചു. മരങ്ങള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ കാഴ്ചയിലേക്ക് ക്രമംതെറ്റിക്കയറിയപ്പോള്‍ പുറത്തെ ഇരുട്ട് ചിലപ്പോഴൊക്കെ വെളിച്ചം കണ്ട് ഞെട്ടിയുണര്‍ന്നു. നിരത്തിലെ ഫ്ലൂറസെന്‍റ് ബോര്‍ഡുകള്‍ വഴിപറയാനും സ്ഥലപ്പേരു പറയാനുംഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍, നിരത്തുവക്കിലെ തട്ടുകടയിലെദോശയൊന്ന് മറിഞ്ഞുകിടന്ന് വേവാന്‍ തുടങ്ങി. ചൂട് കുറഞ്ഞ ഇഡ്ഡലി ദോശയെ നോക്കികെറുവിക്കുന്നുണ്ടോ? രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പറഞ്ഞ വായ കട്ടന്‍ ചായയുടെ ചൂടില്‍ പൊള്ളി... പരസ്യ ബോര്‍ഡില്‍ ശോഭന പറയാനാകാത്തയേതോ ഭാവത്തില്‍ വഴിയാത്രക്കാരെ നോക്കിയപ്പോള്‍, കല്യാണ്‍ സാരീസിന്‍റെ പച്ച സാരിയുടുത്ത ശ്രേയ വശ്യമായി ചിരിച്ചു.

ബസ് ഇരമ്പിക്കയറുന്ന ശബ്ദം കേട്ട്, ഉറങ്ങുകയായിരുന്ന ബസ് സ്റ്റാന്‍റ് ഞെട്ടിപ്പിടഞ്ഞുണര്‍ന്നു. മുഖത്തെ, ഉറക്കംതുടച്ചുകളഞ്ഞുകൊണ്ട് ചിലര്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. വീണ്ടും ബസ് നിരങ്ങി നീങ്ങിത്തുടങ്ങുമ്പോള്‍ ചിലരെല്ലാം ചന്തിയുരച്ച് ഇരിപ്പൊന്നുകൂടെ ഉറപ്പിച്ചു... ഞാനും...

അങ്ങാടിപ്പുറത്ത്, അടഞ്ഞുകിടക്കുന്ന കടയുടെ മുന്‍പില്‍ ബസ് നില്‍ക്കുമ്പോള്‍ രാത്രിക്ക് പ്രായമേറെയായതുപോലെ. ഉണ്ണ്യേട്ടന്‍റെ കടയില്‍നിന്ന് പകല്‍വെയിലില്‍ വിളറിയ വെറ്റിലയുടെ ഞെട്ടികളഞ്ഞ് നൂറ് തേക്കുമ്പോള്‍ അയാള്‍ പറഞ്ഞു, ''നിങ്ങടെ ആ ഭാഗത്തൊരു മരണണ്ടല്ലോ...''

"ആരാത്??" അടയ്ക്ക പല്ലുകള്‍ക്കിടയില്‍ പിടഞ്ഞതുകൊണ്ടോ, നെഞ്ചില്‍ ശൈത്യം ഉറഞ്ഞുകൂടിയതു കൊണ്ടോ ചോദ്യം വല്ലാതെ വിറച്ചതുപോലെ തോന്നി. അറിയില്ലെന്ന മറുപടിയെ ഉണ്ണ്യേട്ടന്‍ സര്‍ബത്ത് ഗ്ലാസ് കഴുകി നീട്ടിയൊഴിച്ചവെള്ളത്തിനൊപ്പം റോഡിലേക്കൊഴിച്ചപ്പോള്‍ പിന്നെയൊന്നും മിണ്ടാനില്ലാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ഉറക്കംതൂങ്ങി കത്തുന്ന ബള്‍ബുകള്‍ താഴെയിട്ട മഞ്ഞവെളിച്ചത്തെ ചവിട്ടി നടക്കുമ്പോള്‍, വഴിയരികിലെയേതോ വീട്ടിലെ ടീവിയില്‍നിന്ന്, കുളിസോപ്പിന്‍റെ പരസ്യ വാചകങ്ങള്‍ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.

ചിന്തകളിലെ ഇടവഴിയിലെവിടെയോ ആ പാദസരങ്ങള്‍ പിന്നെയും കിലുങ്ങി ചിരിക്കുകയും മഞ്ചാടിക്കുരുക്കള്‍ നെഞ്ചിനകത്ത് പെയ്യുകയും ചെയ്തു. ഓര്‍മ്മകളിലെന്തൊക്കെയൊ തിരയുന്ന ചിന്തകളെ മനസ്സിനകത്തേക്ക് അലയാന്‍വിട്ടു.

ഇരുട്ടിലേക്ക് നോക്കിനില്‍ക്കുന്ന കല്ലുപാലം ഒരു പ്രഹേളികയെപോലെ... താഴെ വെള്ളത്തില്‍ ട്യൂബ് ലൈറ്റുകളുടെ പ്രതിബിംബങ്ങള്‍വീണ്, പായല്‍പിടിച്ച് പച്ചനിറമായ വെള്ളം വെളുത്തുകണ്ടു. രാത്രിയുറങ്ങുന്ന വയലിന് ചീവീടുകളുടെ ഒച്ച താളമിട്ടപ്പോള്‍, പാടവരമ്പിനരികില്‍ ഒരു തവള ഇടവപ്പാതിക്കായിക്കരഞ്ഞു. കൊയ്ത്തും മെതിയും കഴിഞ്ഞ്, നിലം പകല്‍ വിണ്ടുകീറിത്തുടങ്ങിയ വയലിന് നടുവിലൂടെ നടക്കുമ്പോള്‍ ദൂരെയെവിടെയോ ഒരു നായ ഓരിയിടുകയും സാവിത്രി ടീച്ചറുടെ വീട്ടില്‍നിന്ന് ഇറങ്ങിവരുന്ന വെളിച്ചത്തെ വല്യവരമ്പിനെ തൊടീക്കാതെ മതിലരികിലെ നേന്ത്രവാഴക്കൈ തടഞ്ഞു നിര്‍ത്തുകയും ചെയ്തു.

ഇരുട്ടിന്‍റെ കരിമ്പടം പുതച്ചുറങ്ങുന് വീടുകളുടെ ഇടയിലൂടെ നടന്നു. രാത്രികള്‍ നുണ പറഞ്ഞുതുടങ്ങിയിരിക്കാം അപ്പോള്‍... അപ്പുണ്ണി പണിക്കരുടെ വീടിന് മുന്‍പില്‍, ഇരുട്ടുനനഞ്ഞ പാടത്ത് അച്ഛന്‍റെ കൈയ്യിലെ ചങ്ങലയില്‍, പരിചയമില്ലാത്ത ഏതോ ശബ്ദത്തിനോട് ആദിയൊന്ന് കുരച്ചത് കേട്ടാണ് അങ്ങോട്ട്‌ നോക്കിയത്.

"അച്ഛാ..." വരവറിയിക്കാനെന്നോണം വെറുതെ വിളിച്ചു. അച്ഛന്‍ അമര്‍ത്തിയൊന്നു മൂളി. തോടിന് കുറുകെയുള്ള പാലത്തിലേക്ക് പതുക്കെ കയറുമ്പോഴേ കണ്ടു ഉമ്മറത്ത് അമ്മമ്മയുടേയും അമ്മയുടേയുംനിഴലനക്കങ്ങള്‍. ഗേറ്റിന്‍റെ ശബ്ദം കേട്ട് പറഞ്ഞുപകുതിയായ പരദൂഷണത്തെ വഴിയിലിറക്കിവിട്ട് അമ്മ പറഞ്ഞു, "ങ്ആ, വിന്വെത്തി..."

ഉറങ്ങാന്‍ വൈകിയതിന്‍റെ ക്ഷീണത്തെ മുഖത്തുനിന്ന് തുടച്ചുകളഞ്ഞിട്ട് അമ്മമ്മ ചോദിച്ചു, "ന്തേന്നമ്മടെ കുട്ടിക്ക് വൈക്യേ?" മനസിനകത്ത് ഒതുക്കിവച്ചിരുന്ന ഏതോ സങ്കടത്തിനെ കാരണമാക്കി അമ്മമ്മ കണ്ണുനിറച്ചു

"ന്തേ, അമ്മാ..??" അമ്മമ്മയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ആ ശരീരം വല്ലാതെ തണുത്തിരുന്നു. രാത്രിയുടെ നിഴലുകള്‍ മരണം വിളിച്ചറിയിച്ചുകൊണ്ട് കയറിവരുന്നപോലെ തണുത്തകാറ്റ് വീശി, മുഖം നനഞ്ഞു. തുലാവര്‍ഷം ബാക്കിയാക്കിയ ഒരു മഴ ആകാശത്ത് മേഘങ്ങള്‍ നിരത്തുന്നുണ്ടോ..??

"വാര്യെത്തെ ആ പെണ്ണ്... വണ്ടിക്ക് ചാടീന്ന്..." തിണ്ണയില്‍വച്ച ബാഗെടുക്കുമ്പോള്‍ അമ്മയുടെ ചിലമ്പിച്ച ശബ്ദം ഇരുട്ടിലേക്കെന്നപോലെ ഇറങ്ങിപ്പോകുകയും തുലാവര്‍ഷം നെഞ്ചിനകത്ത് വലിയൊരു ശബ്ദത്തോടെ ഇടിമുഴക്കുകയും ചെയ്തു.

വാര്യത്തെ ഉണ്ണിമായ !! നെഞ്ചിനകത്ത് പാദസരങ്ങളുടെ മുത്തുകള്‍ അടര്‍ന്നുവീണു. മഞ്ചാടിക്കുരുക്കള്‍ ചിതറിത്തെറിച്ച ഇടവഴികളില്‍ രക്തം കട്ടപിടിച്ചതുപോലെ... വേട്ട മൃഗത്തിന്‍റെ വന്യതയോടെ രാത്രിയുടെ തണുപ്പ് എന്നിലേക്ക് നഖങ്ങളാഴ്ത്തി. നിറയുന്ന കണ്ണുകളിലേക്ക് ഇരുട്ട് കയറിവന്ന് എനിക്ക് അന്ധനെന്ന് പേരിട്ടുതന്നു. റെയില്‍വേ ട്രാക്കില്‍ പേരിടാത്തൊരു പ്രണയം ചോരയില്‍ തെറിക്കുന്നു, കൂടെ പാദസരത്തിന്‍റെ മണികളും.

ഈ ലക്കം ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്
http://www.gulmoharmagazine.com/gulmoharonline/kadhakal/iniyum-kilungi

Saturday, 5 April 2014

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍..!!

പാലാഴിയില്‍ ബിന്ദ്വമ്മയുടെ പിറന്നാളാണിന്ന്...

രാവിലെ പിറന്നാള്‍ ആശംസയറിയിക്കാന്‍ വിളിച്ചപ്പൊ അമ്മ നല്ല തിരക്കിലാണ്. ഞാനൊരു 'പിറന്നാളാശംസകള്‍' പറഞ്ഞപ്പോള്‍ അമ്മ പറയുവാണ്, "മെഴുക്കുവരട്ടി അടുപ്പത്താടാ... അത് കരിയും. ഞാനങ്ങട് ചെല്ലട്ടെ... നീ വൈകുന്നേരാവുമ്പഴക്കിങ്ങടെത്തില്ലേ..??" അമ്മയുടെ ചോദ്യത്തിന്, എന്‍റെ ഉത്തരം മുഴുവനായി കേള്‍ക്കാനും കൂടെ നിക്കാതെ ഫോണ്‍ അച്ഛനുകൊടുത്തിട്ട് അമ്മയോടി...

അങ്ങാടിപ്പുറത്ത്, തിരുമാന്ധാംകുന്നിലെ പൂരംപുറപ്പാടുകൂടിയാണിന്ന്. അമ്മയ്ക്ക് അടുക്കളയില്‍ പിടിപ്പതുപണിയുണ്ടാകും, അമ്മമ്മയും, വല്യമ്മാവനും അമ്മായിയും മക്കളും, പിന്നെ ചെറിയമ്മായിയും മോനുമൊക്കെണ്ടാകും അവിടെ. പാത്രങ്ങള്‍ കലമ്പുന്ന അടുക്കളയില്‍നിന്ന് സാമ്പാറിന്‍റേയും അവിയലിന്‍റേയും പായസത്തിന്‍റേയുമൊക്കെ മണം പുറത്തേക്കിറങ്ങി വന്നിട്ടുണ്ടാകുമിപ്പൊ. പണികളൊക്കെ ഒതുക്കിയിട്ടുവേണം ആറാട്ടിനെഴുന്നള്ളുന്ന ഭഗവതിയെ തൊഴാനെന്ന്, പിന്നേയും പിന്നേയും പറഞ്ഞ്... പണികളൊതുക്കി, അമ്പലത്തിലേക്ക് ഓടുമ്പോഴും പറയും 'പപ്പടം വന്നിട്ട് കാച്ചാം...'

അവിടുന്നോടിവന്ന്, ഉച്ചയ്ക്ക് എല്ലാവരേയും കഴിപ്പിക്കാനുള്ള തിരക്കിലും, ബിന്ദ്വമ്മ നേരാവണ്ണം വല്ലതും കഴിച്ചിട്ടുണ്ടാകില്ല. ഇപ്പൊ അങ്ങനെ എല്ലാരേം കഴിപ്പിക്കാനുള്ള തിരക്കിലാകും ആള്....

അമ്മേ, എന്‍റെ ഒരായിരം പിറന്നാള്‍ ആശംസകള്‍..!!

Tuesday, 1 April 2014

ആ അക്ഷരമുറ്റത്ത് വീണ്ടുമെത്തിയപ്പോള്‍

സോപാന സംഗീതാചാര്യന്‍ ഞെരളത്ത് രാമപൊതുവാളും എഴുത്തുകാരനായ നന്ദനാരുമടക്കമുള്ള മഹത് വ്യക്തികളുടെ സാമീപ്യംകൊണ്ട് ധന്യമാക്കപ്പെട്ട, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂള്‍...

റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് മുഖം തിരിച്ചുനിന്നിരുന്ന സ്കൂളിന്‍റെ ചെറിയ ഗേറ്റിനടുത്ത്, മതിലിനകത്തുള്ള പേരറിയാത്തയേതോ മരത്തിന് ചുവട്ടിലായി, നാലുകാലുള്ള മേശയില്‍ വെയിലും മഴയും കൊള്ളാതിരിക്കാന്‍ ഒരു‍ മേല്‍ത്തട്ട് പണിത ചെട്ടിയാരുടെ ചെറിയ കട. അവിടെ‍‍... കുട്ടികളുടെ വായില്‍ കപ്പലോടിക്കാറുള്ള മിഠായി ഭരണികളോ, മുളകും ഉപ്പും ചേര്‍ത്തുകഴിക്കാനുള്ള ഓറഞ്ചുകളോ സബര്‍ജില്ലിയോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണിന്ന്. ഉച്ചഭക്ഷണത്തിന് ചെട്ടിയാരുടെ കടയില്‍നിന്ന് വാങ്ങിയ ആ 'ജ്യോതി' അച്ചാറിന്‍റെ രുചി നാവിലൂടെ ചിന്തകളോടൊപ്പം ഓര്‍മ്മകളിലേക്ക് നടന്നുപോയി. ചെട്ടിയാരും ഭാര്യയും നടത്തിയിരുന്ന കട, ഇന്നവരില്ലാതിരുന്നിട്ടും ഓര്‍മ്മകളെ ബാക്കിയാക്കി തനിച്ചവിടെ നില്‍ക്കുന്നതെന്തിനുവേണ്ടിയാണ്??

ഗേറ്റ് കടക്കുമ്പോള്‍ പൗലോസ് മാഷിന്‍റെ വിസില്‍ ശബ്ദം കേട്ടു. സ്പോര്‍ട്സ് റൂമിലെ അലമാരകളില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ഷട്ടില്‍ബാറ്റുകളും, കൂനിക്കൂടിയുറങ്ങുന്ന ഫുട്ബോളും ചുമരിലേക്ക് ചാരിയുറങ്ങുന്ന ക്രിക്കറ്റ് ബാറ്റുമൊക്കെ അങ്ങനെ തന്നെയുണ്ട്. പുതിയതാണവയെല്ലാം... ഞാനിതുവരെ തൊടാത്തത്. ഗ്രൗണ്ടിലെ ഫുട്ബോള്‍ കോര്‍ട്ടിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ പെയ്തത്, ഒന്നുപറയുകപോലും ചെയ്യാതെ മരണത്തിലേക്ക് നടന്നുപോയ നിന്നെയോര്‍ത്തിട്ടാടാ... നീയിന്ന് കൂടെയില്ലെന്ന തിരിച്ചറിവിലാടാ കഴുവേറീ... (ഗിരീഷേ‌, ഓര്‍മ്മകളുടെ വേനല്‍ച്ചൂടിലേക്ക് വീണുപൊള്ളുകയാണ് നീയിന്ന് കൂടെയില്ലെന്ന സത്യം)

സ്റ്റേജിന് പുറകിലുള്ള ഒന്നാം ക്ലാസിലേക്ക് കയറുമ്പോള്‍, ഉണ്ണിമായ ടീച്ചറുടെ പതിഞ്ഞ ശബ്ദത്തെ ഓര്‍ത്തെടുക്കാനാകാതെ പരാജയപ്പെടുകയാണല്ലോ?? ടീച്ചര്‍ കൈപിടിച്ചെഴുതിച്ച അക്ഷരങ്ങളെ മനസ്സുകൊണ്ട് ഒന്നുകൂടിയെഴുതി നോക്കി. ദേഷ്യപ്പെടാത്ത... ചൂരലിന്‍റെ ഭാഷയറിയാത്ത... അമ്മയുടെയത്രയും വാത്സല്യമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിമായ ടീച്ചര്‍ ഇന്നെവിടെയാകും??

രണ്ടാം ക്ലാസില്‍ ഉറക്കെ കേള്‍ക്കുന്നത് വല്‍സമ്മ ടീച്ചറുടെ ശബ്ദമാണ്. വഴക്ക് പറയുകയും കണ്ണടയ്ക്കുള്ളില്‍ കണ്ണുരുട്ടിയുള്ള ടീച്ചറുടെ നോട്ടത്തിലും നിശബ്ദമായ ക്ലാസിലെ രണ്ടാമത്തെ ബഞ്ചില്‍,‍ സ്ലേറ്റില്‍ സങ്കലനപ്പട്ടികയിലെ അക്കങ്ങളെ നിരത്തുന്ന തിരക്കിനിടയിലാണ് ഞാന്‍.

മൂന്നാം ക്ലാസ്സിലെത്തിയപ്പോള്‍, ഓടിന്‍റെ പൊട്ടുകൊണ്ട് രാമകൃഷ്ണന്‍റെ നെറ്റിയിലൊരു മുറിവുണ്ടാക്കിക്കൊടുത്തതിന്, ഞാന്‍ വര്‍ഗീസ് മാഷിന്‍റെ മുന്‍പില്‍ തലകുനിച്ചുനില്‍ക്കുകയാണ്. ദേഷ്യത്തില്‍ ചുവന്ന മാഷിന്‍റെ മുഖത്തിന്‍റെ ഓര്‍മ്മയില്‍, കാലില്‍, സോക്സിന് തൊട്ടുമുകളിലെ പഴയ ചൂരല്‍ വേദനയെ ഞാന്‍ വെറുതെയൊന്ന് തടവി.

പടിക്കെട്ടുകളിറങ്ങി നാലാം ക്ലാസ്സിലേക്ക് കയറുമ്പോള്‍, ക്ലാസില്‍ ഗ്രേസമ്മ ടീച്ചറുടെ ശബ്ദത്തിനേക്കാള്‍ ഉച്ചത്തില്‍ ഞങ്ങളുടെ ബഹളമാണ്. ഒച്ചയിട്ട് ശബ്ദം നഷ്ടമായ ടീച്ചറുടെ ശബ്ദമില്ലാത്ത ശബ്ദത്തെ ഞങ്ങള്‍ കളിയാക്കി, പരസ്പരം ചിരിക്കുകയാണ്. ടീച്ചറുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ക്ക് പോലും വല്ലാത്ത ക്ഷീണം. ചൂരലിന്‍റെ തുണയോടെ അതിലെ പോയ ഉറുദു മാഷിനെക്കണ്ട്, ഞങ്ങളുടെ ശബ്ദത്തെ നിശബ്ദത പൊതിഞ്ഞുപിടിക്കുന്നതുകണ്ട് ഞാന്‍ ചിരിച്ചു. അഞ്ചാം ക്ലാസില്‍, ചന്ദ്രന്‍മാഷിനേക്കാള്‍ ഉച്ചത്തില്‍ മാഷിന്‍റെ ചൂരല്‍ ശബ്ദം കേട്ടാണ് അങ്ങോട്ട്‌ കയറിയത്. ആദ്യത്തെ ബഞ്ചിലിരിക്കുന്ന ലയയുടേയും സുകന്യയുടേയുമൊക്കെ മുന്‍പില്‍വച്ച് അയല്‍വാസിയും കണക്ക് ടീച്ചറുമായ സാവിത്രി ടീച്ചറുടെ സ്കെയില്‍, പുറംകൈയ്യിലൊരു പുതുമയുള്ള അടിയുടെവേദനയായതോര്‍ത്ത് ചമ്മലോടെ അവിടെനിന്നിറങ്ങി.

പടിഞ്ഞാറേത്തൊടിയിലെ ഇടവഴിയില്‍നിന്ന് ഇഷ്ടം ഊതിനിറച്ച് പെറുക്കിയെടുത്ത മഞ്ചാടിക്കുരുക്കളുമായി, ആദ്യമായി ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ മുന്‍പില്‍ പരിഭ്രമിച്ചുനിന്നത് ആറാം ക്ലാസിനുപുറത്തെ വരാന്തയിലാണ്. ചിരിക്കുമ്പോള്‍, അവളുടെ വലിയ കണ്ണുകളില്‍ സമുദ്രങ്ങള്‍ ഒളിച്ചുനിന്നിരുന്നു. മുടിയിഴകളിലെ ചെമ്പകപ്പൂക്കള്‍ വാടിക്കൊഴിഞ്ഞപ്പോഴൊക്കെ ആരും കാണാതെ അതെല്ലാം പെറുക്കിയെടുത്ത് ബാഗിന്‍റെ അറകളില്‍ നിറച്ചതും ഡസ്കിലെഴുതിയ അവളുടെ പേരുകളെ ഓമനിച്ചുമ്മവച്ചതും ഓര്‍ത്തിട്ടാകണം ഒരു ചിരി ചുണ്ടുകളിലേക്ക് നടന്നുവന്നത്. ഇംഗ്ലീഷ് ഇംപോസിഷന്‍ എഴുതാതതിന് ചന്ദ്രന്‍മാഷ്‌ വരാന്തയില്‍ നിര്‍ത്തിയപ്പോഴൊക്കെയും‍, അന്ന് ഹെഡ്മാസ്റ്ററായിരുന്ന ഫ്രാന്‍സിസ് മാഷിന്‍റെ ഷൂസിന്‍റെ ശബ്ദത്തേയും, പുറകില്‍ മറച്ചുപിടിക്കാറുള്ള ചൂരലിനേയുമോര്‍ത്ത് പിന്നേയും വെറുതെപേടിച്ചു.

സ്റ്റേജിന് മുന്‍പിലൂടെ ഏഴാം ക്ലാസിലേക്ക് നടക്കുമ്പോള്‍ വെറുതെ ആ സ്റ്റേജിലെ എന്‍റെ മുഖങ്ങളെ വീണ്ടും ഓര്‍ത്തു, നാലാം ക്ലാസില്‍‍ വാദ്യോപകരണ മത്സരത്തിന് തബല വായിച്ചതും, അഞ്ചാം ക്ലാസില്‍ രഘുരാമനും സുരേഷിനുമൊപ്പം ഇംഗ്ലീഷ് മീഡിയം നാടകത്തില്‍ മാഷായതും, ഒമ്പതാം ക്ലാസില്‍ പ്രച്ഛന്നവേഷ മത്സരത്തില്‍ ഭ്രാന്തനായ അപസ്മാര രോഗിയായതും, പത്താം ക്ലാസില്‍ ഉണ്ണിയ്ക്കും ഗിരീഷിനുമൊപ്പമുള്ള നാടകത്തില്‍ പുതുചെറുക്കനായതും...

ഏഴാംക്ലാസ്സിലെത്തുമ്പോള്‍ ഹരിദാസന്‍ മാഷിന്‍റെ ക്ലാസ്സില്‍, വിജീഷും സനൂപും മാഷിന്‍റെ ഇംഗ്ലീഷ് പാഠങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുമ്പോള്‍, അവയൊന്നും മനസ്സിലാകാതെ ഞാന്‍ പുറകിലെ ബഞ്ചിലിരുന്ന് മിഴിക്കുകയും, അവളുടെ മുടിയിഴകളിലെ പൂക്കളോട് അസൂയപ്പെടുകയും ചെയ്തു‍. വാതിലിന് മറവില്‍വച്ച് അവളോട്‌ പറഞ്ഞ ഇഷ്ടത്തെ കൊഞ്ഞനംകുത്തി അവള്‍ ഓടിവീണ്, കണ്ടവരൊക്കെ ചിരിച്ചപ്പോഴും ചിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്. ഞാനന്ന് ചിരിക്കാത്തതുകൊണ്ടാകാം, പിന്നീട് പലപ്പോഴും അവളെനിക്കായി ചിരിച്ചത്. എട്ടാം ക്ലാസ്സില്‍ ചിത്രരചനാ മത്സരത്തിന്, വിഷയമെഴുതിയ ബോര്‍ഡിലേക്ക് നോക്കി വാപൊളിച്ചപ്പോള്‍ വായിലേക്ക് ഓടിക്കേറിയ ഈച്ചയെ ആഞ്ഞുതുപ്പി ദേഷ്യംതീര്‍ത്തു. എസ്എഫ്ഐയുടെ റാലിക്ക് ക്ലാസ് കട്ട് ചെയ്തുപോയതിന് പ്രമീള ടീച്ചര്‍, ചെവി പൊന്നാക്കി വിലകൂട്ടി തന്നതും എട്ടാം ക്ലാസ്സില്‍ നിന്നായിരുന്നു. അന്ന് അതിന് ടീച്ചറോട് കുറച്ച് ദേഷ്യം തോന്നിയെങ്കിലും കണക്ക് എന്ന കീറാമുട്ടിയെ ഇഷ്ടപ്പെട്ടുതുടങ്ങിയത് പ്രമീള ടീച്ചര്‍ കണക്ക് പഠിപ്പിച്ചതുകൊണ്ടായിരുന്നുവെന്നതാണ് സത്യം. ലാസ്റ്റ് ബഞ്ചിലെ വില്ലന്‍മാര്‍ക്കിടയിലേക്ക്, അന്നത്തെ വില്ലന്‍മാരെന്നെ പരിഗണിച്ചതും എട്ടാം ക്ലാസില്‍ നിന്നാണ്.

ഒമ്പതാംക്ലാസില്‍, ക്ലാസ് ലീഡറായി മത്സരിക്കുമ്പോള്‍, എനിക്കെതിരായി നിന്നിരുന്ന അശ്വതിക്ക് കിട്ടേണ്ട പെണ്‍കുട്ടികളുടെ വോട്ടുകളൊക്കെ മിട്ടായികൊടുത്ത് വിലയ്ക്ക് വാങ്ങിയെങ്കിലും അവളെന്നോട് പിണങ്ങിയില്ലെന്ന് മാത്രമല്ല, പലപ്പോഴും ഹിസ്റ്ററിയുടേയും ജ്യോഗ്രഫിയുടേയും നോട്സ് മുഴുവനാക്കിത്തരികയും ചെയ്തിരുന്നു (അശ്വതി, നിന്‍റെ കല്യാണത്തിനെന്നെ നീ വിളിച്ചില്ലെങ്കിലും നല്ല കൂട്ടുകാരിയാണ് നീയെനിക്ക്... ഇന്നും, എന്നും). പ്രജീഷും ഞാനും തല്ലുകൂടിയതും പ്രമീള ടീച്ചറുടെ താക്കീതിനപ്പുറം ഞങ്ങള്‍ ശത്രുക്കളായതും ഈ ക്ലാസില്‍വച്ചാണ്. (പ്രജീഷ്... പിന്നീട് ആ വഴക്കിന് ഞാന്‍ നിന്നോട് ക്ഷമ ചോദിച്ചപ്പോള്‍, നമ്മള്‍ കൂട്ടുകാരല്ലേടായെന്ന് നീ പറഞ്ഞതിന്നും ഓര്‍മ്മയിലുണ്ട്) കൊലുസ്സിന്‍റെ കൊഞ്ചലുമായിവന്ന അപ്പുറത്തെ ക്ലാസിലെ പെണ്‍കുട്ടിയെ അന്ന് നോക്കിയതുപോലെ വാതില്‍ക്കല്‍ ചെന്ന്‌ വെറുതെ നോക്കി.

പത്താം ക്ലാസിലെ പുറകിലെ ബഞ്ചില്‍ നാടന്‍പാട്ടുകളുടെ ശീലുകള്‍ക്കിടയില്‍, രതീഷിന്‍റെ വരകളില്‍ പുതിയ സുന്ദരികളായ പെണ്‍കുട്ടികളും പക്ഷികളും മൃഗങ്ങളുമൊക്കെ ക്ലാസിലേക്ക് അതിഥികളായെത്തുന്നത് പതിവാണ്. ചുമരിലെ ബോര്‍ഡിലേക്ക് നോക്കിയപ്പോള്‍ മാധവന്‍മാഷിന്‍റെ കെമിസ്ട്രി ക്ലാസും ഐസോമെറിസവും ഓര്‍ത്തു... ചിരിച്ചു. പഠിച്ചുമതിയാകാത്ത മലയാളവും ശിവപ്രസാദ് മാഷിന്‍റെ ശബ്ദത്തിലൂടെ കേട്ട പാത്തുമ്മായുടെ ആടും മനസ്സിലേക്ക് പിന്നെയും കയറിവന്നു. ഓര്‍മ്മയിലേക്ക് കൂട്ടാനൊരു വസന്തം തന്ന ആ ക്ലാസ് മുറിയില്‍ നിന്നിറങ്ങുമ്പോള്‍, നിറഞ്ഞ കണ്ണുകളോടെ ഓട്ടോഗ്രാഫ് എഴുതിത്തന്ന കൂട്ടുകാരികളും 'പൂരത്തിന് കാണാമെടാ'യെന്ന് പറഞ്ഞുപിരിഞ്ഞ കൂട്ടുകാരും അവരവരുടെ ഇരിപ്പിടങ്ങളിലിരുന്ന്, എനിക്കുനേരെ കൈവീശി...

മൂത്രപ്പുരയുടെ ചുവരുകളില്‍ നഗനരായ സുന്ദരികളും 'പീ' വാക്കുകളും മായാതെ കിടക്കുന്നുണ്ടോ? പഴയതുപോലെ ചുവരില്‍ രണ്ടുമൂന്ന് 'റ' വരച്ച് മൂത്രമൊഴിച്ച്, അവിടെനിന്നിറങ്ങി നടക്കുമ്പോള്‍ നിരന്നുനില്‍ക്കുന്ന പൈപ്പുകള്‍ക്ക് താഴെ അവളുടെ ശബ്ദം... ഒരു നുണക്കഥയുടെ പിറകിലേക്ക് നോക്കി ആ കൊലുസ്സുകള്‍ പിന്നെയും ചിരിക്കുന്നത് പറയാതിരുന്ന ആ ഇഷ്ടത്തെ പരിഹസിച്ചാകും.

സ്റ്റാഫ് റൂമിലേക്ക് വെറുതെയൊന്ന് പാളിനോക്കി, നിശബ്ദമായ റൂമിലേക്ക് ജനാലയിലൂടെ കയറിവന്ന കാറ്റില്‍ ഇന്ത്യയുടെ ഭൂപടമൊന്നുലഞ്ഞ് ഒച്ചവച്ചു. ഓഫീസ് മുറിയുടെ പുറത്തെ ചുവരില്‍ ഓരോ വര്‍ഷവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടികളുടെ പേരുകള്‍ നിറംമങ്ങിയിരുന്നു. (സുഫൈറാ, നിനക്കായിരുന്നു ആ വര്‍ഷം കൂടുതല്‍ മാര്‍ക്ക് കിട്ടിയത്)

ഓഫീസിലെ മൈക്കിന് മുന്‍പില്‍നിന്ന് മൂന്നാല് കുട്ടികള്‍ ചേര്‍ന്ന് 'ജനഗണമന...' ചൊല്ലുന്നു, പ്യൂണ്‍ അപ്പുട്ടിയേട്ടന്‍ നീട്ടിയൊരു ബെല്ലടിക്കുന്നു... പുസ്തകക്കെട്ടുമായി കുട്ടികള്‍ ഗേറ്റിന് പുറത്തേക്ക് വേഗത്തിലോടുന്നു, അവരോടൊപ്പം ഞാനും..!!

തീരുന്നില്ല വിശേഷങ്ങളൊന്നും, പറഞ്ഞുതീരാത്തത്രയും വിശേഷങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനി എപ്പോഴെങ്കിലും പറയാം ..

-വിനീത് വിജയ്‌


Friday, 28 March 2014

സൈഡ് ഡിഷുകള്‍..!!

കഥ പറയുന്ന രാത്രികള്‍ പകലിനെ ഒളിക്കുന്നതൊക്കെയും സത്യങ്ങളാണ്. ഇടിച്ചുകുത്തിപ്പെയ്യുന്ന തുലാവര്‍ഷങ്ങളില്‍ നുണകള്‍ കൂണുകളാകുന്നു. സിരകളില്‍ വേവുന്ന രതിയുടെ ലഹരികള്‍ക്ക് മസാലപുരട്ടിയ സ്വാദുള്ള... എരിവുള്ള സൈഡ് ഡിഷുകള്‍..!!

തരളിതമെന്ന വികാരത്തെയുണര്‍ത്താന്‍ കഴിവുള്ള മദ്യമല്ലേ ആദ്യം സത്യം പറഞ്ഞുതുടങ്ങുന്നത്?? നീ പിന്നെയും നുണ പറയുകയാണ്‌...

മരണം ഒരത്ഭുതം

"മരിക്കുമ്പോള്‍ മരണവും ഒരു അത്ഭുതമാണത്രേ..."

ഇരുട്ട് ചോര്‍ന്നൊലിക്കുന്ന പുരയ്ക്കകത്ത്, നക്ഷത്രങ്ങള്‍ക്കൊപ്പം ആത്മാക്കള്‍ വിരുന്നിനെത്തിയ രാത്രിയില്‍, അക്ഷരങ്ങളില്‍ ശൈത്യമുറഞ്ഞുകൂടിയിട്ടും നിലാവിനോളം നേര്‍ത്ത വാക്കുകളില്‍ അവര്‍ പറഞ്ഞവസാനിപ്പിച്ചത് ആ അത്ഭുതമായിരുന്നല്ലോ !!

Friday, 14 February 2014

വിജനമായ വഴികളിലെ ഒറ്റമഴ

എങ്ങനെയാണ് നിന്നോടിഷ്ടം കാണിക്കേണ്ടത്? മറന്നുപോയോ ഞാനത്... നിന്‍റെ ചുണ്ടുകളിലേക്ക് ഒരു ചുംബനപ്പൊട്ടിനെ ഒട്ടിച്ചുതന്നാലത് പ്രണയമാക്വോ??

നമ്മുടേതുമാത്രമായൊരു പ്രണയകാലം സൃഷ്ടിക്കുകയാണ് ഞാന്‍ !! അതിലെ രണ്ടുപേര്‍ക്ക് മാത്രം നടന്നുപോകാവുന്ന, ഒരിക്കലും നടന്നുതീരാത്ത പ്രണയവഴികളിലൂടെ പരസ്പരം വിരലുകള്‍ കൊരുത്ത്, തോളുരുമ്മി നമുക്ക് നടക്കണം. സ്വപ്നപൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന... പ്രണയവെളിച്ചം വീശിയെറിഞ്ഞ വഴികളിലൂടെ നീയും ഞാനും മാത്രം.

ആ പ്രണയവഴികളില്‍, ഇടയ്ക്കൊരു ചുംബനദൂരത്തോളം നീ പിണങ്ങണം. ലോകം കണ്ടതിലേറ്റവും മനോഹരമായ പിണക്കത്തോടെ നില്‍ക്കുന്ന നിന്നെ ചേര്‍ത്തണച്ച് എന്‍റേതുമാത്രമാക്കുമ്പോള്‍, നിന്‍റെ കണ്ണുകളിലെ സമുദ്രങ്ങളെ ഒരുമ്മ കൊണ്ട് വറ്റിയ്ക്കണമെനിക്ക്.

വക്കുടയാത്ത വാക്കുകള്‍ കൊരുത്ത മാലയണിയിച്ച് നിന്നെയെന്‍റെ നവവധുവാക്കുമ്പോള്‍, നിന്‍റെ ചിരിമുത്തുകളാല്‍ കോര്‍ത്തെടുത്ത മാലകൊണ്ടാകും നീയെന്നെ നവവരനാക്കുന്നത്, അല്ലേ..?? നമുക്കിടയില്‍ പിറന്നുവീഴുന്ന മൗനങ്ങളെ മടിയിലിരുത്തി ഓമനിക്കുകയും, മനോഹരമായ പേരുകളിടുകയും വേണം...

മീനവെയില്‍ നനയുന്ന നിനക്കുമേല്‍ പ്രണയത്തിന്‍റെ തുലാവര്‍ഷമാകുകയും ഒരാലിംഗനം കൊണ്ടു നിന്നെ മഞ്ഞില്‍ പൊതിയുകയും വേണ്ടേ??

ഇതുവരെ നിന്നോട് പറയാതിരുന്ന മഞ്ചാടിക്കാലത്തെക്കുറിച്ച് വളരെ സംസാരിക്കും ഞാന്‍. നിന്‍റെ പിറന്നാളുകള്‍ക്ക് ഒരുപാടായിരം മഞ്ചാടിക്കുരുക്കള്‍ സമ്മാനിക്കുമ്പോള്‍, നിന്‍റെ മുടിയിഴകളിലെ ചെമ്പകപ്പൂവിന്‍റെ സുഗന്ധമുള്ള കാറ്റിനെ നീയറിയാതെ പ്രണയിക്കാന്‍ തോന്നുകയാണെനിക്ക്.

നീയറിയാതെയുമറിഞ്ഞും നിന്നെയൊരുപാട് സ്നേഹിക്കണം. നിന്‍റേതായും, നിന്നെയെന്‍റേതാക്കിയും ഒരുപാടൊരുപാട് സ്നേഹിക്കണമെനിക്ക്. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ ആ വിജനമായ വഴികളില്‍ കാലം മഴപെയ്യിക്കുന്നുണ്ടാകും, ഒരു ഒറ്റമഴ... നമ്മള്‍ നനഞ്ഞ നമ്മുടേത്‌ മാത്രമായ ഒരു പ്രണയമഴ..!!

Monday, 10 February 2014

മറവി പിറക്കുന്നതെവിടെയാ..??

മറവികളുടെ മരണദൂരത്തിനിടയിലെവിടെയോ ഓര്‍മ്മകള്‍ പിറവിയെടുക്കുമ്പോള്‍, ആ ഓര്‍മ്മകളുടെ ഭ്രൂണം വളര്‍ന്നുതുടങ്ങിയതെവിടെയാകും..? മറവിയുടെ ഗര്‍ഭപാത്രത്തിലോ, മനസിനകത്തെ ഒഴിഞ്ഞമൂലയിലോ (പെറ്റിട്ടത് ആ ഒഴിഞ്ഞമൂലയിലാണെന്നറിയാം !!)..??

-മച്ചിന്‍പുറത്തെ ഓര്‍മ്മകളെ മറവിയെന്ന പേരിള്ളൊരെലി കരണ്ടുതുടങ്ങുമ്പോള്‍, വേദനയെന്ന സത്യത്തെ വിഴുങ്ങുന്നതാരാണ്??

 feeling എന്‍റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞത് നീയാണെന്നൊരിക്കലും ഞാന്‍ പറയില്ല പെണ്ണേ...

Thursday, 30 January 2014

ഭൂമിയ്ക്കൊരു പുനര്‍ജന്മം..!!

ഭൂമി മരിക്കേണ്ടിയിരിക്കുന്നു, ഒരു പുനര്‍ജന്മത്തിനായി... അങ്ങനെയാണ് ഞാനിന്ന് ചിന്തിക്കുന്നത്.

വീണ്ടുമൊരു ഭൂമിയുണ്ടാകട്ടെ..!! അവിടെ ആദ്യം വൃക്ഷലതാദികളും, പിന്നെ പക്ഷിമൃഗാദികളും ഉണ്ടാകട്ടെ...

മൃഗങ്ങളില്‍ പരിണാമങ്ങളുണ്ടാകുകയാണെങ്കില്‍, മനുഷ്യനെന്ന മൃഗം ഉണ്ടാകാതിരിക്കട്ടെ... അങ്ങനെയൊരു മനുഷ്യ ജന്മമുണ്ടാകുകയാണെങ്കില്‍ ആ കുലത്തിന് ചിന്തിക്കാനുള്ള കഴിവുണ്ടാകുകയും, കാമിക്കാനുള്ള ത്വരയില്ലാതിരിക്കുകയും ചെയ്യട്ടെ... മൃഗങ്ങളുടേതുപോലെ പുതിയ പിറവികള്‍ക്ക് മാത്രമായതിനെ ഉപയോഗിക്കുകയും, വസ്ത്രങ്ങള്‍ കൊണ്ട് നഗ്നത മറയ്ക്കാതിരിക്കുകയും അതിനൊപ്പം സദാചാരം എന്താണെന്ന് അറിയാതിരിക്കുകയും ചെയ്യട്ടെ..!!

ഭൂമി മരിക്കട്ടെ, പുതിയൊരു ഭൂമി പിറക്കട്ടെ...

 feeling- നല്ല കറതീര്‍ന്ന പുച്ഛമാണ് സഖാക്കളെ, നിങ്ങളോടല്ല, ഈ വൃത്തികെട്ട ലോകത്തിനോട്...

Saturday, 11 January 2014

ഇന്ന് ചിരിദിനം !!

ഇന്ന് ലോക ചിരിദിനമാണത്രെ...!!

അതുകൊണ്ടാണോ പൊന്നേ, രാവിലേതന്നെ എന്‍റെ ഹൃദയത്തിന്‍റെ ആഴത്തിലേക്ക് മൂര്‍ച്ചയുള്ള ഒരു ചിരിയെ കുത്തിയിറക്കിയെന്നെ നീ മൃതതുല്യനാക്കിയത്?

 feeling- ചിരിയേക്കാളേറെ, ലോകം കണ്ടതില്‍വച്ചേറ്റവും മനോഹരമായ നിന്‍റെ പിണക്കത്തിനോടാണ് പെണ്ണേ എനിക്കിഷ്ടം...

Wednesday, 8 January 2014

ക്ഷമ ചോദിക്കേണ്ടിയിരിക്കുന്നു, പലതിനോടും..!!

പിന്നിട്ടവഴികളില്‍ യാത്ര ചോദിച്ചതും ക്ഷമപറഞ്ഞതുമൊക്കെ, കണ്മുന്നിലൂടെ ഓടിമറഞ്ഞുപോയ ആ മരങ്ങളോടും ചെടികളോടും പൂക്കളോടുമൊക്കെയാണ്. 

ഇലകളെല്ലാം തളിര്‍ത്തിട്ടും, നിറയെ പൂക്കളുണ്ടായിട്ടും കായ്ക്കാത്ത മച്ചിയായ മൂവാണ്ടന്‍മാവിനും... പഴുത്ത ചക്കകളെല്ലാം കാണിച്ചുകൊതിപ്പിച്ചെങ്കിലും, ആര്‍ക്കും വേണ്ടാതെ പഴുത്തുവീണു ചീയുമ്പോള്‍ ആ വരിക്കപ്ലാവിനും നോവ്‌ ഒരുപോലെയാണെന്ന പരാതി കേള്‍ക്കുമ്പോള്‍, ആറുവയസ്സുകാരി അമ്മുവിന്‍റെ മുടിയിഴകളിലേക്ക് നോക്കി, നോവിലും ചിരിക്കുന്ന പനനീര്‍ചെടിയെ കാണുമ്പോള്‍, വാര്യര്‍ ആയുസ്സിന്‍റെ നീളം കുറച്ചളന്നതുകൊണ്ട്, ഭഗവാനോട് പറയാനൊരു പരാതിയും മുറുകെപ്പിടിച്ച്‌ പൂക്കൂടയില്‍ നോവുന്ന ചെമ്പരത്തിപ്പൂക്കളെയും തുളസിയിലകളെയും കാണുമ്പോള്‍... ക്ഷമ പറയാതിരിക്കുന്നതെങ്ങനെയാ..??

ചില വേദനകളെല്ലാം ചിരിക്കാനുള്ളതാണല്ലേ? ചിലതിനെങ്കിലും വേദനിക്കുമ്പോള്‍ മാത്രമാണ്, നമ്മുടെ മുഖത്തേക്ക് സന്തോഷങ്ങളും ചിരിയും നടന്നുവരുന്നതെങ്കില്‍ ആ ചിരി നമുക്കെന്തിനാ..??