Saturday, 3 August 2019

നീയെന്ന പകലസ്തമിക്കുന്ന രാത്രി !!

പ്രണയോത്സവങ്ങളില്‍ വെന്തുരുകിയൊരു വേനല്‍ത്തെരുവാണ് ഞാന്‍ !!

അതിന്റെ അതാര്യമായ വേദനകള്‍ അലറിപ്പെയ്യുന്ന മഴപോലെയാണ്. തീക്കാടുകളെപ്പോലും ഈറനുടുപ്പിക്കുന്നത്. കണ്ണുകള്‍ അമര്‍ത്തിയടയ്ക്കുമ്പോള്‍ ഓര്‍മ്മകളിലെവിടേയും തൊട്ടുപൊള്ളാവുന്നത്. നാലുചുവരുകള്‍ക്കുള്ളില്‍നിന്നും നനഞ്ഞുനീറിയ ചിന്തകളേയുംകൊണ്ട് വലിഞ്ഞുകേറി ചെല്ലാവുന്നത് ആത്മഹത്യയെന്ന ഒറ്റവാക്കിന്റെ ആഴപ്പരപ്പിലേക്കുമാത്രമാണ്.
നീയെന്ന പകലസ്തമിക്കുന്ന രാത്രിയാവുകയെന്ന സ്വപ്‌നം; ഭ്രാന്ത്...

ചുവടുറപ്പിക്കാത്ത ഭ്രാന്തുകളുടെ തെരുവുകളില്‍ വൃദ്ധ സന്യാസി ഞെരമ്പുകളില്‍ തീയാവുകയും, രാത്രിയാകാത്ത പകലുകളില്‍ നീയെന്ന ഒറ്റത്തുരുത്തിലേക്ക് സ്വയം തള്ളിയെറിയുകയും ഉയിരിനെ കയററ്റത്തില്‍ കുരുക്കിവേദനിയ്ക്കുകയും ചെയ്തിരുന്നത് ഓർമ്മകളാണ്.

ഉറക്കം വഴുതിയ രാത്രികള്‍... മദ്യത്തിന്റെ അരുചിയിലേക്ക് തള്ളിയെറിയപ്പെടുന്ന ഉറക്കങ്ങള്‍...

വേദനകളുടെ വേരുകളില്‍പൂത്ത, ഭ്രാന്തുകളുടുത്തുകെട്ടിയ ജീവിതത്തിലേക്ക്, നീ നുണയറ്റങ്ങള്‍ കൂട്ടിക്കെട്ടിവന്നതിന്റെ ന്യായങ്ങളെത്തിരഞ്ഞ് പോകാതിരുന്നതിലെ ആത്മരതിയെന്തെന്ന് ഞാന്‍ എന്നോടുപോലും ചോദിച്ചില്ലെന്നത് സത്യമാണ്. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍... തീര്‍ത്തും അപ്രസക്തമായ ചോദ്യമാണത്.

ചോദ്യപ്പെടുന്ന വാക്കുകൾ ഇറങ്ങിപ്പോയ ഹൃദയത്തിൽ ഇന്നും ആർത്തുപെയ്യുന്നൊരു മഴയാണ്, എന്നെയാകെ നനയ്ക്കുന്നൊരു കറുത്ത തുലാവർഷപ്പെയ്ത്ത്..!!

Sunday, 12 November 2017

കാക്കപ്പുള്ളി പ്രേമം

അതിശൈത്യത്തിലേക്കെന്നപോലെ ചിതറിപ്പൊടിഞ്ഞുവീണ് കിതപ്പുകളാറാത്ത എന്റെ വാക്കുകള്‍ക്കപ്പുറം, അസ്തമയച്ചുവപ്പുപൊടിഞ്ഞ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ നീ പടിഞ്ഞാറന്‍കാറ്റിനൊപ്പം സ്വയം തലോടിപ്പറഞ്ഞയച്ചുകൊണ്ടെന്നെ നോക്കിയപ്പോഴാണ് ഞാനതു കണ്ടുപിടിച്ചത്. നിന്റെ ചെവിയുടെ താഴെ, മുടിയിഴകള്‍ എപ്പോഴും മറച്ചുപിടിക്കുന്ന ഒരു കണ്മഷിക്കുത്തുപുള്ളി... മുമ്പെങ്ങും നീപോലും ശ്രദ്ധിച്ചിട്ടില്ലെന്നു പിന്നീടിന്നോളം നീ പറയുമായിരുന്ന അതേ കാക്കപ്പുള്ളി...

Thursday, 2 November 2017

ചുവപ്പടയാളം


മുളചീന്തിയെടുത്തതുപോലൊരു തേങ്ങല്‍... നിശബ്ദത... പിന്നേയും മുളച്ചീന്തുകളുണ്ടായി.

ഓര്‍മ്മകള്‍ എന്നിലേക്കവളെ വലിച്ചടുപ്പിക്കുന്നതങ്ങനെയാണ്. ആകുലതകളുടേയും നഷ്ടങ്ങളുടേയും മുഖമുള്ളവള്‍. എങ്കിലും നിഗൂഢമായ ഒരുപാടൊരുപാട് ചിരിയുടെ നിഴലുകള്‍ അവളിലെവിടെയൊക്കെയോ കാണാം.

ബാല്‍ക്കണിയുടെ വരാന്തയിലേക്ക് വീണുകിടക്കുന്ന നിലാവിനെ മദ്യത്തിനൊപ്പം സമം ചേര്‍ക്കുമ്പോള്‍, മുരള്‍ച്ചയോടെ വെളിച്ചം കാണിച്ചുണര്‍ന്ന മൊബൈലിലെ അക്ഷരങ്ങളിലേക്ക് കണ്ണുകള്‍ മുടന്തി, 'ഏട്ടാ, ന്ന്വൊന്ന് വിളിക്ക്വോ?'

വെന്തുറഞ്ഞ രാത്രിയിലേക്ക് ശൈത്യമുള്ള കാറ്റ് കുന്നിറങ്ങിവരുന്നുണ്ടായിരുന്നു. അപരിചിതത്വത്തിന്റെ ആള്‍പ്പാര്‍പ്പുകള്‍ക്കിടയില്‍നിന്ന് തമിഴ് പാട്ടിന്റെ ശീലുകള്‍ കുറഞ്ഞ ഒച്ചയില്‍ കേള്‍ക്കുന്നുണ്ട്. ഗ്‌ളാസിലെ അവശേഷിക്കുന്ന ചുവപ്പുരസത്തെ ഞാന്‍ വായിലേക്ക് കമിഴ്ത്തി.

ചിന്തകളുടെ രഥം വലിച്ചുകൊണ്ടൊരു നാലാള്‍ക്കുതിര പാഞ്ഞുതുടങ്ങിയിരുന്നെപ്പോഴോ...

നോവിന്റെ മുഖമുള്ളവള്‍; തിളച്ച പകലില്‍ ചുവന്നുപോയവള്‍. തീര്‍ത്തും അപ്രസക്തമായ അവളുടെ പേര്... അതെന്തുമാകട്ടെ. ചിതറിത്തെറിച്ചുവീഴുന്ന മൗനങ്ങളുടെ രാജകുമാരിയാണ് അവളെന്ന്, ഞാനവളോടുതന്നെ ഇടയ്ക്കിടെ പറയാറുണ്ട്...

അതിശൈത്യമുള്ള കാറ്റുകള്‍ പിന്നേയും കുന്നിറങ്ങികൊണ്ടിരിക്കുമ്പോള്‍ വിരലുകള്‍ മൊബൈല്‍ ഡിസ്പ്ലേയിലൂടെ അവളിലേക്ക് വിറച്ചു...

'ന്റേട്ടാ...' ചില്ലുടഞ്ഞു വീണതുപോലെ... ചെവിയെ പൊള്ളിയ്ക്കുന്നതായിരുന്നു അവളുടെ ശബ്ദം. അവള്‍ പെയ്യുകയായിരുന്നു. മുറിഞ്ഞ ഹൃദയത്തെ വാക്കുകളിലൂടെയല്ലാതെ എന്നിലേക്ക് ടെലിപതി ചെയ്യുന്നതുപോലെ, തോരാതെ പെയ്യുകയായിരുന്നവള്‍.

അസ്വാസ്ഥ്യത്തിന്റെ കടവാവലുകള്‍ എനിക്കുള്ളില്‍ ചിറകടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനൊച്ചയെടുത്തു; 'എടീ കഴുവേര്‍ടമോളെ, നിന്റാരു ചത്തേന്റെ പുലകുള്യടിയന്തിരത്തിലേക്കാ ഈ നെലോളിക്കല്..??'

'ഞാന്‍... ങ്... നിക്ക്...' വാക്കുകള്‍ നെഞ്ചില്‍ കുരുങ്ങിയതുപോലെ അവള്‍ വിക്കി. അതോ, കരച്ചിലിന്റെ ചീളുകളില്‍ തട്ടി ആ വാക്കുകളൊക്കെയും മുറിഞ്ഞുപോയതോ? 'ങ്ആ... പറയ്. ന്തേപ്പൊണ്ടായേ??' ലഹരിയുടെ ചുവയുള്ള എന്റെ വാക്കുകളിലെ അക്ഷരങ്ങളെ വടിവുള്ളതാക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

'...ന്നൂല്യ' കരച്ചിലടക്കാന്‍ അവള്‍ ശ്വാസമൊന്നുള്ളിലേക്കെടുത്തു. കണ്ണുകള്‍ അമര്‍ത്തിത്തുടച്ചിട്ടുണ്ടാകണം. എന്നിട്ടും പിന്നേയും ആര്‍ത്തലച്ചുപെയ്തു അവള്‍... ആ കരച്ചിലിന്റെ ആളലുകള്‍ കെടുത്തിവയ്ക്കാന്‍ എനിക്ക് കഴിയില്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ മൊബൈല്‍ ചെവിയില്‍നിന്നെടുത്തു.

അസ്വസ്ഥതയുടെ കയത്തിലേക്ക് വലിച്ചെറിയപ്പെട്ട ഞാന്‍ മദ്യകുപ്പിയെടുത്ത് ഗ്ലാസ്സിലേക്ക് കുറച്ചൊഴിച്ചു; ഒരു സിഗരറ്റടുത്ത് തീപടര്‍ത്തി, ആഞ്ഞൊരു പുകയെടുത്ത് തെരുവിലേക്ക് നോക്കി. വിളക്കുകാലിന് ചുവട്ടിലായി ചുരുണ്ടുകിടക്കുന്ന ഭിക്ഷകോലങ്ങള്‍, കൂടെയൊരു പട്ടിയും. തികച്ചും ക്ലീഷേയായ കാഴ്ച.
മദ്യത്തിന്റെ ചുവടുറപ്പിച്ചുനടന്ന എന്റെ ചിന്തകള്‍ അവളുടേതായി. പോയകാലത്തിന്റെ ഓര്‍മ്മകളിലെവിടെയാണ് അവള്‍ ആദ്യം വന്നുപോയത്? അറിയില്ല. കാലങ്ങള്‍ക്കിപ്പുറം ജീവിതത്തിന്റെ അടിയൊഴുക്കില്‍ തുടരെത്തുടരെ ആഴത്തില്‍ മുറിപ്പെട്ടവളായാണ് പിന്നീട് എനിക്ക് മുന്‍പിലെത്തിയത്.

നിഴലുകളുടെ വെയിലുണക്കങ്ങളിലെപ്പോഴോക്കെയോ ചിതറിവീണ വാക്കുകളെ ഞാന്‍ ഒരുമിച്ചു ചേര്‍ത്തപ്പോഴാണറിഞ്ഞത് വേദനയുടെ വീടുതന്നെയാണ് അവളെന്ന്.

വാക്കുകളുടെ പകുതിയോളം നിശബ്ദതയ്ക്കപ്പുറം ഒരിക്കള്‍ അവള്‍ പറയുകയുണ്ടായി;

അയാളെ അവള്‍ പ്രണയിച്ചതിനെക്കുറിച്ച്... ആ തണലിലേക്ക് ജീവിതത്തിനെയൊതുക്കിപ്പിടിച്ചപ്പോള്‍ അച്ഛനുമമ്മയുമടക്കം പലരേയും നഷ്ടപ്പെട്ടതിനെക്കുറിച്ച്... മകനുണ്ടായപ്പോള്‍പ്പോലും അവരൊന്നും തിരിച്ചുവരാതിരുന്നതിനെക്കുറിച്ച്... പിന്നീട് അയാള്‍ ഒരു പെണ്‍കുട്ടിയേയും കൂട്ടി അവിടേയ്ക്ക് വരുമ്പോള്‍ ഉള്ളുപിളര്‍ന്ന് വിറങ്ങലിച്ചുനിന്നതിനെക്കുറിച്ച്... ഒരു ഒപ്പില്‍ത്തുടങ്ങിയ സ്വപ്‌നം അതുപോലൊരു ഒപ്പില്‍ അവസാനിച്ചതിനെക്കുറിച്ച്... ആരും തുണയില്ലാതിരുന്ന രാത്രികളില്‍ വാടക വീടിന്റെ തുരുമ്പെടുത്ത ജനവാതിലുകളുടെയപ്പുറത്തെ പുരുഷനിശ്വാസങ്ങളെ ഭയന്ന് മകനേയും കെട്ടിപ്പിടിച്ച് കരഞ്ഞതിനെക്കുറിച്ച്...

സ്വന്തം കാലില്‍നിന്നുതുടങ്ങിയപ്പോള്‍ വേദനയുടെ തുരുത്തുകളില്‍ മൗനത്തിലേക്ക് ഇറങ്ങിപ്പോകുമെങ്കിലും അവള്‍ക്ക് ജീവിതത്തോട് അത്രമേല്‍ വാശിയുള്ളതുപോലെ, ഇവന്‍ മാത്രം മതിയെനിക്കെന്ന് ജീവിതം മുന്നോട്ട് തുഴഞ്ഞവള്‍...

എന്നിട്ടും...

ദൈവത്തിന്റെ കണ്ണില്‍ കരട് വീണ നിമിഷത്തിലാകണം, അവളുടെ കാലുകള്‍ കൂടി അവള്‍ക്കില്ലാതായത്. കൈത്താങ്ങായി മറ്റാരില്ലെങ്കിലും... ചക്രകസേരയിലായിട്ടും അവള്‍ ജീവിതം മുന്നോട്ട് ഉരുട്ടുന്നുണ്ട്; ഒരു പകുതികൊണ്ട് അയാള്‍ക്കുവേണ്ടി കരഞ്ഞുകൊണ്ടും മറുപകുതി കൊണ്ട് മകനുവേണ്ടി നെഞ്ചില്‍ തീ പടര്‍ത്തിയും.

എങ്കിലും...

കാത്തിരിപ്പിന്റെ നിറുകയില്‍ ഒരു ചുവപ്പടയാളം സൂക്ഷിക്കുന്നുണ്ടവള്‍; തിളച്ച പകലില്‍ ചുവന്നുപോയതിന്റെ... നോവിന്റെ, പ്രണയത്തിന്റെ, ഒക്കെയായി.

Wednesday, 30 August 2017

അപ്പുവിന് പിറന്നാള്‍ ആശംസകള്‍...

അപ്പുവിന്റെ പിറന്നാള്‍...

ദിശയറിയാതെയൊഴുകുന്ന കാലത്തിന്റെ ഇടവേളയിലെപ്പോഴോ, എനിക്കും അവനുമിടയില്‍ അദൃശ്യമായൊരു നെല്ലിമരം വളരുന്നുണ്ടായിരുന്നു. മേടവെയില്‍ നനയുമ്പോഴൊക്കെയും ഇടവപ്പാതി കുടപിടിച്ച് വളര്‍ത്തിയ, എനിക്കും അവനിലേക്കുമുള്ള ഒറ്റത്തുരുത്ത്.

അതിലെപ്പോഴും, ഋതുക്കള്‍ കൊഴിയുന്നതറിയാതെയെന്നും കായ്ക്കുന്ന കുറെകുറെ നെല്ലിക്കകള്‍... ഇന്നലെകളുടെ അടയാളപ്പെടുത്തലെന്നോണം ഒതുക്കിവയ്ക്കുന്ന ചിലതുകള്‍...

ജീവിതത്തിന്റെ വിശപ്പുകളില്‍ മറന്നു വച്ചു പോയ കയ്പും, പുളിയും, പിന്നെ കുറെയേറെ മധുരവും...

പങ്കിട്ടപ്പോഴൊക്കെയും മധുരമുള്ള ഭാഗമൊക്കെയും അവന് നല്‍കാനാണിഷ്ടപ്പെട്ടത്. എന്നിട്ടും കയ്ച്ചിട്ടുണ്ടാകണം; മധുരിച്ച് ചിരിച്ചിട്ടുണ്ട്... പുളിച്ച് നിസംഗതയോടെ നോക്കിയിട്ടുണ്ട്... കയ്ച്ച് കാലിടറിയപ്പോഴൊക്കെ, കരുതലോടെ ഞാന്‍ ചേര്‍ത്തുപിടിച്ചിരുന്ന എന്നേക്കാള്‍ വളരുന്ന എന്റെ തുടര്‍ച്ച... അല്ല, അനിയന്‍... ഇന്നവന്റെ ജന്മദിനമാണ്.

കാലത്തിന്റെ നിറം മങ്ങിയ വാതിലുകള്‍ തുറന്നടയുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന ഒന്നുണ്ട്, ജന്മംകൊണ്ടെനിക്ക് പുറകിലാണെങ്കിലും കര്‍മ്മംകൊണ്ട് മുന്‍പില്‍ത്തന്നെയാണ് അവന്‍...

ഇന്ന്, ചിങ്ങത്തില്‍ തൃക്കേട്ട... ഓര്‍മ്മയിലുണ്ട്, വൈകിയെങ്കിലും സ്‌നേഹത്തോടെ എന്റേയും പിറന്നാള്‍ ആശംസകള്‍...

Monday, 10 July 2017

ചാരുപൂക്കള്‍..!!

ഭ്രാന്തിന്റെ കടയ്ക്കല്‍
ഒരു പൂമരം നട്ടുവയ്ക്കുന്നു > ഋതുക്കള്‍>
ഭ്രാന്തിനൊപ്പം വളരുന്ന പൂമരത്തില്‍
ഇപ്പോഴൊക്കെയെന്നും വേനലിന്റെ മടിയിലേക്കുവീഴുന്നുണ്ട്
കുറെകുറെ ചാരുപൂക്കള്‍..!!

Saturday, 3 June 2017

രഹസ്യം

ഞാന്‍ നിന്നെ ചുംബിക്കുന്നു;
ആര്‍ത്തലച്ചുപെയ്യുന്നൊരു മഴ ഭൂമിയെ ചതുരപ്പെടുത്താനുള്ള തിരക്കിലാണ്...

(നമ്മളിതുപോലെ ചുംബിയ്ക്കുന്നതിനിടയിലാണീ ഭൂമിയിങ്ങനെ ഉരുണ്ടുപോയതെന്ന് ആരോടും പറയാതിരുന്ന നമ്മള്‍, ഇതുമെങ്ങനെ രഹസ്യമായി വയ്‌ക്കേണ്ടതുണ്ട്)

Monday, 10 April 2017

നീ വരണം...

തനിച്ചാകുന്നിടത്ത്
നനഞ്ഞൊട്ടി,
മഴവില്ല് വിടര്‍ത്തുന്നൊരു മഴ,
നീയോര്‍മ്മ !!

ചുവന്ന പകലറ്റത്ത് കൂട്ടിക്കെട്ടിയ തിരിഞ്ഞുനോട്ടങ്ങളുടെ വണ്ടി വലിച്ചുതളര്‍ന്ന ഞാന്‍. മഴപകുതിയില്‍ ജനലഴികളില്‍ അള്ളിപ്പിടിക്കുന്ന നീ... പെയ്യുന്ന അത്തിമരം...

വിരല്‍തൊട്ടുപറയാതെപോയ പിറന്നാളുച്ച.

നിന്നെക്കുറിച്ച് ഓര്‍ക്കരുതെന്ന് ആരുടെയൊക്കെയോ താക്കീതിനപ്പുറം അച്ഛമ്മ പറഞ്ഞു, നിനക്കെഴുതാന്‍...

'കാവിലെ ഉത്സവാണ്... അച്ഛമ്മയുടെ സപ്തതിയും. വിഷുവും വര്വല്ലേ?? ഈ വിഷുവിനും നിനക്ക് കൈനീട്ടമായിത്തരാന്‍ ഞാന്‍ കുറേയേറെ മഞ്ചാടിക്കുരുവെടുത്തുവച്ചിട്ടുണ്ട്.

നീ വരണം. മറ്റൊന്നിനുമല്ല...

മഞ്ചാടിക്കാലത്തിന്റെ മാങ്കൊമ്പില്‍ പുളിയുള്ള കുറെ മാങ്ങകളുണ്ട്, നമുക്ക് കടിച്ചുപുളിക്കാന്‍. മുധുര പുളിയുള്ളത്... ചുണ്ടിലൊരു മധുരപുളിയുള്ളോരു ചിരികള്‍ക്കായി... ഓര്‍മ്മകളുടെ കല്‍ക്കണ്ടമുന്തിരിയുമ്മകള്‍ക്കായി...

Tuesday, 24 January 2017

കൊച്ചിയില്‍

അഴിഞ്ഞുലഞ്ഞ രാപ്പനിച്ചീളുകള്‍ക്കിടയില്‍ തലച്ചോറ് തിന്നുന്ന ചിന്തകള്‍.

ഓര്‍മ്മകളുടെ മടിശ്ശീലകിലുക്കിക്കൊണ്ട് കണ്ണുചിമ്മാനൊരുങ്ങിയ ജൂതത്തെരുവുകള്‍... ചീനവലകളില്‍ ഇടയ്ക്കിടെ പിടയ്ക്കുന്നുണ്ട് എന്റെ ഇന്നലെയുടെ പുനരാവര്‍ത്തനങ്ങള്‍... പതുക്കെ, വളരെയേറെ പതുക്കെ..!!

പിന്നേയും ഓര്‍മ്മകളിലെ ഞാന്‍ എന്നോട് പറയുന്നത്...

Saturday, 7 January 2017

നിന്റെയുള്ളില്‍ പിന്നേയും ചോദ്യം ചെയ്യപ്പെടുന്ന ഞാന്‍

നെഞ്ചില്‍ പെയ്തലയ്ക്കുന്നൊരു പുഴ!!

നിന്നിലേയ്ക്ക് വെപ്രാളപ്പെടുന്ന മഴയോരങ്ങളില്‍ വയലറ്റ് നിറമുള്ള പൂക്കള്‍ വിരിയുന്നതിനെ പഴിക്കുന്നുണ്ടൊരു തേങ്ങലടക്കിപ്പിടിച്ച മൗനം... തല്ലിത്തെറിച്ച നിശബ്ദതയ്ക്കപ്പുറം നിന്റെ ആഴങ്ങളിലേയ്ക്ക് അതിസാഹസികമായൊരു കപ്പല്‍യാത്രയ്‌ക്കൊരുങ്ങുന്ന ഞാന്‍ !!

മുടിയിലെ കുളിപ്പിന്നലിടുന്ന തിരക്കിലാണ് നീയിപ്പോഴും....

Monday, 28 November 2016

Wednesday, 23 November 2016

...പിന്നീട്, അവള്‍

...പിന്നീട്, പ്രണയപ്പനിയുടെ കൊടുംവളവുകളില്‍ അവള്‍, കരിപ്പെന്‍സിലിന്റെ അരപിടിച്ച് ആലിംഗനത്തിലേര്‍പ്പെടുന്ന ഒരു സ്ത്രീയേയും പുരുഷനേയും ചുമരില്‍ വരയ്ക്കുകയും, ഞങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളെ ഒരു ഹൃദയചിഹ്നത്തില്‍ അതോടൊപ്പമെഴുതിവയ്ക്കുകയും ചെയ്തു. പ്രണയത്തിന്റെ മുള്‍പ്പടര്‍പ്പുകളിലേക്ക് അതിവേഗം വലിച്ചിഴക്കപ്പെട്ടതുപോലെയായിരുന്നു അവള്‍...

Wednesday, 16 November 2016

കാണാതിരിക്കുന്നതിലെ ഇഷ്ടങ്ങളെ...

നമ്മള്‍ കണ്ടതെവിടെവച്ചെന്നതിലെ ഔചിത്യത്തെക്കുറിച്ച് ചോദിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, കാണാതിരുന്നിട്ടും നമ്മളിത്രയേറെയൊക്കെ അടുത്തു പോയതിനെക്കുറിച്ചാണ്...

Thursday, 10 November 2016

അവളിലേയ്ക്ക്

...അവളിലേയ്ക്കുള്ള യാത്രയാണിത്, അവള്‍ കോറിയിട്ട ഓര്‍മ്മപ്പാടുകളിലൂടെ..!!

കൊഴിഞ്ഞുണങ്ങിയ ഇന്നലെകളില്‍ ഓരോ ഇലകൊണ്ടുമെനിക്ക് മധുരം പകര്‍ന്നൊരു പെണ്‍മരം, അതായിരുന്നു അവള്‍. കടലിലേയ്ക്ക് ഒളിച്ചുപോകുന്ന... മഴയില്‍ നേര്‍ത്തില്ലാതാകുന്ന... മഞ്ഞുപാളികളികള്‍ക്കിടയില്‍ ഉറഞ്ഞുകട്ടിപിടിയ്ക്കുന്നതുപോലെയുള്ള അവളുടെ നേര്‍ത്ത വാക്കുകളിലേയ്ക്ക് ഞാന്‍ സ്വയമിറങ്ങിച്ചെല്ലുകയായിരുന്നു, വിശുദ്ധിയുടെ പ്രണയാഴങ്ങളിലേക്ക്... അവളിലേക്ക്...

തലേന്നത്തെ മഴ നനച്ച വഴികള്‍ക്ക് നീളമേറുമ്പോള്‍, ഓര്‍മ്മകള്‍ നനഞ്ഞൊട്ടിയത് നെഞ്ചിലെ വേനല്‍ച്ചുമരിലാണ്. ചിന്തകള്‍ക്കൊപ്പം ചുരം കയറുന്ന ബസ്സിന്റെ പുറകിലെ സീറ്റിലിരിയ്ക്കുമ്പോള്‍ കിതപ്പാറിയൊരു ശൈത്യം മുഖം നനച്ചു. കറുത്തു തുടങ്ങിയ ബസ്സിനകത്ത് മഞ്ഞ വെളിച്ചം ശബ്ദമില്ലാതെ, ഉറക്കച്ചടവോടെ കണ്ണുതുറക്കുകയും വശത്തെ അസ്വസ്ഥതകളുടെ ഇരുളാഴങ്ങളിലേക്ക് ഞാന്‍ കണ്ണുകളെ നട്ടുവയ്ക്കുകയും ചെയ്തു.

അവളുടെ ചുണ്ടുകളുടെ കടുത്ത ചുവപ്പായിരുന്നു ഞങ്ങളുടെ പ്രണയത്തിന്. അസ്തമയച്ചുവപ്പില്‍ ദൈര്‍ഘ്യമേറിയ മൗനത്തിന്റെ ഇടനാഴികളിലാണ് ഞങ്ങള്‍ പ്രണയത്തെ മുട്ടിയുരുമ്മിയത്. സമുദ്രങ്ങളുറങ്ങുന്ന അവളുടെ കണ്ണുകളില്‍ ഞാനെത്രെയോ തവണ മുങ്ങി മരിച്ചിട്ടുണ്ട്...

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

മഞ്ഞുറഞ്ഞതുപോലുള്ള തണുപ്പായിരുന്നെന്നും അവളുടെ കൈകള്‍ക്ക്, ഭൂതകാലക്കുളിരില്‍ നിലാവിന്റെ മുഖമായിരുന്നോ അവള്‍ക്ക്..?? മഴയുടേയും മഞ്ഞിന്റേയും നിറമുള്ളവള്‍...

നിറങ്ങള്‍ വാരിച്ചുറ്റിയ വാക്കുകളെക്കാളേറെ നുകര്‍ന്നത്, നിറമൗനങ്ങളായിരുന്നു. ഭാഷയുടെ അതിരുകളില്‍ ചുംബനപ്പൂക്കള്‍ നട്ടുപിടിപ്പിച്ചിരുന്നു ഞങ്ങള്‍. ജീവിതത്തിന്റെ അടരുകളടുക്കി വയ്ക്കുമ്പോള്‍ സ്വപ്നത്തിന്റെ ഒറ്റമരച്ചില്ലകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചവള്‍ !!

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

നിരത്തുവക്കിലെ ആ ഒറ്റമരച്ചുവട്ടില്‍, അവിടെ വച്ചാണൊടുവില്‍ കണ്ടത്. അന്ന് സാരിത്തുമ്പില്‍ കടിച്ചമര്‍ത്തിയ വേദനയില്‍, കത്തിയുണങ്ങുന്ന വെയിലിനെപ്പോലും നനയ്ക്കുന്നൊരു മഴപ്പെയ്ത്തുണ്ടായിരുന്നു അവളുടെ മുഖത്ത്..!! അവളുടെ വാക്കുകളൊക്കെയും തേങ്ങലിലേക്ക് ഉള്‍വലിയുമ്പോള്‍ നിറഞ്ഞ കണ്ണുകളാണ് യാത്രാമൊഴി ചൊല്ലിയത്.

കാലമാം മഹാവ്യക്ഷത്തില്‍ പിന്നേയുമെത്രയോ ഋതുക്കള്‍ കൊഴിഞ്ഞു പോയി. എന്നിട്ടും... അവളില്ലാതായ ഭൂമിയില്‍ അവളെത്തിരഞ്ഞുതിരഞ്ഞുതിരഞ്ഞ്...

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

Wednesday, 2 November 2016

നിന്നിലേക്ക്


നൂറ്റിയൊന്നുമ്മകളെ മൂക്കുത്തിയിലൊളിപ്പിച്ച പെണ്‍കുട്ടി..!! അവളെ അങ്ങനെ പരിചയപ്പെടുത്താണെനിക്കിഷ്ടം. ദീപാരാധന കഴിഞ്ഞ്, വെള്ളിക്കൊലുസിന്റെ കിലുക്കത്തോടെ പത്തുനടയിറങ്ങിവരുന്ന അവളുടെ കണ്ണുകളിലെ കരിമഷിപരന്നാണത്രേ പടിഞ്ഞാറ് രാത്രി പരക്കാറ്. അവളുടെ മൂക്കുത്തിയില്‍നിന്നാണ് നിലാവ് പെയ്തുതുടങ്ങുന്നതെന്ന നുണയെ ഞാനവളോട് പലവുരി പറഞ്ഞപ്പോഴൊക്കെയും നുണക്കുഴികളെക്കാണിച്ച് ചിരിയ്ക്കുകയാണവളുടെ പതിവ്...!!

Tuesday, 21 June 2016

പെയ്തുതോര്‍ന്ന മഴയുടെ പിറുപിറുക്കലുകള്‍

പ്രണയത്തിന്റെ കാട്ടുവഴികളില്‍ മൗനം ആത്മഹത്യ ചെയ്യപ്പെടരുതെന്നൊരു താക്കീത്..!! നിഷേധമൗനത്തിന്റെ ഉപ്പുമരങ്ങളാകും ചിലപ്പോഴെങ്കിലും വാക്കുകളെ കടംതരികയെന്ന ഓര്‍മ്മപ്പെടുത്തലും..!! എന്തിന്??

മൗനം അതെപ്പോഴും എന്നോടുകൂടെയുണ്ട്..

Wednesday, 30 March 2016

എനിക്കറിയാത്ത നീ !!

ഞാന്‍ മരിച്ചുവെന്നൊരു ഫേസ്ബുക്ക് പോസ്റ്റ...

നീയതിനെ നിര്‍വികാരമായി നോക്കിയിരിക്കുകയും നിറഞ്ഞ കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെയത് ലൈക് ചെയ്യുകയും ചിതറിയുലഞ്ഞ മനസ്സോടെ നീയെന്നെ അണ്‍ഫ്രണ്ട് ചെയ്യുകയു
മുണ്ടായി, അതുകണ്ട സ്വപ്നത്തില്‍നിന്നിറങ്ങിവന്ന് ഞാന്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്നെ തിരയുകയുകയാണ്‌.

മുഖമോ, പേരോ അറിയാതെ ഞാന്‍ പതറിത്തിരഞ്ഞത് വിതുമ്പുന്ന ചുണ്ടുകളെ... കലങ്ങിക്കരഞ്ഞ കണ്ണുകളെ... ചിതറിയുലഞ്ഞ മനസ്സോടെയെന്നെ അണ്‍ഫ്രണ്ട് ചെയ്ത വിരലുകളെ... നിന്നെ... ഇല്ല, എനിക്കെവിടേയും കണ്ടെത്താനാവാതെ ഞാന്‍ തോല്‍ക്കുന്നു,നിന്നെത്തിരഞ്ഞുകൊണ്ട് ഞാനലയാന്‍ തുടങ്ങുന്ന പകലില്‍ ഞാനൊരു ആത്മഹത്യാക്കുറിപ്പ് പോസ്റ്റ ചെയ്യുന്നു...

#പുഴ നിറച്ചുപെയ്ത മഴയതിരില്‍ നിന്നെ മറന്ന ഞാന്‍ പകലുണക്കത്തിലില്ലാതാകുന്നു.

Sunday, 28 February 2016

ലാല്വേട്ടന്റെ ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍

അര്‍ത്ഥമില്ലാത്ത വാക്കുകളും വരകളുംകൊണ്ട് സാഹിത്യത്തെ വ്യഭിചരിക്കുന്ന, ആനുകാലികങ്ങളില്‍ പൊട്ടും പൊടിയും എഴുതുന്ന ഒരു എഴുത്തുകാരനോടുള്ള ആദരവായിരുന്നില്ല അയാളോട്... ജീവിതത്തിന്റെ അടരുകളടുക്കിവയ്ക്കുമ്പോള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പരകായപ്രവേശം നടത്തുന്ന അയാളുടെ, ഓര്‍മ്മകളുടെ സംരക്ഷണ ലായനികളില്‍ നിറച്ചുവച്ച വരികളില്‍നിന്ന് നനഞ്ഞ മുഖത്തെ കണ്ണീരിന്റെ ഉപ്പുതരികളെ നുള്ളിയെടുക്കാം, സന്തോഷത്തിന്റെ മധുരമുള്ള ചിരികളെ കടം ചോദിക്കാം, വാത്സല്യത്തിന്റെ വയമ്പ് ഇറ്റിച്ചുതന്നേക്കാം... മുത്തശ്ശിക്കഥകളിലേതുപോലെ ഉത്തരങ്ങളെ തിരഞ്ഞുപോകുന്നതിനൊരു കടങ്കഥ ബാക്കിയാക്കി നടന്നുപോകുന്നയാള്‍...

'ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍... അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍, എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടെങ്കില്‍ പോലും അതിലൊരു സ്വാര്‍ത്ഥമായ താത്പര്യമുണ്ട്' എന്ന് ഇടയ്ക്കിടെ പറയാറുള്ളതുകൊണ്ടാകാം എനിക്ക് മുമ്പിലേക്ക് നടന്നുവന്ന അയാളുടെ മുഖത്തെ മനോഹരമായ ചിരിയ്ക്കുപോലും ഒരു സ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ പിന്തുണയുണ്ടെന്ന് തോന്നിയിരുന്നെനിക്ക്. കണ്ണുകളില്‍ കുസൃതിയുടെ തുള്ളികളെ ഞാന്‍ കാണാതെയെപ്പോഴോ ഇറ്റിച്ചു വച്ചിട്ടാണോയെന്നറിയില്ല, ചിരിയ്ക്കുമ്പോള്‍ അതൊളിച്ചുവച്ചിരുന്നില്ല അയാള്‍. കണ്ണടയുടെ ചില്ല് ഗ്ലാസ്സിനപ്പുറത്ത് മങ്ങിയൊതുങ്ങുന്നതായിരുന്നില്ല ആ കുസൃതി.

കൈകളില്‍ മുറുകെപ്പിടിച്ച്, ആ ഹൃദയത്തിലേക്ക് വിളിക്കുന്നതുപോലെ... 'എന്തൊക്കെയുണ്ടെടാ?' ചിരിയ്ക്കാന്‍ ശ്രമിച്ചതേയുള്ളൂ, കൃത്യമായൊരുത്തരമില്ലാതെ...

വാക്കുകളുടെ അകലങ്ങളില്ലാതെ, ഒരു അനിയനായി ചെന്നുകയറിയതാണ് ഞാന്‍... നിഷേധിച്ചില്ലെന്നത് വലിയ സന്തോഷമാണിന്നും.

തണുത്ത ജ്യുസിനു ഇരുവശത്തുമിരിയ്ക്കുമ്പോള്‍ കടമെടുത്തതോ, വഴിയില്‍നിന്ന് വീണുകിട്ടിയതോ അല്ലാത്ത വാക്കുകളെ ഓര്‍മ്മകളില്‍ സംരക്ഷിച്ചുപോരുന്നുണ്ട് അയാളെന്ന് തോന്നി.

ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ 'കണ്ണന്‍മോനെ, രണ്ടീസണ്ടാകും ല്ലേ?' മല്ലുമുണ്ട് പുതച്ച മുത്തശ്ശിയോട് മറുപടിയോ, മറുചോദ്യമോ ഇല്ലാതെ ചിരിച്ചു. ലുങ്കി മടക്കിക്കുത്തി, തലയില്‍ക്കെട്ടുമായി നടന്നുവരുന്നയാളോടും ഹൃദ്യമായി ചിരിച്ചു. ചുണ്ണാമ്പ് ചോദിയ്ക്കുന്ന യക്ഷിയുടെ കഥ പറഞ്ഞുതന്ന മുത്തശ്ശിയാണോ അത്? ഞാന്‍ വായിച്ചുപോയ ഏതോ കഥയില്‍ വന്ന രാമേട്ടനോ, കേശ്വേട്ടനോ ആണോ മറ്റേയാള്‍? ആയിരിക്കാം...

അയാള്‍ക്കൊപ്പമായിരുന്നപ്പോഴൊക്കെയും, എന്നേയും അയാളുടെ ഓര്‍മ്മകളുടെ സംരക്ഷണ ലായനിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ടിരുന്നെന്ന് തോന്നി, പിന്നെയും...

ഇന്ന്, 'ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍' പ്രകാശനം ചെയ്യപ്പെടുമ്പോള്‍ അയാള്‍ നന്മയുടെ മുഖത്തോടെ, പിന്നേയും സ്‌നേഹമുള്ളമുള്ളവനാകുന്നു, സ്വാര്‍ത്ഥനായിത്തന്നെ.... അവിടെയെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹത്തോടെ എല്ലാ ആശംസകളും...

Thursday, 11 February 2016

പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകള്‍

പ്രണയം കുടിച്ചുവറ്റിച്ച പകലിനിപ്പുറം, മഴയുടെ അകത്തളങ്ങളില്‍ നീയോര്‍മ്മകള്‍ തീക്കനലുകളില്‍ പൊള്ളിക്കുന്ന രാത്രിയില്‍ ഞാനോര്‍മ്മപ്പെടുത്തുന്നത്...

'നിന്റെ ഹൃദയത്തിന് എന്റെ ചുണ്ടുകളെ കാണിച്ചുകൊടുക്കുക, ദീര്‍ഘദൂരം
യാത്ര ചെയ്യേണ്ടുന്നൊരു പകലില്‍ ഞാനൊരു ചുംബനംകൊണ്ട് പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകളുണ്ട്...'

Monday, 25 January 2016

തിരിഞ്ഞുനടത്തങ്ങളില്‍

വരണ്ടുണങ്ങിയ രാത്രിയുടെ വേനലൊച്ചകള്‍... വെന്തുണങ്ങിയ മഴപ്പൊട്ടുകളുടെ ദീനരോധനങ്ങള്‍... അതിനുമപ്പുറം അവള്‍, തിളച്ച കവിതയില്‍ ചുവന്നുപോയവള്‍ !! വേനലിന്റെ അശാന്തമൗനത്തെ മുഖത്തേക്ക് ആവാഹിച്ചവളാണ്. ചോദ്യങ്ങളും ഉത്തരങ്ങളും പിടഞ്ഞില്ലാതായ പകലില്‍, വാക്കുകള്‍ പൂക്കുന്ന കാടുകളിലേക്ക് നടന്നുകയറിയ പെണ്‍കുട്ടിയെ അനുകരിക്കാന്‍ ശ്രമിച്ച്, അവള്‍ക്കുള്ളില്‍ സ്വയം അയിത്തം കല്‍പ്പിച്ചവളാണ്.

ഇന്നലെകളെക്കുറിച്ച് പറയുന്നില്ലയാള്‍, ദിനരാത്രങ്ങള്‍ അവയുടെ ഒഴുക്കിലേക്ക് ചായ്ച്ചുകിടത്തുക മാത്രം ചെയ്തുവെന്ന് കൈമലര്‍ത്തി. അസ്തമിക്കുന്ന സൂര്യന്‍ കാവിയുടുത്ത മൗനിയായ സന്യാസിയെപോലെ വെന്തകാലുകളുറപ്പിച്ച് നടന്നുപോകുക മാത്രമാണുണ്ടായത്.

'നഗ്‌നമായപുഴയില്‍നിന്നെടുത്ത
നിലാവിനെ ഞൊറിഞ്ഞുടുത്തവള്‍
ചുണ്ടുകളില്‍ നീലിച്ച ചുംബനത്തോടെ
തെരുവിലൂടെ നടന്നുപോകുന്നു.
എന്റെ കവിതയിലെ പെണ്ണ്..!!
കണ്‍മഷിക്കുത്തുപുള്ളിയില്‍ നിന്ന്
പിന്‍കഴുത്തിലൂടെയൊലിക്കുന്ന പ്രണയത്തില്‍
പൊള്ളിവിയര്‍ത്ത പെണ്ണ് !!'

കവിതകളുടെ വേനല്‍മരത്തിന്റെ വിത്തുമായി അയാള്‍ ഓര്‍മ്മകളുടെ ചിതകളെരിയുന്നിടത്തെത്തുന്നു. മരത്തിന് പേരിടാനാകാതെ നിന്റെ പേരിനെ കടം ചോദിക്കുന്നു. വെയിലൊഴിച്ചു വളര്‍ത്തുമ്പോള്‍ നിന്നെക്കുറിച്ചൊരു കവിതയെഴുതുന്നു, കന്യകയല്ലാത്ത പെണ്ണിനെക്കുറിച്ച്. വെറിപിടിച്ചതുപോലെ അക്ഷരങ്ങള്‍ ചീന്തിയെറിയുന്നു. ചുവന്ന ദാഹം കുടിച്ചിറക്കുന്നു, പുകച്ചുരുളുകള്‍ തുപ്പുന്നു.

വാക്കുകളിറങ്ങിപ്പോയ കവിത !!

വാക്കുകളില്ലാതെ വരണ്ട ചിന്തകള്‍ അയാള്‍ക്കുചുറ്റിലും ചിതല്‍പ്പുറ്റുകളായി രൂപാന്തരപ്പെടുന്നു. ചിതലുകള്‍ അയാളെ തിന്നുന്നതിനെക്കുറിച്ച് അവളോര്‍ക്കുന്നു. അപ്പോള്‍, അനശ്വരമായ ചില അവളോര്‍മ്മകളെച്ചുമന്ന് ഒരാത്മാവ് ദീര്‍ഘദൂര യാത്രായ്ക്കിറങ്ങി. തിരിഞ്ഞുനടത്തങ്ങളെ മാത്രമോര്‍മ്മിച്ച്...

Thursday, 31 December 2015

നീയെന്ന മറുപാതിയിന്നുയിരിലേയ്ക്ക്‌‬

ഇരുട്ടിലെ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ജനാലകള്‍ തുറക്കുന്ന ശബ്ദം... വേനല്‍ പിറുപിറുക്കുന്നു, ഇന്നലെകളെക്കുറിച്ച്... ഇന്നടയുന്നത്, നാളെ ഇന്നലെയാകുന്നൊരു ചിപ്പിയിലേയ്ക്ക് !! ഓര്‍മ്മകള്‍ കൊരുത്ത ചിന്തകള്‍ മണല്‍ത്തരികളില്‍, ഗൂഢലിപികളില്‍ ഒരു കവിതയെക്കോറിയിടുന്നുണ്ട്, വളരെ കയ്യടക്കത്തോടെ നീയില്ലാത്ത എന്റെ പകലുകളെ... ഇരവുകളെ... അകവേവുകളില്‍ മരിച്ച നിന്നെ... എന്നെ...

അസ്തമായമാണ്... ചുവക്കുന്ന പകലില്‍ അകമേ കൊഴുത്തുറഞ്ഞ ഏതോ നിര്‍വികാരതയോടെ നില്‍ക്കുന്ന എനിക്കുള്ളിലേക്ക് മഴക്കാടുകള്‍ക്കൊപ്പം നീ വന്നുനിറയുന്നതുപോലെ...